Monday, October 14, 2013

ചൂതാട്ടം



ചൂതാട്ടം
 വിശദമായ ഒരു ചേദ്യം ചെയ്യലിന്റെ ആവശ്യമൊന്നുമില്ല, ഇന്സ്പക്ടര്‍  മുകുന്ദ്...അതു ചെയ്തതു ഞാന്‍  തന്നെയാണ്, പൂര്ണ്ണ ബോധത്തോടെ....തികഞ്ഞ തൃപ്തിയോടെ.
ചില ചോദ്യങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്ന ഇന്സ്പക്ടര്‍ മുകുന്ദിനോട് സധൈര്യം മറുപടി പറഞ്ഞത്, ഇരുമ്പുദണ്ഡിനടിയേറ്റ്, തലച്ചോര്‍ ചിന്തിയ അനുരുദ്ധിന്റെ ഭാര്യ, അമരാവതി തന്നെ. ഒരു കുറ്റ ബോധത്തിന്‍റെ യാതൊരു ലാഞ്ഛനയും, അവരുടെ മുഖത്തുനിന്നും വായിച്ചെടുക്കുവാന് ഇന്സ്പക്ടര് മുകുന്ദിന് കഴിഞ്ഞില്ല. ആ ഒരു സാഹചര്യത്തില് ആരും ചെയ്തുപോകാവുന്ന ഒരു കുറ്റം. തന്റെമകള്ക്കു വിലപറഞ്ഞ പിതാവിനോട്, സ്നേഹമയിയായ മാതാവിനു തോന്നിയ വൈരം. അല്ലാതെ മറ്റൊന്നും അതിലില്ല.
ഇനിയെന്താണവരോടു ചോദിക്കേണ്ടത്, അഥവാ ഇനിയെന്തിനാണ് ചോദിക്കുന്നത്. അവര്ക്കെതിരെ കേസ് ഫയല്‍ ചെയ്യാനും, നിയമനടപടികളുമായി മുന്നോട്ടുനീങ്ങുവാനും, കൂടുതല് തെളിവിന്റെ ആവശ്യങ്ങള്തന്നെയുണ്ടോ... എല്ലാ തെളിവുകളും അവര് നേരിട്ട് ഹാജരാക്കിയിരിക്കുകയും ചെയ്ന്നു.  ഈ കുറ്റ സമ്മതങ്ങളൊന്നും കോടതിയുടെ മുന്നിലും അവര് മറച്ചുവെയ്ക്കുകയൊന്നുമില്ല. നിങ്ങള്ക്കൊരു വക്കീലുണ്ടോ എന്ന ചോദ്യത്തിനുപോലും, അവര് പറഞ്ഞ മറുപടി, അങ്ങിനെയൊരു മദ്ധ്യവര്ത്തിയെ തനിക്കാവശ്യമില്ലെന്നത്രേ. അപ്പോള് അവര്ക്കിനി മുന്പിന് ആലോചിക്കുവാന് ഒന്നുമില്ല. ഒരേയൊരു മകള്, ഫാനിന്റെ ഹുക്കിലാടിയാടിയാടി ലോകം വിട്ടു. അതിനുകാരണക്കാരനായ അവളുടെ ജന്മദാതാവ്, ഒരിരുമ്പുദണ്ഡിന്റെ താഡനത്തില്, ചത്തുമലച്ചു. രക്തക്കറ പുരണ്ട അളകനന്ദയുടെ കൈകളുടെ അറപ്പ് തീര്ന്നു കഴിഞ്ഞിരുന്നു. താന് ചെയ്ത ഒരു നല്ല കാര്യമെന്നു വിശ്വസിക്കുന്ന തന്റെ ക്രിയയില്, അവര് ആത്മസംതൃപ്തയായി. ഇനി അവര്ക്കൊന്നുമില്ല. മരണവും ജീവിതവും തുല്യം തന്നെ.
അനന്തര നടപടികള്ക്കായി കോടതിയിലെത്തിയ അവരെ കുറ്റ പത്രം വായിച്ചു കേള്പ്പിച്ച് കോടതി ചോദിച്ചു...
ഇതിനെപ്പറ്റി എന്തു പറയുന്നു...
