Wednesday, November 04, 2009

അവസാനം എത്തുന്ന വണ്ടി

അവസാനം ആ ഫയലും അടച്ചുകഴിഞ്ഞു.
ചുവന്ന നാടകളില്‍ കുരുങ്ങി കിടന്നിരുന്ന അതിനുള്ളിലേ ആയിരങ്ങളുടെ വര്‍ത്തമാനവും ഭാവിയും ഇനി മോചനം നേടാന്‍ അധികസമയം വേണ്ടിവരുകയില്ലെന്നു അയാള്‍ ആശ്വസിച്ചു. ഒരു ചുടുനിശ്വാസം.

എന്നും ഉണ്ടാകാറുള്ള വിരസമായ ദിനങ്ങളുടെ ഒരു ലാഞ്ചനയും ഇന്നത്തെ ദിവസത്തിനുണ്ടാ‍യതായി തൊന്നിയില്ല. ഊരാ‍ക്കുടുക്കുകളുടെയും, അക്കങ്ങള്‍ പൂര്‍ണ്ണമാകാത്ത സംഖ്യകളുടെയും യാതൊരു അലോസരതയും ഇന്നത്തെ ദിവസത്തില്‍ ഉണ്ടായില്ല എന്നു അയാള്‍ അത്ഭുതപ്പെട്ടു. സമയം കെടുത്തുന്ന സന്ദര്‍ശകരും ഇല്ലായിരുന്നു.

നഗരം നിശ്ശബ്ദമാകുകയായിരുന്നു. പ്രധാനവീഥിയിലെ വളരെ കുറച്ചു വിളക്കുകള്‍ മാത്രമെ അണയാതെ അയാള്‍ക്കുവേണ്ടി കാത്തുനില്‍ക്കുന്നുള്ളു. ചുവരില്‍ ഉറപ്പിച്ചിരുന്ന നാഴികമണി സമയം വളരെ കഴിഞ്ഞതായി അറിയിച്ചു. അയാള്‍ക്കിനി ഗ്രാമത്തി‍ലെ വീട്ടിലേക്കു മടങ്ങാന്‍ അവസാനത്തെ വണ്ടി വരണം. അത് അയാള്‍ക്ക് എപ്പൊഴും സംഭവിക്കാറുള്ള ഒരു തെറ്റുമാത്രമാണു. അതുകൊണ്ട് അതില്‍ പ്രയാസമൊന്നും തോന്നിയില്ല.

മുഷിഞ്ഞു തുടങ്ങിയതെങ്കിലും പതുപതുപ്പു മാറാത്ത കസാലയുടെ എണ്ണപിടിച്ച കുഷ്യനിലേക്ക് അയാള്‍ പതുക്കെ ചാരി. കൈകള്‍ രണ്ടും പിണച്ചുവെച്ച് തലയുടെ പിന്നില്‍ ചേര്‍ത്തുവെച്ചു. എന്നിട്ടു വെറുതെ മുകളിലേക്കു നോക്കി. അവിടെ, മുരണ്ടുകൊണ്ടിരിക്കുന്ന പങ്കയുടെ, തിരിഞ്ഞുകൊണ്ടിരിക്കുന്ന ഇലകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ വെറുതെ ശ്രമിച്ചു. അതിന്റെ ഇലകള്‍ തനിക്കു നിശ്ചയമാണെങ്കിലും ആ പാഴ് ശ്രമത്തില്‍ രസം തോന്നി. നിശ്ചലമായി നില്‍ക്കുന്ന ഒരു ബിന്ദുവില്‍ ഇമവെട്ടാതെ നോക്കിയിരിക്കന്‍ കഴിഞ്ഞാല്‍ സമയത്തിന്റെ നീളം വള്രെ കുറക്കാന്‍ കഴിയുമെന്ന് അയാള്‍ക്കറിയാം. അതുകൊണ്ട് കറങ്ങിക്കൊണ്ടിരിക്കുന്ന പങ്കയുടെ മുഖത്തുണ്ടായിരുന്ന പഴക്കത്തിന്റെ ഒരു വ്ര്ണത്തില്‍ അയാള്‍ കണ്ണുകള്‍ ഉടക്കി നിര്‍ത്തി. കണ്ണുകള്‍ക്ക് ചലനമുണ്ടാകാതിരിക്കാന്‍ അല്പം കഠിന ശ്രമം വേണ്ടിവന്നു. അപ്പോള്‍ കണ്ണുകള്‍ക്ക് നന്നെ ക്ഷീണം തൊന്നി. സ്വയം നഷ്ടപ്പെടുന്നതായി തോന്നിത്തുടങ്ങി.

