Monday, October 14, 2013

“I Worry Cost” അഥവാ ‘ഐവറി കോസ്റ്റ്’



“I Worry Cost” അഥവാ ഐവറി കോസ്റ്റ്
sianaammdu@....”
അപരിചിതമായ ഇ-മെയിലില്‍ എന്‍റെ കണ്ണുകള്‍ കുറച്ചേറെ നേരം ഉടക്കി നിന്നു. ജോലിത്തിരക്കൊഴിഞ്ഞ ഒരു സായാഹ്നത്തില്‍, ചില ദിവസങ്ങളുടെ ഇടവേളക്കുശേഷം ഞാനെന്‍റെ ഇ-മെയില്‍ മെസ്സേജുകള്‍ തുറന്നു നോക്കിയതായിരുന്നു. എന്‍റെ ഏതൊരു സുഹൃത്തിനും ഇങ്ങിനെയൊരു ഈ-മെയില്‍ വിലാസം ഉള്ളതായി എനിക്കറിയില്ല. കാമുകിമാര്‍ ഉണ്ടായിട്ടില്ല.  അപ്പോള്‍ ഇതാര് എന്ന ചിന്ത, എന്നെ വേട്ടയാടി. എന്‍റെ കംപ്യൂട്ടര്‍ കഴ്സര്‍, അവിടെയൊന്നുവെച്ച് ക്ലിക്ക് ചെയ്താല്‍ മാത്രം മതി, മെയില്‍ മെസ്സേജ് തുറന്നു വരും. എനിക്കതുവായിക്കാം. അതു മനസ്സിലാക്കാം. സസ്പെന്‍സ്, ഇഷ്ടപ്പെടുന്ന എനിക്ക്, അതെന്തായിരുക്കുമെന്ന് കണ്ടുപിടിക്കാന്‍ തിടുക്കമൊന്നുമില്ല. സുഹൃത്തുക്കളുടെ പേരുകളിലൂടെ, അവരുടെ വിളിപ്പേരുകളിലൂടെയൊക്കെ ഒന്നു സഞ്ചരിച്ച്, എവിടെനിന്നെങ്കിലും ഈ പേര് ഓര്‍ത്തെടുക്കാനുള്ള ശ്രമം സുഖകരമായി തോന്നി.
വളരെ സമയം നഷ്ടപ്പെട്ടതല്ലാതെ, ആ ശ്രമം കൊണ്ട് യാതൊരു പ്രയോജനവും കിട്ടിയില്ല. ഒടുവില്‍ , ഒരു മൌസ് ക്ലിക്ക്. മടിച്ചുമടിച്ചുനിന്ന്, ആ മെയില്‍ മെസ്സേജ് സാവധാനം ദൃശ്യമായിത്തുടങ്ങി. മുകളില്‍നിന്നും താഴേക്ക്, തിരശ്ശീലപോലെ താഴ്ന്നുവന്നുകൊണ്ടിരുന്ന, കറുത്ത പ്രതലത്തിന്‍റെ മറവില്‍നിന്നും മെയില്‍ മെസ്സേജ് തുറന്നു വരികയാണ്.
അര്‍ദ്ധനഗ്നയായ ഒരു ആഫ്രിക്കന്‍ പെണ്കൊടിയുടെ ചിത്രമാണ് ആദ്യം ദൃശ്യമായത്. അവരുടെ തടിച്ച ശരീരഭാഷയും, ചുരുണ്ടുണങ്ങിയ മുടിച്ചുരുളും ഞാന്‍ ഇഷ്ടപ്പെടാറില്ല. തടിച്ച പ്രകൃതത്തിലെ നിമ്നോന്നതങ്ങള്‍ എനിക്ക് അരോചകമാവുകയാണ്. ആ ചിത്രത്തിന്‍റെ താഴെ വികൃതമായ ഇംഗ്ലീഷ് പദങ്ങളില് വാര്‍ത്തെടുത്ത ഒരു കത്തായിരുന്നു.