എല്ലാം സത്യം
നിങ്ങള് ചെയ്തത് ഒരു നല്ല പ്രവര്‍ത്തിയെന്നു നിങ്ങള് വിശ്വസിക്കുന്നുവോ.....
ഞാന് ചെയ്ത ഏറ്റവും നല്ല കാര്യം എന്നു ഞാന് വിശ്വസിക്കുന്ന കാര്യം..
ജയില്‍വാസമോ, തൂക്കുമരം തന്നെയോ നിങ്ങള്ക്കു ലഭിക്കാമെന്ന സത്യം നിങ്ങള്ക്കറിയാമോ....
കഴിയുമെങ്കില് ബഹുമാനപ്പെട്ട കോടതി, ജയില്‍വാസം ഒഴിവാക്കിത്തരിക...
നിങ്ങളുടെ വക്കീലാരാണ്....
അങ്ങിനെയൊരു മദ്ധ്യവര്ത്തി എനിക്കാവശ്യമില്ല...
തുടര്ന്ന് ഇന്സ്പക്ടര് മുകുന്ദിനോട് ബോധിപ്പിച്ച എല്ലാ കാര്യങ്ങളും ഒന്നുപോലും തിരുത്തുകയോ വിട്ടുകളയുകയോ ചെയ്യാതെ, അമരാവതി കോടതിയില് ബോധിപ്പിച്ചു. അവിടെ പ്രോസിക്യൂഷന്റെ ചോദ്യങ്ങള്പോലും അപ്രസക്തമായിരുന്നു. തലച്ചോറിന്റെ അംശങ്ങള് ഉണങ്ങിപ്പിടിച്ച ഇരുമ്പുദണ്ഡ് അവര് നേരിട്ടു ഹാജരാക്കിയിരുന്നു. തന്റെ കൈകളില് പറ്റിപ്പിടിച്ച രക്തത്തുള്ളികളെ തുടച്ചുനീക്കുവാന്‍ ഉപയോഗിച്ച പഴയൊരു തുണിക്കഷ്ണം കൂസലെന്യോ അവര് കോടതിയില് പ്രദര്ശിപ്പിച്ചു. മകള്‍ക്കു വിലപേശി അവളുടെ അച്ഛന് വാങ്ങിക്കൂട്ടിയ പണക്കെട്ടുകള് അവര് കോടതിയെ ഏല്പ്പിച്ചു. ഒറ്റ ദിവസം കൊണ്ട് വാദവും, തെളിവെടുപ്പുകളും അവസാനിപ്പിച്ച്, ബഹു. കോടതി, വിധി പറയുവാന് അവധി വെച്ചു.
പതുക്കെ, വിധി ദിനം എത്തി. വിധിയുടെ പ്രസക്ത ഭാഗങ്ങള്‍  ബഹുമാനപ്പെട്ട ജഡ്ജിവായിച്ചു...
കോടതിയെ ഇരുത്തിച്ചിന്തിപ്പിച്ച ഈ കേസ്, വിധി കൈകാര്യം ചെയ്യേണ്ടതെങ്ങിനെയെന്നുള്ള ഒരു വിഷമസന്ധിയില് വരെ ഒരുനിമിഷം കോടതിയെ എത്തിച്ചു. അവര്‍ പറഞ്ഞതും, ലഭിച്ചതുമായി തെളിവിന്റെ അടിസ്ഥാനത്തില്, അച്ഛന്‍ മകളെ പീഡനങ്ങള്ക്കു വിധേയമാക്കിക്കൊണ്ടിരിക്കുന്ന കാഴ്ച, അവളുടെ സ്വന്തം മാതാവ് കാണാനിടയാകുകയും, അവരെ വേദനപ്പിക്കുകയും, ചെയ്ത ഒരു ഘട്ടത്തില് ആരും ചെയ്തുപോകുന്നതായ ഒരു കര്മ്മം മാത്രമാണ്, പ്രതി ചെയ്തിട്ടുള്ളത്. എന്നാല് അവര് കുറ്റവാളിയല്ലാതാകുന്നുമില്ല. ഈയൊരു സാഹചര്യത്തില്, അവര്ക്ക് കുറഞ്ഞ ശിക്ഷയായ, 5 വര്ഷം വരെയുള്ള ജയില്‍വാസം മാത്രമാണ്, കോടതി നിശ്ചയിക്കുന്നത്.
അളകനന്ദ, പൊട്ടിക്കരയുകയോ, മുഖം താഴ്തി നില്ക്കുകയോ ചെയ്തില്ല. പോലീസുകാര്ക്കൊപ്പം, വലിയ ജയിലിലേക്കു മാറ്റപ്പെടുമ്പോള്, അവര് പതറിയുമില്ല. അപ്പോഴും അവരുടെ ചുണ്ടുകളില്, ആത്മസംതൃപ്തിയുടേതാകാം, ഒരു ചെറുപുഞ്ചിരി വിടര്ന്നു നിന്നിരുന്നു.
അഞ്ചുവര്ഷങ്ങള്ക്കുശേഷം കുറ്റവിമുക്തയാക്കപ്പെടുമ്പോള്, തന്നെ കാത്തിരിക്കുന്നതും, ഇനിയൊരാള്‍ അവകാശമുന്നയിക്കാന് എത്താതിരിക്കുകയും ചെയ്യുന്ന അളവറ്റ സ്വത്തുക്കളുടെ കൂമ്പാരം, അവരുടെ വൃത്തികെട്ട കണ്ണുകളെ മൂടിക്കളഞ്ഞിരുന്നത്, നിയമപാലകരോ, കാഴ്ചക്കാരോ കണ്ടതേയില്ല.
-ഹരി നായര് (26-06-2013)

ദേവേന്ദ്രന്റെ വജ്രായുധം (പുരാണം)



ദേവേന്ദ്രന്റെ വജ്രായുധം   (പുരാണം)
ഭൂലോകം മുഴുവന്‍ തന്‍റെ അധികാരസാമ്രാജ്യത്തിലൊതുക്കി, നീചനായ വൃത്രാസുരന്‍ താണ്ഡവമാടുകയായിരുന്നു. ജ്ഞാനികളേയും സന്യാസിവര്യന്‍മാരേയും മുനീന്ദ്രരേയും കൊന്നൊടുക്കി, അയാള്‍ വിജയഭേരി മുഴക്കികൊണ്ടിരുന്നു. അല്‍പായുസ്സുകളായ മനുഷ്യര്‍ , ദേവേന്ദ്രനെ ഭജിച്ച് രക്ഷക്കായി കേഴുകയും, ദേവേന്ദ്ര പ്രസാദത്തിനായി യാഗങ്ങളും ഹോമങ്ങളും കഴിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതുകണ്ട ദേവേന്ദ്രന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. ഒടുവില്‍ ദേവന്‍മാരും, ദേവേശനും ഒന്നിച്ച് ബ്രഹ്മദേവനെ കാണുവാന്‍ തീര്‍ച്ചയാക്കി.
നളിനാരൂഢനായ ബ്രഹ്മദേവന്‍റെ സവിധത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. ഭൂമിയില്‍ വൃത്രാസുരന്‍റെ ആസുരത്വം നടമാടുകയാണെന്നും, ഇക്കണക്കിനുപോയാല്‍ , പിന്നീട് ദേവകളേയും ദേവലോകത്തെ പോലും വൃത്രാസുരന്‍ ചാമ്പലാക്കിക്കളുയുമെന്നും ഉണര്‍ത്തിച്ചു.
ഇതു കേട്ട ബ്രഹ്മദേവന്‍ പറഞ്ഞു. 
വൃത്രാസുരന്‍റെ അകൈതവമായ ശക്തിയെക്കുറിച്ചോ, അവനെ നിഗ്രഹിക്കാനുള്ള മാര്‍ഗ്ഗത്തേക്കുറിച്ചോ, ഞാന്‍ അജ്ഞനാണ്. അതിനെ അറിയുവാനുള്ള, മാര്‍ഗ്ഗങ്ങള്‍ , ഭൂലോകത്തുള്ള മഹാമുനികളില്‍ ആര്‍ക്കെങ്കിലും പറഞ്ഞുതരുവാന്‍ കഴിയുമായിരിക്കാം. നിങ്ങള്‍ ഭൂമിയിലേക്കു പോകുക.
തല്‍ക്ഷ‍ണം ദേവകളും ദേവരാജനും, ഭൂമിയിലേക്ക് പ്രയാണം ചെയ്തു. പല മഹര്‍ഷിവര്യന്‍മാരെയും ചെന്നു കണ്ടു. അവരുടെയെല്ലാം മറുപടി ഇതുമാത്രമായിരുന്നു...
മഹാനായ ഒരു മുനിയുടെ നട്ടെല്ലില്‍ നിന്നുമാത്രം സൃഷ്ടിക്കുവാനാകുന്ന ഒരു മഹാ ശസ്ത്രമത്രേ, വജ്രായുധം... അത് അവന്‍റെ പൂര്‍ണ്ണ സമ്മതത്തോടെയും അറിവോടെയും മാത്രം ലഭ്യമാക്കേണ്ടതുമാകുന്നു. അങ്ങനെയുണ്ടാകുന്ന വജ്രായുധത്തിനുമാത്രമേ,  വൃത്രാസുരനെ കൊല്ലാനുള്ള ശക്തി ഉണ്ടാകുകയുള്ളു.... ദധീചന്‍ എന്ന മുനി അതീവ ദാനശീലനാണ്... പക്ഷെ നട്ടെല്ലു ചോദിച്ചുചെല്ലുന്ന ഒരുവനോട്, മുനിശ്രേഷ്ഠനായാലും എങ്ങിനെയാവും പ്രതികരിക്കുക എന്ന് നമുക്കു പറയാവതല്ലല്ലോ....
ഒന്നിനും തീരുമാനാകാതെ ഇന്ദ്രന്‍ വിഷണ്ണനായി. പലതവണ ആലോചിച്ചപ്പോള്‍ ഒരു വഴി മനസ്സില്‍ ഉരുത്തിരിഞ്ഞുവന്നു. തന്‍റെ കൈകളിലുള്ള സകല ആയുധങ്ങളും ഉപയോഗിച്ച് വൃത്രാസുരന്‍റെ കിങ്കരന്മാരെ കൊന്നൊടുക്കിയ ഇന്ദ്രന്‍ , അവശേഷിക്കുന്ന ആയുധങ്ങളുമായി, നദീതീരങ്ങളിലും മററു ശാന്തപ്രകൃതിയിലും വിഹരിക്കുന്നവനും വിജ്ഞാനഭണ്ഡാകാരവുമായ ദധീചന്‍ എന്ന മുനിയുടെ അടുത്തെത്തി. അദ്ദേഹം മത്സ്യങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണം വിതറിക്കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. അവ നിര്‍ഭയരായി മുനിയുടെ പാദങ്ങളില്‍ തൊട്ടുരുമ്മി നിന്നു. പ്രസന്നനായ മുനിയുടെ സമീപത്തുചെന്ന് ദേവേന്ദ്രന്‍ പറഞ്ഞു-
ദേവേന്ദ്രനായ ഞാന്‍ , അങ്ങയെ പ്രണമിക്കുന്നു. വൃത്രാസുര നിഗ്രഹാര്‍ത്ഥം, ഭൂമിയിലെത്തിയ ഞാന്‍ , അവന്‍റെ സഹസ്രപറ്റം കിങ്കരന്മാരെ കൊന്നൊടുക്കി. ഇപ്പോള്‍ അനിവാര്യമായ ആയുധങ്ങള്‍ക്കു കുറവു വന്നിരിക്കുന്നു. തത്കാലം ഞാന്‍ ദേവലോകത്തേക്കു പോകുകയാണ്... ഇനിയും അവശ്യ ശസ്ത്രങ്ങളുമായി ഞാന്‍ വൈകാതെ മടങ്ങിയെത്താം... അതുവരെ, മുനീന്ദ്രനായ അങ്ങ്, ഈ ആയുധങ്ങള്‍ കുറച്ചുകാലം സൂക്ഷിക്കണം.
നിര്‍ന്നിമേഷനായി നിന്ന് അപേക്ഷ ശ്രവിച്ച മുനീന്ദ്രന്‍ , അങ്ങിനെയാവട്ടെയന്ന് സമ്മതിച്ചു. ദേവേന്ദ്രന്‍ തത്കാലം ദേവലോകത്തേക്കു മടങ്ങിപ്പോയി.
കാലങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും ദേവേന്ദ്രന്‍ മടങ്ങിയെത്തിയില്ല. സഞ്ചാരിയായ ദധീചന്, മറ്റൊരു യാത്രക്ക് സമയമാവുകയും ചെയ്തു. ഇനി ദേവേന്ദ്രനെ കാത്തിരുന്നിട്ടു കാര്യമില്ല.... എന്നാല്‍ , ആയുധങ്ങള്‍ ഉപേക്ഷിച്ച് പോകാനും കഴിയുകയില്ല. ഇങ്ങനെ കരുതി, ദധീചമുനി താന്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ മുഴുവന്‍ അരച്ചുകലക്കി പാനീയമാക്കി, അതിനെ സേവിച്ചു, തുടര്‍ന്ന് യാത്ര പുറപ്പെട്ടു.
അലഞ്ഞു തിരിഞ്ഞ്, മറ്റൊരു ശാന്തപ്രദേശത്തെത്തിയ ദധീചനെ പിന്തുടര്‍ന്ന ദേവേന്ദ്രന്‍ പരിക്ഷീണനായി ഭാവിച്ച് മുനിയുടെ അടുത്തെത്തി, താന്‍ ഏല്‍പ്പിച്ചുപോയ ആയുധങ്ങള്‍ തിരികെ തന്നാലുമെന്ന് അര്‍ത്ഥിച്ചു.
ദധീചന്‍ പറഞ്ഞു...
അങ്ങയെ കാത്തിരുന്ന് കാലംകഴിച്ച എനിക്ക്, മറ്റൊരു യാത്രക്ക് സമയമായിരുന്നു. അങ്ങ് എത്തിയുമില്ല. നിര്‍ഭാഗ്യമെന്നുപറയട്ടെ, ഉപേക്ഷിച്ചു പോകാനാകാത്ത ആയുധങ്ങള്‍ അരച്ചുകലക്കി ഞാന്‍ സേവിക്കുകയും ചെയ്തു. ഇപ്പോള്‍ അത്, എന്‍റെ മജ്ജയിലും മാംസത്തിലും അസ്ഥിപഞ്ജരത്തിലും ലയിച്ചുചേര്‍ന്ന്, അവയെ ബലപ്പെടുത്തിയിരിക്കും. അങ്ങാകട്ടെ, നോക്കുവാനേല്‍പ്പിച്ച മുതല്‍ അവശ്യപ്പെടുകയും ചെയ്യുന്നു. അതു മടക്കിത്തരുവാന്‍ ഞാന്‍ ബാദ്ധ്യസ്ഥനുമാണ്. ഇനി ഒന്നേ വഴിയുള്ളു... അങ്ങ് എന്‍റെ ജീവനെ മോചിപ്പിച്ച്, മൃതത്തില്‍നിന്നും അവ ഊരിയെടുത്തുകൊള്ളുക...
ദേവേന്ദ്രന്‍റെ ഉള്ളില്‍ ഒരു പുഞ്ചിരി ജനിച്ചു.
അല്ലയോ മുനിവര്യാ.... അങ്ങയുടെ ജീവനെ മോചിപ്പിക്കുവാന്‍ ഞാനാളല്ല.... എന്നാല്‍ , ഇപ്പോഴത്തെ ഈ വൈതരണിയില്‍ , എനിക്ക് ആ ആയുധങ്ങള്‍ ആവശ്യം വന്നിരിക്കുകയുമാണ്.....
ഇതുകേട്ട് ദധീചന്‍ വിഷണ്ണനായി.... താന്‍ ചെയ്തതു തെറ്റായിപ്പോയി... അതിനു പ്രായശ്ചിത്തം ചെയ്തേ പറ്റൂ.. സ്വയം അഗ്നിയില്‍ ദഹിക്കുക മാത്രമാണ് പ്രതിവിധി... ഇപ്പോള്‍ വജ്രതുല്യമായിത്തീര്‍ന്നിരിക്കാവുന്ന തന്‍റെ അവയവങ്ങള്‍ ആ അഗ്നിയില്‍ ദഹിക്കുകയുമില്ല....
അനന്തരം, ദധീചന്‍ , അഗ്നികൂട്ടി പ്രാണത്യാഗം ചെയ്തു...
     ദേവേന്ദ്രനും ദേവന്മാരും ചേര്‍ന്ന് ആ ഭൌതികശരീരത്തില്‍ നിന്നും ദധീചന്‍റെ വജ്രതുല്യമായ നട്ടെല്ല് വേര്‍പെടുത്തിയെടുക്കുകയും, അതുകൊണ്ട് മഹത്തായ ഒരായുധം സൃഷ്ടിക്കുകയും ചെയ്തു. വജ്രായുധമെന്ന ഈ ആയുധമുപയോഗിച്ച്, വൃത്രാസുര നിഗ്രഹം സാദ്ധ്യമാകുകയും, ഭൂമിയില്‍ സമാധാനം സ്ഥാപിക്കുകയും ചെയ്തിട്ട് ദേവേന്ദ്രന്‍ സുരലോകത്തേക്കു മടങ്ങിപ്പോയി. മറ്റാര്‍ക്കും തടുക്കുവാനാകാത്ത വജ്രായുധം, ദേവേന്ദ്രന്‍ തന്‍റെ ആയുധമാക്കി, മറ്റനേകം യുദ്ധങ്ങളില്‍ ഉപയോഗിക്കുകയും വിജയിക്കുകയും ചെയ്തു. 
- ഹരി നായര്‍  (04-09-2013)    


ഋജുരേഖകള്‍ (കൊച്ചുകഥ)



ഋജുരേഖകള്‍   (കൊച്ചുകഥ)
അശാന്തിയുടെ വാല്മീകം അയാളെ പൊതിഞ്ഞിരുന്നു.
പതഞ്ഞൊഴിഞ്ഞ വൈന്‍ കുപ്പിക്കും, വിഷം തുപ്പിയ സിറിഞ്ചിനും സമീപം, മയങ്ങിക്കിടക്കുന്ന തന്‍റെ മകള്‍... ഒരു പരിചാരകനെപ്പോലെ, അവിടം മുഴുവന്‍ വൃത്തിയാക്കുകയും, അവളുടെ ചെരുപ്പുകള്‍ അഴിച്ചുമാറ്റുകയും ചെയതിട്ട്... താങ്ങിയെടുത്ത് കിടക്കയില്‍ കിടത്തേണ്ടിവന്ന പിതാവ്...
ചളിഞ്ഞു കിടന്ന വയല്‍വരമ്പിലുടീയെ, ഓണത്തുമ്പിക്കു പിന്നാലെ പാഞ്ഞു പോകുമ്പോള്‍, കാല്‍തെറ്റി ചളിവെള്ളത്തില്‍ വീണ തന്നെ നോക്കി കൈകൊട്ടിച്ചിരിച്ച പെണ്‍കുട്ടി. ചളിയില്‍ നിന്നും എഴുനേറ്റുവന്ന തന്നക്കണ്ട്, പൂതം എന്നുപറഞ്ഞ് ഭയന്നോടിയ പെണ്‍കുട്ടി. തനിക്കൊപ്പം ഉണ്ടും ഉറങ്ങിയും, സ്നേഹസ്പര്‍ശത്തിന്റെ ആര്‍ദ്രതയോടെ തന്നെ അച്ഛാ എന്നു വിളിച്ചിരുന്ന പെണ്‍കുട്ടി. അമ്മയുടെ അ‍സ്‍തികളുറങ്ങുന്ന കല്‍ത്തറവരെ, തന്നോടൊപ്പം വന്നു വിളക്കുവെച്ച്, ഞാനമ്മയോട് പിണക്കമാ എന്നു പുലമ്പിയിരുന്ന പെണ്‍കുട്ടി.
അവള്‍ക്കിതെന്താണു പറ്റിയത്...
പൂര്‍ണ്ണമാകാത്ത നിദ്രയില്‍ ഒരു സ്വപ്നപഥത്തിലൂടെ, ഒരാള്‍ ഇന്നലെ തന്നെ തേടിയെത്തിയിരുന്നു. തന്‍റെ ഭാര്യ. വെറും രണ്ടു വര്‍ഷത്തെ ദാമ്പത്യത്തില്‍, തനിക്കൊരു പെണ്‍കുഞ്ഞിനെ നല്‍കി, ഒരു മഞ്ഞിന്‍ കണം പോലെ മറഞ്ഞുപോയ തന്‍റെ ഭാര്യ... അവള്‍ തന്നെ നോക്കി പുഞ്ചിരിച്ചു... തന്‍റെ ശരീരം കെട്ടിപ്പുണര്‍ന്നു‍... അധരങ്ങളമര്‍ത്തി ചുംബിച്ചു.. എന്നിട്ട് അതേ മഞ്ഞിന്‍  തുള്ളിപോലെ, അവ്യക്തതയില്‍ ലയിച്ചു ചേര്‍ന്നു. ആ നിമിഷങ്ങളിലൊന്നും അവള്‍ ജന്മം നല്കിയ തങ്ങളുടെ മകളെക്കുറിച്ച് ഒന്നും ചോദിച്ചില്ല. എങ്ങിനെ ചോദിക്കും... ശരീരത്തിനുള്ളില്‍ വളരുന്ന ഒരു തുടിപ്പിനെപ്പറ്റി അറിഞ്ഞുവരുമ്പോഴേക്കും, അവിചാരിതമായി മസ്തിഷ്കത്തിനേറ്റ ഒരാഘാതത്തില്‍, അവളുടെ ഓര്‍മ്മകള്‍ മറഞ്ഞു പോയില്ലേ... അറിഞ്ഞുകൊണ്ടല്ലെങ്കിലും, അതിനും കാരണക്കാരന്‍ താന്‍ തന്നെയായിരുന്നു. പ്രകൃതി തോന്നിച്ച സംശയനിവാരണത്തിനായി, തങ്ങള്‍ കണ്ട  വിദഗ്ധ ഡോക്ടര്‍ ഒരു പുഞ്ചിരിയിലും, കണ്‍ഗ്രാറ്റ്സ് എന്ന ഒരു പദത്തിലും, സത്യം പ്രഖ്യാപിച്ചപ്പോള്‍, ആനന്ദാതിരേകത്താല്‍ വീര്‍പ്പു മുട്ടിയാതായിരുന്നുവോ, തങ്ങള്‍ ചെയ്ത തെറ്റ്... സന്തോഷത്തിന്‍റെ തിരത്തള്ളലില്‍ , ഇടറിത്തെറിച്ചുപോയ മോട്ടോര്‍ ബൈക്ക്, ചാരിതാര്‍ത്ഥ്യത്തേയും കൂടെ കൊണ്ടുപോയില്ലേ... ഓര്‍മ്മയുടെ താളം തെറ്റിയ തന്‍റെ ഭാര്യ, ഒരു പെണ്‍കുഞ്ഞിനെ തന്‍റെ കൈകളിലേല്പിക്കും വരെ ഒന്നുമറിയാതെ ജീവിച്ചു...
ആ പെണ്‍കുട്ടിയുടെ കരച്ചിലിനും പിടിവാശിക്കും തണല്‍വിരിച്ച്‍ താനും. പൊടിമണലില്‍ ഉരുണ്ടു കളിക്കുവാനും, പുഴയൊഴുക്കില്‍ നീന്തിത്തുടിക്കുവാനും, താനവള്‍ക്കു കൂട്ടു നിന്നു. അവള്‍ ആഗ്രഹിക്കുന്നത്ര അവളെ പഠിപ്പിക്കുവാന്‍, താന്‍ ചില കട ബാദ്ധ്യതകള് സന്തോഷത്തോടെ ഏറ്റെടുത്തു. വേദനയോടെയെങ്കിലും പുറം ലോകത്തേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി അവളെ പറഞ്ഞുവിട്ടു.
കുറച്ചു നാളുകള്‍ക്കു ശേഷം , അവധിയില്‍ നാട്ടിലെത്തിയ തന്റെ മകള്‍, ശാലീനതയുടെ അക്ഷരങ്ങള്‍ മറന്നുപോയിരുന്നു. ഏതോ രൂക്ഷഗന്ധം വഴിയുന്ന പെര്‍ഫ്യൂംസില്‍ കുളിച്ചതുപോലെ അവള്‍. തിളങ്ങുന്ന കണ്ണുകളില്‍, ഒരു 'മന്ദത'യുടെ എണ്ണച്ചായം. വിലയേറിയ ഹൈഹീല്‍ഡ് ചെരുപ്പില്‍, അവള്‍ വേച്ചുവേച്ചു നടന്നു. എണ്ണതേയ്ക്കാത്ത മുടിയിഴകള്‍ പാറിക്കിടന്നു. ചുണ്ടുകളില്‍ പുകയിലക്കറപുരണ്ടതുപോലെ ഒരുതരം കറുപ്പുനിറം പടര്‍ന്നിരുന്നു. ആധുനിക മൊബൈല്‍ഫോണില്, അവള് തുടരെത്തുടരെ ആരെയൊക്കെയോ വളിക്കുകയും, ആംഗലേയത്തില്‍ അകാരണമായി ചീത്ത പറയുകയും ചെയ്തുകൊണ്ടിരുന്നു. കൈയ്യില്‍ കുരുതിയിരുന്ന ചെറിയ പെട്ടിയില്‍നിന്നും, എന്തോ തോണ്ടിയെടുത്ത്, വായിലിട്ട് നുണഞ്ഞു കൊണ്ടിരുന്നു.
മനുഷ്യത്വത്തിന്‍റെ എല്ലാ ഭാവങ്ങളും അവളില്‍നിന്നും ചോര്‍ന്നു പോയിരുന്നു. അരോചകത്വത്തിന്‍റെ വാള്‍മുനകള്‍ പോലെ, അവള്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു.
അതിന്‍റെ ഇടവേളയിലായിരുന്നു, മകള്‍, അച്ഛനേത്തേടി വന്നത്.
ഹായ് ഡാഡ്...
വാത്സല്യത്തോടെയുള്ള അച്ഛാ എന്ന വിളിക്ക് കാതോര്‍ത്തിരുന്ന അയാളുടെ നെഞ്ചകം ഒന്നു പിടഞ്ഞുപോയി. തിരച്ചെന്തെങ്കിലും പറയാന്‍ തുടങ്ങും മുമ്പേ അവള്‍ പറഞ്ഞുകൊണ്ടിരുന്നു.
ഡാഡ്.... വിദേശരാജ്യങ്ങള്‍ എത്ര സുന്ദരമാണെന്നോ... സോ ബ്യൂട്ടിഫുള്‍.. ബന്ധങ്ങളില്ലാതെ, ബന്ധനങ്ങളില്ലാതെ ജീവിതം... ആദരവും ആത്മീയതയുമില്ലാതെ ലോകം... ഗൈസ്.... അണ്‍മാരീഡ് കപ്പിള്‍സ്.... സുന്ദരന്മാരായ പൂവാലന്മാര്‍...
അല്‍പനേരം നിര്‍ത്തിയിട്ട്, അവള്‍ വീണ്ടും തുടര്‍ന്നു...
ങ്ഹാ... ഡാഡ്... ആ ജീവിതം നമുക്കും ഇവിടെ വാര്‍ത്തെടുക്കാം... എ റിയല്‍ ലൈഫ്... എന്താ എന്നോടൊപ്പം കൂടുന്നോ...
വെറുപ്പാര്‍ന്ന മിഴികളോടെ താന്‍ അവളെ നോക്കവേ, ഏതോ അന്യയേപ്പോലെ, അവള്‍ പറയുന്നു....
റിയല്‍ ലൈഫ്... നമുക്കാസ്വദിക്കാം ഡാഡ്.... വിത്ത് എ പഫ് ഓര്‍ എ ഡ്റോപ്പ്.... ഓഫ് നാ‍ര്‍ക്കോട്ടിക്...
 എന്നെയൊന്നൊക്കത്തെടുക്കൂ.. എന്നു പറഞ്ഞിരുന്ന ലാഘവത്തോടെ അവള്‍...
ഞെട്ടിത്തരിച്ച അയാളുടെ ഹൃദന്തത്തിലെവിടെയോ ഒരു ഉരുള്‍ പൊട്ടവേ... ഡോസ് കൂടിയ നാര്‍ക്കോട്ടിക്കിന്‍റെ അധീശത്വത്തില്‍ അവള്‍ വെറുതെ ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
-ഹരി നായര്‍ (14-10-2013)