കഴിഞ്ഞുപോയ വിരസമായ ദിനങ്ങളില്‍ ഒന്നായിരുന്നു അത്. ചുവന്ന നാടക്കുള്ളില്‍നിന്നും വീണുപോയ ഒരു കടലാസ് മുന്നില്‍ കിടന്നിരുന്നു. അതില്‍ നിറച്ചിരുന്ന വിക് ര്തമായ അക്ഷരങ്ങള്‍ക്കിടയില്‍ ‘വ് രിത്തം’ പൂര്‍ത്തിയാകത്ത പൂജ്യങ്ങളും വാല്‍ നഷ്ടപ്പെട്ട ‘ആറു’ കളും, ‘ഒന്‍പതു’ കളും പിന്നെ അറിയാതെ മഷി പുരണ്ട ചില ‘എട്ടു’ കളും ‘മൂന്നു’ കളും അയാളുടെ വഴി മുടക്കി. അര്‍ത്ഥം ഗ്രഹിക്കാനാവാതെ വളരെ നേരം അതില്‍ നോക്കിയിരുന്നുപോയി. അതിലെ അക്ഷരങ്ങളും അക്കങ്ങളും സാവധാനം മാഞ്ഞുപോകുന്ന്തായി അയാള്‍ക്കു തോന്നി. അവസാനത്തില്‍ ഒരു തുള്ളി വെള്ളം വീണുണങ്ങിയ ഒരടയാളത്തില്‍ നിന്നും ഒരു വ് രിദ്ധന്റെ മുഷിഞ്ഞു തുടങ്ങിയ ഒരു രൂപം നടന്നുവരുന്നത് അയാള്‍ക്കു കാണുവാന്‍ കഴിഞ്ഞു. കാലം വ് രിദ്ധന്റെ മുഖത്തും ശരീരത്തും കരിക്കട്ടകള്‍ കൊണ്ടു ചിത്രപ്പണികള്‍ ചെയ്തിരുന്നു. അസഹ്യമായ വേദനയാല്‍ എന്നപോലെ ആ ശരീരം ഇടക്കിടെ വലിഞ്ഞുമുറുകിക്കൊണ്ടിരുന്നു. കണ്ണുകളില്‍ നിന്നും കോപത്തിന്റെ ഭയപ്പെടുത്തുന്ന അഗ്നിനാളങ്ങള്‍ ബഹിര്‍ഗമിച്ചുകൊണ്ടിരുന്നു. വിശപ്പ് ഉദരത്തെ ഞെരിച്ചമര്‍ത്തുന്നുണ്ടായിരുന്നു. പൊട്ടിവിണ്ട കാല്‍ചുവടുകളെ നിലത്തുറപ്പിക്കുവാന്‍ തേഞ്ഞുതുടങ്ങിയ ഒരു വടിയുടെ സഹായം അയാള്‍ തേടിയിരുന്നു. ഉയരുവാന്‍ മടികാണിക്കുന്ന മറുകൈയില്‍ ഒന്നുരണ്ടു കീറനോട്ടുകള്‍ മുറുക്കിപിടിച്ചിരുന്നു. വളരെ ദണ്ഡിച്ച് ആ നോട്ടുകള്‍ നീട്ടിക്കൊണ്ട് അവ്യക്തമായ ഭാഷയില്‍ വ് രിദ്ധന്‍ എന്തോ പറയുവാന്‍ ആരംഭിച്ചു.