സര്‍,
ഈയടുത്ത നാളിലാണ്, താങ്കളുടെ ബയോ-ഡാറ്റയും ചിത്രവും ഞാന്‍ കണ്ടത്. 30 വയസ്സ് പ്രായമായിവരുന്ന എനിക്ക്, താങ്കള്‍ അനുയോജ്യനാണെന്നു തോന്നി. ഞാന്‍ ഇവിടെ ഐവറി കോസ്റ്റില്‍ , സെനഗലിലില്‍ ഒരു അഭയാര്‍ത്ഥി കേന്ദ്രത്തിലെ അന്തേവാസിയായിട്ട് പത്തു വര്‍ഷത്തിലേറെയായി. കഷ്ടപ്പാടുകളുടെ അഴുക്കു കൂനകള്‍ക്കു മുകളില്‍ ഞാന്‍ അസ്വതന്ത്രയാണ്. ബയണറ്റും, റോക്കറുകളും ധരിച്ച അഭ്യന്തര യുദ്ധക്കൊതിയന്മാര്‍ ഒരു വശത്ത്, അതിനേക്കാള്‍ ശക്തമായ ആയുധങ്ങളേന്തി, പട്ടാളക്കാര്‍ മറുവശത്ത്. പട്ടിണിക്കോലങ്ങളുടെ വേദനകളും, മരണങ്ങളും കണ്ടു ഞാന്‍ മടുത്തു. പരസ്പരം കടിച്ചു കീറാന്‍ നില്ക്കുന്ന ഇവിടത്തെ തന്നെ അന്തേവാസികളെ എനിക്കു ഭയമാണ്. രാഷ്ട്രീയ വെറളി പിടിച്ച എന്‍റെ സഹോദരന്‍ വെന്തു മരിച്ചത് ഇവിടുത്തെ മണ്ണില് തന്നെയായിരുന്നു. എന്‍റെ മാതാപിതാക്കള്‍ , പുഴുത്തു മരിച്ചത്, ഈ ക്യാമ്പില്‍ കിടന്നാണ്. എന്നും കഴിച്ചു മടുത്ത കുറേ കെട്ട ആഹാരപദാര്‍ത്ഥങ്ങള്‍ ഇപ്പോള്‍ കാണുന്നതേ എന്നില്‍ വെറുപ്പുളവാക്കുന്നു. എനിക്ക് ഇവിടെനിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ഒന്നുമാത്രമാണ്.. ഒരു വിദേശിയുമായുള്ള വിവാഹം. അതിന് ഇവിടെ യാതൊരു തടസ്സങ്ങളുമില്ല. പിന്നീട് ലോകത്തെവിടെയെങ്കിലും സമാധാനപൂര്‍ണ്ണമായ ജീവിതം. ഞാന്‍ അതിനായി പ്രതീക്ഷിക്കുന്നത്, താങ്കളെയാണ്. എത്രയും വേഗം താങ്കളുമായി കൂടിച്ചേരുവാന്‍ ഞാന്‍ കൊതിക്കുന്നു.
                                    സ്നേഹപൂര്‍വ്വം
                                    സയന അമ്മുടു
അപരിചിത ആരെന്ന സംശയും ദൂരികരിക്കപ്പെട്ടു.
ഐവറി കോസ്റ്റ് എനിക്കറിയില്ല. അവിടത്തെ റഫ്യൂജി ക്യാമ്പുകള്‍ എനിക്കറിയില്ല. 2002 ലും 2011 ലുമായി നടന്ന ആഭ്യന്തരയുദ്ധങ്ങള്‍ തകര്‍ത്തുപൊടിച്ച, പഴയ സാമ്പത്തികോദ്യാനം, ഇന്ന് അരാജകത്വത്തിന്‍റെയും പട്ടിണിയുടെയും ചവറ്റുകുട്ടകളായ്ക്കഴിഞ്ഞതായി എവിടെയോ വായിച്ചിട്ടുണ്ട്. ചില മൌസ് ക്ലിക്കുകളിലൂടെ, റഫ്യൂജി ക്യാമ്പിന്‍റെ ചിത്രങ്ങള്‍ തേടി ഞാന്‍ യാത്ര ചെയ്തു.