അമ്പരന്നുപോയ അയാള്‍ക്ക് മറുപടി പറയുവാന്‍ തന്നെ കഴിയുമായിരുന്നില്ല. ഒരു ആംഗ്യഭാഷയിലൂടെ അയാള്‍ വ് രിദ്ധനെ ഇരിക്കുവാന്‍ ക്ഷണിച്ചു. അതിനെ അവഗണിച്ച് വ് രിദ്ധന്‍ പുലമ്പല്‍ തുടര്‍ന്നുകൊണ്ടിരുന്നു
“അതു ശരിയായോ?”
അര്‍ഥം മനസ്സിലാകാതെ അയാള്‍ അമ്പരന്നു.
“അതു ശരിയായോ?”
“ഏത്?” ഒരുതരത്തില്‍ അയാള്‍ ചോദിച്ചു.
“എന്റെ കടലാസ്.. അത് ഇവിടെ കുരുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് എത്രയായെന്നറിയാമോ? നടന്നുനടന്നു ഞാന്‍ തളര്‍ന്നു...ഞാന്‍ വരുമ്പോഴൊക്കെ അവര്‍ അവധി പറയും...ഞാന്‍ കൊടുക്കുന്നതു വാങ്ങി നന്ദി പറയും..സാര്‍ പുതിയതാണല്ലോ?” വ് രിദ്ധന്‍ കയ്യിലിരുന്ന നോട്ടുകള്‍ നീട്ടിക്കൊണ്ടു വീണ്ടും പുലമ്പി.
“സാര്‍, ഇനി ഇതുമാത്രമെ ഉള്ളു..ഇതു മാത്രം...എനിക്ക് അതൊന്നു ശരിയാക്കി തരണം, അതു കൊണ്ടുകൊടുത്താലെ, അവിടുത്തെ കടലാസ് മറ്റെ അധികാരിക്കു കിട്ടുകയുള്ളു...അദ്ദേഹത്തിന്റെ കുറി കിട്ടിയാലെ എനിക്കു ഭക്ഷണവും മരുന്നും കിട്ടുകയുള്ളു...സാര്‍..സാര്‍..” വ് രിദ്ധന്റെ കണ്ണിലെ അഗ്നിജ്വാലകള്‍ കണ്ണുനീരില്‍ നനഞ്ഞ് അണഞ്ഞു തുടങ്ങുന്നത് അയാള്‍ അറിഞ്ഞു. ഒരു സഹതാപത്തിന്റെ ഭാഷയില്‍ അയാള്‍ പറഞ്ഞു.
“നിങ്ങള്‍ നീട്ടിയത് , നിങ്ങളുടെ കൈകളില്‍ തന്നെയിരിക്കെട്ടെ. ഈ കടലാസ്സില്‍ എഴുതിയിരിക്കുന്നത് എന്താണെന്നു പറയൂ. എന്റെ കഴിവുപോലെ ഞാന്‍ സഹായിക്കാം.”

ആശ്വാസത്തിന്റെ നീര്‍ച്ചോല കണ്ടാലെന്നവണ്ണം വ് രിദ്ധന്‍ അവ്യക്തമായി മന്ദഹസിച്ചു.
“സാര്‍..”
അയാള്‍ വ് രിദ്ധന്റെ ശബ്ദം ഗ്രഹിച്ചെടുക്കുവാന്‍ തയ്യാറായി ഇരുന്നു.

“ഭാരതത്തിന്റെ ഛേദിക്കാത്ത മണ്ണിലായിരുന്നു സാര്‍, ഞാനും എന്റെ കുടുംബവും. ഭാരതം ഛേദിക്ക്പ്പെട്ട ആ രാത്രിയില്‍ ചോരയും നീരും ചിന്തി ഒത്തിരി ഒത്തിരി സഹോദരങ്ങള്‍ പഞ്ചനദികളിലൂടെ ഒഴുകിപ്പോയി സാര്‍... ഒപ്പം ഒത്തിരി സ്വപ്നങ്ങളും. ആ‍ ചോരയിലൂടെ നീന്തിക്കയറി ഞാനിപ്പുറമെത്തുമ്പോള്‍ എന്നെപ്പോലെതന്നെ ഓടിയും കിതച്ചും പലരും ഇവിയെവിടെയൊക്കെയോ ഉണ്ടായിരുന്നു. അവരില്‍ പലരും ഇന്നിപ്പോള്‍ പലയിടത്തായി ജീവിതം കരുപ്പിടിപ്പിച്ചുകഴിഞ്ഞിരിക്കുന്നു സാര്‍...ഞാന്‍ വെറും പൂജ്യമായി...ഞന്‍ കണ്ട ഈ കപടലോകം എന്നില്‍ ഏല്‍പ്പിച്ച പീഡനങ്ങല്‍ എന്നെ രോഗിയാക്കി. ദരിദ്രനാണ് സാര്‍. ഉയരങ്ങളിലിരിക്കുന്ന വലിയ ഡോക്റ്റര്‍മാര്‍ക്ക് ഇതിനു ചികിത്സ നല്‍കാന്‍ സാധിക്കും. പക്ഷെ ഞാന്‍ ഇവിടുത്തെ പൌരനാണെന്നും, ചികിത്സക്ക് അര്‍ഹനാണെന്നും രേഖവേണം സാര്‍. ആ രേഖ ഇവിടെനിന്നും കിട്ടണം. എത്രയും വേഗം.”
വ് രിദ്ധന്‍ വിതുമ്പലടക്കാന്‍ വളരെയേറെ പണിപ്പെട്ടു. പ്രതീക്ഷാനിര്‍ഭരമായി അയാളുടെ മുഖത്തു നോക്കിയിരുന്നു. അയാള്‍ അപ്പോള്‍ ഏതോ ചിന്താലോകത്ത് വിഹരിക്കുകയായിരുന്നു.
“സാധ്യമല്ലേ സാര്‍....?” പ്രതീക്ഷനശിച്ചതുപോലെ വ് രിദ്ധന്‍ പൊട്ടിക്കരഞ്ഞു.
“തീര്‍ച്ചയായും സാധിക്കും.” ആ ശബ്ദം അയാളുടെ മസ്തിഷ്കത്തില്‍ പ്രതിധ്വനിച്ചുകൊണ്ടിരിക്കുമ്പോള്‍,
വ് രിദ്ധരൂപം പലഖണ്ഡങ്ങളായി, അക്ഷരങ്ങളായി, അക്കങ്ങളായി മാഞ്ഞുപോയി.

ചുവപ്പുനാടകളുടെ കെട്ടുകള്‍ അഴിയുമ്പോള്‍ , അമ്പരിപ്പിക്കുന്ന വേഗതയില്‍ ദശാബ്ദങ്ങളുടെ കുറ്റപത്രങ്ങള്‍ മേശപ്പുറങ്ങളില്‍ നിന്നും മേശപ്പുറങ്ങളിലേക്കു പറന്നുപോയിക്കൊണ്ടിരുന്നു. അവ ജീവന്‍ തുടിക്കുന്ന ഫയലുകള്‍ക്കുള്ളില്‍ ശാന്തരായിരുന്ന് നാളത്തെ പ്രഭാതം സ്വപ്നംകാണുമ്പോള്‍ അയാളുടെ മുഖത്ത് ചാരിതാര്‍ത്ഥ്യത്തിന്റെ വെണ്‍പുഞ്ചിരി വിരിഞ്ഞു. അതിനു മേലാപ്പിട്ടുകൊണ്ടു ആ മുഖത്ത് വളഞ്ഞവരകള്‍ തെളിഞ്ഞുവന്നു. ഇതാ ഇപ്പോള്‍ അവസാനത്തെ ഫയലും വെളിച്ചംതേടി യാത്രയാകുവാന്‍ തയ്യാറായിക്കഴിഞ്ഞു. ഇക്കാ‍ലമത്രയും അയാള്‍ പകലുകളും സായന്തനങ്ങളും അറിയുന്നുണ്ടായിരുന്നില്ല.
ഇനി...ഇനി... തനിക്കിവിടെ എന്താണൊരു ജോലി? ഈ സംശയം അയാളില്‍ ഉടലെടുക്കവെ പുറത്തൊരു കൊള്ളിയാന്‍ മിന്നി. രാജവീഥിയില്‍ ശേഷിച്ചിരുന്ന ബാക്കി വിളക്കുകളും അണഞ്ഞുപോയി. ഓഫീസു മുറിയില്‍ കത്തിനിന്നിരുന്ന ബള്‍ബ് പെട്ടെന്നു മങ്ങി. സീലിങ്ങില്‍ നിന്നും എങ്ങിനെയോ കാലുതെറ്റിയ ഒരു ചിലന്തി അയാളുടെ ശരീരത്തില്‍ വന്നു വീണു. പെട്ടെന്നു ഞെട്ടിയ അയാള്‍ ഫാനിന്റെ മുഖത്തെ വടുവില്‍നിന്നും കണ്ണു പറിച്ച് ക്ലോക്കിലേക്കു നോക്കി. അതിലെ സൂചികള്‍ അപ്രത്യക്ഷമായിരിക്കുന്നു.
“വണ്ടി എത്താറായോ...?”
അയാള്‍ പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ കതകുപാളികള്‍ മെല്ലെ തുറന്ന് ആ പഴയ വ് രിദ്ധന്‍.
വ് രിദ്ധന്റെ മുഖത്ത് സന്തോഷത്തിന്റെ നെയ്ത്തിരി കത്തി നിന്നിരുന്നു. മുഖമാ‍കെ പ്രകാശം പരന്നിരുന്നു. അയാളുടെ പ്രതികരണ്ത്തിനു കാത്തുനില്‍കാതെ വ് രിദ്ധന്‍ സ്ഫുടമായി പറഞ്ഞു.
“സാര്‍, സാര്‍ പ്രതീക്ഷിക്കുന്ന ആ വണ്ടി ഇന്നുണ്ടാകുമെന്നു തോന്നുന്നില്ല. ഞാന്‍ ഒരു വാടകവണ്ടി കൊണ്ടുവന്നിട്ടുണ്ട് . സാറിനു ബുദ്ധിമുട്ടില്ലെങ്കില്‍ നമുക്കതില്‍ പോകാം. എനിക്കും ആ വഴിക്കുതന്നെയാണു പോകേണ്ടത്. “
മറുത്തൊന്നും പറയാതെ അയാള്‍ വ് രിദ്ധന്റെകൂടെ പുറത്തേക്കിറങ്ങി.
അവിടെ താഴെയായി ഒരു വണ്ടി. മനോഹരമായ പട്ടുതോരണങ്ങള്‍കൊണ്ടൊന്നും അലങ്കരിച്ചിട്ടില്ലെങ്കിലും പഴമയുടെ ഒരു ഗാംഭീര്യം ആ വണ്ടിക്കുണ്ടായിരുന്നു. പാര്‍പ്പിടത്തില്‍ തിരിച്ചെത്താനുള്ള ആര്‍ത്തിയോടെ അയാള്‍ അതില്‍ കയറി ഇരുന്നു. വ് രിദ്ധന്‍ തെളിച്ച വഴിയിലൂടെ പ്രൌഢിയില്‍ വണ്ടി നീങ്ങിത്തുടങ്ങി.
“സാര്‍, ആ കടലാസ്സ് ശരിയായി സാര്‍.” വ് രിദ്ധന്‍ ചാരിതാര്‍ഥ്യത്തോടെ പറഞ്ഞു.
“നല്ലത്.” അയാള്‍ മറുപടി നല്‍കി.
ചാരുതവഴിയുന്ന കമാനം അവര്‍ക്കായി തുറന്നുകിടന്നിരുന്നു. അകത്തേക്കു നീണ്ടുപോകുന്ന വിശാലമായ വഴിത്താരയില്‍ ചുവപ്പുകമ്പളം വിരിച്ചിരുന്നു. നാലുചുറ്റിലും നിന്ന് മധുരസംഗീതത്തിന്റെ മ് രിതുസ്പര്‍ശം അനുഭവപ്പെടുന്നുണ്ടായിരുന്നു. പുതിയ ഒരു ലോകം അയാള്‍ക്കുമുന്നില്‍ തുറന്നിരുന്നു. ആയിരമായിരം സാധുതപ്രായരുടെ ലാസ്യവും സംഗീതവും അവിടെ നിറഞ്ഞുനിന്നിരുന്നു. ഒരു വരവേല്‍പ്പിന്റെ ഭാവപ്രകടനങ്ങള്‍പോലെ.
അയാള്‍ സ്വയം മറന്നു.
തനിയെ അലിഞ്ഞു.
ദൂരെ ദൂരെ നിന്ന് ഒരു മാസ്മരികപ്രകാശം അയാളുടെ പാതയില്‍ പതിച്ചുകൊണ്ടിരുന്നു. പതുക്കെ പതുക്കെ സംഗീതത്തിന്റെ അലയൊലികള്‍ അയാളില്‍നിന്നകന്നുപോയി. ഒടുവില്‍ നടപ്പാതയില്‍ അയാള്‍ ഒറ്റക്കായി.
തികച്ചും ഒറ്റക്ക്.

Friday, October 16, 2009

നിഴലുകള്‍...നിറഭേദങ്ങള്‍...

കണ്ണാ‍ടി ജനാലയില്‍ നിഴലുകള്‍ ബഹുരൂപികളായി ഉലഞുകൊണ്ടിരുന്നു. നിര്‍ജീവമായ നിശ, രണ്ടു യാമങളെ പെറ്റിരുന്നു. ഏകാന്തത തനിക്കു കൂട്ടെന്നറിഞപ്പോള്‍ പെണ്‍കുട്ടി അറിയാതെ ഭയപ്പെട്ടു. യെക്ഷിക്കഥകളും, പ്രേതകതകളും പറഞുതന്നിട്ടുള്ള മുത്തശ്ശി, ഇന്നു അരൂപിയായി നടക്കുകയാണെങ്കിലും, ആ കഥകളിലെ ഭീകരരൂപികള്‍ പെണ്‍കുട്ടിയുടേ മനസ്സില്‍നിന്നും മാഞ്ഞിരുന്നില്ല.

വെള്ളിയാഴ്ച രാത്രികളില്‍, തലമുടി ചിതറിയിട്ട് ചുവപ്പു നാവു നീട്ടി ഗര്‍ബ്ഭിണികളെ തേടി അലയുന്ന യെക്ഷികള്‍ ഗതികിട്ടാത്ത ആത്മാവുകളാണത്രേ. അവര്‍ക്കു ഗര്‍ഭസ്ഥ ശിശുവിനെയാണു വേണ്ടതു. ഗര്‍ഭിണി അറിയാതെ തന്നെ ഗര്‍ഭത്തെ അവള്‍ ഭക്ഷിക്കുമത്രേ!

പെണ്‍കുട്ടിയുടെ കാല്‍നഖത്തില്‍നിന്നു ഒരു പെരുപ്പു ഉയര്‍ന്നു പൊങി, തലച്ചൊറിലേക്കു വ്യാപിക്കുകയായിരുന്നു.

പെട്ടെന്നവള്‍ ഒര്‍ത്തു...
ഇന്നു വെള്ളിയാഴ്ചയാണു... താന്‍ ഗര്‍ഭിണിയാണു..
അവളുടെ കണ്ണുകള്‍ ഭയംകൊണ്ടു തുറിച്ചു...
അവളുടെ ഞരംബുകള്‍ ഭയംകൊണ്ടു വലിഞ്ഞുമുറുകി.
ആ പരിഭ്രാന്തിയില്‍ അവള്‍ ജനാലയുടേ നേരേ നൊക്കി..അപ്പൊള്‍..

ജനല്പാളികള്‍ക്കു വെളിയില്‍ ഒരു നിഴല്‍ വളര്‍ന്നു വരുകയായിരുന്നു...അവയ്ക്കു ചിറകുകള്‍ വെച്ചു..അതിനു മുകളീലൂടേ കറുത്തു നീണ്ട തലനാരുകള്‍ പാറിക്കിടന്നു..അതിനു രൂപഭേദം വന്നു...ചുവന്നുതുറിച്ച രണ്ടു കണ്ണുകള്‍...അതിനല്പം താഴേ ചുവന്നുനീണ്ട നാവു...

“അയ്യൊ..”

ആ ശബ്ദം ജനല്‍ചില്ലുകളില്‍ തട്ടി പ്രതിധ്വനിച്ചു....പെണ്‍കുട്ടി പിന്നൊട്ടു മറിഞ്ഞു..

അപ്പൊഴും ജനല്‍ച്ചില്ലില്‍ ഒന്നും അറിയാതെ നിഴുലകള്‍ അനങ്ങിക്കൊണ്ടിരുന്നു...നിരുപദ്രവിയായി..