തകിടുകള്‍ വളച്ചു കൂട്ടിയും, പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടു മേലാപ്പിട്ടും, തകര്‍ന്നടിയാറായ കുറേ കുടിലുകള്‍ . നടുവളഞ്ഞ്, എല്ലുന്തി വെറുതെ കുത്തിയിരിക്കുന്ന ചില കറുത്ത കുട്ടികള്‍ . അവരുടെ കണ്ണില്‍നിന്നും വായിച്ചെടുക്കാനാവുന്ന ദീനതയില്‍ എന്‍റെയും ഉള്ളൊന്നു പിടഞ്ഞു. ഗ്രനേഡുകളും, വെടിക്കോപ്പുകളും താങ്ങി, പട്ടാള യൂണിഫോമില്‍ ചിലര്‍ കാവലിരിക്കുന്നു. ചീത്തകളുടെ കുന്നിന്‍ പറ്റം ചുറ്റുപാടും. ചിലയിടങ്ങളില്‍ കത്തിയെരിഞ്ഞ ഐവറി കോസ്റ്റിന്‍റെ ചില തുണ്ടുകള്‍ . അതൃപ്തിയുടെ മുഖാവരണമിട്ട്, എന്തോ ഭക്ഷണം വാരിക്കഴിക്കുന്ന ചിലര്‍ . വിജനമെന്നു തോന്നുന്ന രാജവീഥികള്‍ . ഇതിനിടയിലും തടിച്ചുകൊഴുത്ത പെണ്‍കുട്ടികളുടെയും, സൂട്ടും കോട്ടുമണിഞ്ഞ ആണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ ഒരു വിരോധാഭാസംപോലെ.
ഈ സമയത്ത്, എനിക്ക് ഒരു ചാറ്റിംഗ് മെസ്സേജ് വന്ന മണിയൊച്ച കേട്ടു. ഐവറികോസ്റ്റും തടിച്ച പെണ്‍കുട്ടികളെയും വിട്ട്, അടുത്ത മൌസ് ക്ലിക്കിലൂടെ, വീണ്ടും ഞാനെന്‍റെ മെയില്‍ പേജില്‍ തിരിച്ചെത്തി.
അടുത്ത ഒരു സുഹൃത്താണ്, ചാറ്റിംഗ് ലൈനില്‍ .
അവന്‍ പറയുന്നു.....
സുഹൃത്തേ, എനിക്ക് അപരിജിതമായ ഒരു മെസ്സേജ്. ഐവറി കോസ്റ്റിലെ ഏതോ റഫ്യൂജി ക്യാമ്പില്‍നിന്ന് ഏതോ പെണ്‍കുട്ടി.
പിന്നീട് അവന്‍ കുറിച്ചിരുന്നതെല്ലാം എനിക്കു വന്ന അതേ മെസ്സേജിന്റെ ഫോട്ടോ കോപ്പിക്കു തുല്യം. പേരില്‍ മാത്രമാണ് മാറ്റം വന്നിട്ടുള്ളത്.
എന്‍റെയും എന്‍റെ സുഹൃത്തിന്‍റെയും മെയില്‍ വിലാസങ്ങള്‍ അവര്‍ക്കെങ്ങിനെ ലഭിച്ചു. ഐവറി കോസ്റ്റിലെ സെനഗലില്‍ ഒരു റഫ്യൂജി ക്യാമ്പ് തന്നെയുണ്ടോ....? പക്ഷേ കുത്തഴിഞ്ഞ ഐവറി കോസ്റ്റ് പ്രസിദ്ധമാണ്. അവിടെ ഇന്നുമുള്ള റഫ്യൂജി ക്യാമ്പുകളും പ്രസിദ്ധമാണ്.
എല്ലാം എന്തേ ഇങ്ങിനെ...
ഒരു മൌസ് ക്ലിക്ക് കൂടി. എന്‍റെ മെയില്‍ പേജ്, പതുക്കെപ്പതുക്കെ മറഞ്ഞുപോയി. അപ്പോള്‍ എന്‍റെ ചിന്ത ഇതായിരുന്നു.
“I Worry Cost” എന്നായിരിക്കുമോ, ആ രാജ്യത്തിന്‍റെ പേര്.
-ഹരി നായര് (24-09-2013)

No comments: