Monday, October 14, 2013

ഓണപ്പൂക്കള്‍ വാടാതിരിക്കണം...



ഓണപ്പൂക്കള്‍ വാടാതിരിക്കണം...
ഓണത്തപ്പനും ഓണപ്പൂക്കളവുമെല്ലാം, അടുത്തകൊല്ലത്തെ ഓണക്കാലം കാത്തു വാടിത്തളര്‍ന്നു കിടന്നിരുന്നു. വാടിക്കരിഞ്ഞപൂക്കളത്തില്‍ ഇടക്കിടെ ഞാഞ്ഞൂലുകള്‍  കുരുപ്പു കുത്തി. അവിടവിടെ പാറി നടന്നിരുന്ന ഓണത്തുമ്പികളും കഴിഞ്ഞുപോയ ഓണക്കാലത്തെ ആവാഹിച്ച് ചെടികള്‍ക്കിടയില്‍ വിശ്രമിച്ചു തുടങ്ങി. പൊന്നാരനും, മുക്കുററിയും, തുമ്പയും, വാടിയ പൂക്കള്‍ കൊഴിച്ചിട്ട് ഓണാഘോഷങ്ങള്‍ മറന്നു തുടങ്ങി. പെയ്തു തളര്‍ന്ന മഴമേഘങ്ങള്‍ , പഞ്ഞിപ്പൂക്കളായി, ആകാശത്തുനിന്നും ഓടി മറയാന്‍ വെമ്പി നിന്നു. വഴിയോരത്തെ ഇലച്ചാര്‍ത്തുകളില്‍ , വെള്ളത്തുള്ളികള്‍ തങ്ങി നിന്നിരുന്നു. വയലേലകള്‍ നഷ്ടപ്പെട്ടിരുന്നതിനാല്‍ , ഓണത്തെ യാത്രയയക്കാന്‍ കതിര്‍ക്കുലകള്‍ തലകുനിച്ചു നിന്നില്ല.  
ലീവിന് നാട്ടില്‍ വരുമ്പോള്‍ ഇങ്ങിനെയൊരു യാത്ര പ്രതീക്ഷിച്ചിരുന്നില്ല. കുട്ടിക്കാലത്തെങ്ങോ കണ്ടുമറന്ന രണ്ട് അച്ഛന്‍പെങ്ങന്‍മാരുടെ വീടുതേടിയുള്ള യാത്രയായിരുന്നു. അവരുടെ മുഖച്ഛായ പോലും മനസിലില്ല. കഴിഞ്ഞുപോയ തിരുവോണത്തിന്‍റെ മുഖച്ചാര്‍ത്തിലൂടെ, വേഗപ്പൂട്ടു ഘടിപ്പിച്ച ഒരു വാഹനത്തില്‍ , അരികിലെ ഇരിപ്പിടം കിട്ടിയിരുന്നതിനാല്‍ സുഖമായി ഇരിക്കുവാന്‍ കഴിഞ്ഞു. ഓടിയകലുന്ന വഴിയോരങ്ങളില്‍ തലപ്പന്തിനുപകരം ക്രിക്കറ്റ്ബാറ്റുമേന്തി ചില കുട്ടികള്‍ ഒച്ചവെച്ചുകൊണ്ടിരുന്നു. കടകള്‍ മിക്കവാറും അടഞ്ഞു കിടന്നു. കഴിഞ്ഞ ദിവസങ്ങളിലെ തിരക്കിട്ട കച്ചവടത്തില്‍നിന്നും ക്ഷീണമകറ്റാന്‍ പോയതാവാം അവര്‍ . ഇപ്പോളത്തെ ഓണം മുഴുവന്‍ , കച്ചവടക്കാരുടെ കൈകളിലാണല്ലോ. ഓണപ്പുടവയും, ഓണസദ്യയുമെല്ലാം അവര്‍ നിരൂപിക്കുന്നതുപോലെ.
 അവന്‍ ഓര്‍ക്കുകയായിരുന്നു. എന്താണ് അമ്മക്കിങ്ങനെ തോന്നാന്‍ . ഇതിനുമുമ്പും ഒന്നുരണ്ടു വട്ടം താന്‍ ലീവില്‍ വന്നിരുന്നു. അന്നൊന്നും തനിക്കോ, അമ്മയ്ക്കോ ഈ ചിന്തയൊന്നും ഉണ്ടായില്ല. അച്ഛന്‍ ഒരിക്കലും അതില്‍ താത്പര്യം കാണിച്ചിട്ടുമില്ല. ഒറ്റ പുരുഷന്‍റെ കൂടെ ഒന്നിച്ചു ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട രണ്ടു സഹോദരിമാരേപ്പറ്റി, ഓര്‍ക്കുവാന്‍ പോലും അച്ഛന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അവരും പിന്നീട്, അച്ചനെത്തേടി വന്നതുമില്ല. പിന്നെയെന്താവാം...
മോനെ, പ്രായമായ രണ്ട് അപ്പച്ചിമാര്‍ അവിടെയുണ്ട്. അച്ഛനേക്കാള്‍ പ്രായം ചെന്നവരാണവര്‍ .... നീ മടങ്ങും മുമ്പേ അവിടെവരെയൊന്നു പോയി വരൂ....
അവര്‍ എന്നെയെങ്ങിനെയറിയാന്‍ ... പരിചയപ്പെടുത്തേണ്ടിവരുന്നത് ......
അതു സാരമില്ല.... ഒന്നു കണ്ടു പോരൂ...
രാവിലെ യാത്ര പുറപ്പെടും മുമ്പെ അച്ഛനോടു പറയാന്‍ ചെന്നതാണ്.
എന്താ, ഇപ്പോള്‍ ഇങ്ങനെ തോന്നാന്‍ ...
അതിനുള്ള മറുപടി നല്കിയത് അമ്മയായിരുന്നു.
അവന്‍റെ അപ്പച്ചിമാരല്ലേ... ഒന്നു പോയി കണ്ടു വരട്ടെ, മറന്നുപോയ മുഖമൊന്നോര്‍ത്തെടുത്തോട്ടെ.... ഗുരുത്വദോഷം വാങ്ങി വെയ്ക്കേണ്ടല്ലോ.... അവനോടു പറഞ്ഞത് ഞാനാണ്.
ങൂം...
ഒരു മൂളല്‍ മാത്രം. യാത്രാനുവാദമോ, എതിര്‍പ്പോ... അറിയില്ല. ഏതായാലും പോകുവാന്‍ തീരുമാനിച്ചു.
പോകും മുന്‍പ്, അമ്മയ്ക്കാരൊക്കയോ സമ്മാനിച്ച പുതിയ രണ്ടു സെറ്റു മുണ്ടുകള്‍ അവര്‍ അവനെ ഏല്‍പ്പിച്ചു.
നീ ഒന്നും കരുതിയിട്ടില്ലല്ലോ..... ഇതു കൈയ്യിലിരിക്കട്ടെ. അവരുടെ പ്രതികരണം എന്താവുമെന്നറിയില്ല... ഇതവര്‍ക്കു നല്കുക.
ബസ്, ഒന്നു കുലുങ്ങിപ്പിടച്ച് നിന്നു. അവന്‍ പതുക്കെയിറങ്ങി നടന്നു തുടങ്ങി.
ഇനിയും മരിച്ചു കഴിഞ്ഞിട്ടില്ലാത്ത വയലേലയുടെ നടവരമ്പിലൂടെ അവന്‍ നടന്നു. കുറച്ച് മുറിക്കണ്ടങ്ങളില്‍ നെല്‍കുലകള്‍ . അവയുടെ ചാരുത, പുഴുക്കളും പ്രാണികളും ചേര്‍ന്ന് നശിപ്പിച്ചിട്ടിരുന്നു. പിന്നീടാരും തിരിഞ്ഞു നോക്കാറില്ലെന്നു തോന്നുന്നു. അവയും മണ്ണടിയാന്‍ തുടങ്ങുകയായിരുന്നു. വെള്ളത്തില്‍  പണ്ടേപ്പോലെ നീന്തിത്തുടിക്കുന്ന മീനുകളെയോ, ക്രോം.. ക്രോം എന്നു കരയുന്ന തവള വര്‍ഗ്ഗത്തെയോ കണ്ടില്ല. അതുകൊണ്ടുതന്നെ മുങ്ങാംകുഴിയിട്ടു കളിക്കുന്ന കൂത്താടികള്‍ മാത്രം ഏറെ വളരുന്നുണ്ടായിരുന്നു.
പഴയ വീടാണ്... അകലെ നിന്നു തന്നെ കരുവാളിച്ച ഓടും, പലക ഭിത്തികളും കണ്ടു. ആളനക്കമില്ലാത്തതുപോലെ, പറമ്പു മുഴുവന്‍ ഊരനും കൂവയും തഴച്ചുവളര്‍ന്നിരുന്നു.  മറ്റു ചില പാഴ്ചെടികളും നില്പുണ്ടായിരുന്നു. കബന്ധങ്ങള്‍പോലെ, കുറെ തെങ്ങുകള്‍ . ചാഞ്ഞു വീണിട്ടും വെട്ടി മാറ്റാതെ ഒരു പറങ്കി മാവ് നിറച്ചിലകളും പേറി കിടന്നിരുന്നു  . അടുത്തുചെല്ലും തോറും, കുത്തുവീണു തുടങ്ങിയ പലകകള്‍ ഭിത്തിയോട് പിണങ്ങി നില്ക്കുന്നതായി തോന്നി. ഒരു പടയിഞ്ചക്കാട്, വീട്ടിലേക്കുള്ള വഴി മുടക്കി നിന്നിരുന്നു. കൈയ്യില്‍കിട്ടിയ ഒരു വടിയെടുത്ത്, അവയെ ചികഞ്ഞു മാറ്റി. അല്പനേരം കണ്ണുമിഴിച്ചു നിന്നിട്ട് വാടിത്തളര്‍ന്ന് നിലത്തൊട്ടി. അവയെ മൃദുവായി ചവിട്ടി, പറമ്പിലേക്ക് കടന്നു. മുറ്റം മുഴുവന്‍  ഞാഞ്ഞൂല്‍ കുരുപ്പുകള്‍ . അവയ്ക്കിടയില്‍നിന്നുംമിന്നുന്ന നീല നിറത്തില്‍ ഒരു വേട്ടാളന്‍ , ചില പുഴുക്കളെ റാഞ്ചിയെടുത്തു പറന്നു.
എങ്ങിനെ തുടങ്ങുമെന്നറിയാതെ അവന്‍ പരവശനായി കുറച്ചുനേരം നിന്നു. അകത്തുനിന്നും യാതൊരനക്കവും കേള്‍ക്കുന്നില്ല. കതകുപാളികള്‍ ചേര്‍ത്തടച്ചിരുന്നു.
കതകില്‍ ചെന്നു മുട്ടിയാലോ...
അടര്‍ന്നുകഴിഞ്ഞിരുന്ന, പഴയ നടക്കല്ലില്‍ ചവിട്ടി അവന്‍ ഇറയത്തേക്കു കയറി. സിമന്‍റുപാളിക്കടിയില്‍നിന്നും ചിതലുകള്‍ മണ്ണെടുത്തു പോയതിനാലാവാം, ഇറയത്തേക്കു ചവിട്ടിയപ്പോള്‍ ഭും..ഭും.. എന്നൊരു ശബ്ദം കേട്ടു. സാവധാനം കതകില്‍ മുട്ടി കതക് ഒട്ടും തിരിച്ചു പ്രതികരിച്ചില്ല. ഒന്നുകൂടി അമര്‍ത്തി മുട്ടി നോക്കി... വിരലിന്‍റെ മടക്ക് വേദനിച്ചു.
ഇനിയെന്തു ചെയ്യും. അപ്പച്ചീ എന്നുറക്കെ വിളിച്ചാലോ... പക്ഷെ ഇതുവരെ വിളിച്ചുപരിചയിക്കാത്ത ആ പദം എങ്ങിനെയുച്ചരിക്കും. വേറെ മാര്‍ഗ്ഗമൊന്നുമില്ല. അവന്‍ വിളിച്ചു.
അപ്പച്ചീ.... അപ്പച്ചിമാരെ.....
കുറച്ചു നിമിഷങ്ങള്‍ അവനു കാത്തുനില്‍ക്കേണ്ടിവന്നു, അകത്തൊരു കാല്‍പ്പെരുമാറ്റമോ, തുറക്കപ്പെടുന്ന ഓടാമ്പലിന്‍റെ ശബ്ദമോ കേള്‍ക്കാന്‍ . ഓടാമ്പല്‍ നീങ്ങി... കരഞ്ഞുകരഞ്ഞ് കതകുപാളികള്‍ തുറന്നു. രണ്ട് അപ്പച്ചിമാരും ഒന്നിച്ചുതന്നെയുണ്ടായിരുന്നു. ഇനിയും തേജസ്സ് നഷ്ടപ്പെട്ടിട്ടില്ലാത്ത രണ്ട് വൃദ്ധകള്‍ . സംന്യാസിനികളേപ്പോലെ വസ്ത്രം ധരിച്ച്. അവരുടെ മുഖത്തുനിന്നും ഭസ്മക്കുറികള്‍ക്കിടയിലൂടെ, അച്ഛന്‍റെ മുഖച്ഛായ വായിച്ചെടുക്കുവാന്‍ കഴിഞ്ഞു.
അപരിചിതനെ അവര്‍ സംശയിച്ചു  നോക്കി.
ഞാന്‍ ....
ആരുമാകട്ടെ... അകത്തേക്കിരിക്കാം... എന്നിട്ട് വര്‍ത്തമാനം.... ചെരുപ്പ് അഴിച്ചു വെളിയില്‍ വച്ചുകൊള്ളൂ...
ശാന്തി തുളുമ്പുന്ന അവരുടെ വാക്കുകള്‍ക്ക് ആജ്ഞാശക്തിയേക്കാള്‍ ഉറപ്പുണ്ടെന്നു തോന്നി.
ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ , മുന്‍വശത്തെ മുറിയില്‍ നിറഞ്ഞു നിന്നിരുന്നു. സൂര്യപ്രകാശം കടന്നു വരാന്‍ മടിക്കുന്ന മുറിക്കുള്ളില്‍ , തൂക്കുവിളക്കുകളും, ചില ചിരാതുകളും വെളിച്ചമേകി നിന്നു. എള്ളെണ്ണയുടെയും, സാമ്പ്രാണിത്തിരികളുടെയും സുഗന്ധം. ഏതൊക്കെയോ ഗ്രന്ഥങ്ങള്‍ . ഏറ്റവും അറ്റത്തായി, ആജ്ഞാശക്തി സ്ഫുരിക്കുന്ന കണ്ണുകളുമായി ഒരു മദ്ധ്യവയസ്കന്‍റെ ചിത്രം, അന്നു കോര്‍ത്തെടുത്ത പൂമാല ചാര്‍ത്തി വെച്ചിരുന്നു. അത് അപ്പച്ചിയപ്പനാകണം. എല്ലാം ചോദിച്ചറിയണം. കുറച്ചു സമയം ഇനിയുമവശേഷിക്കുന്നുണ്ട്, മടക്കയാത്രക്ക്.
ഓണവും വിഷുവുമൊന്നും ഇവിടെ പതിവില്ല. നല്കുവാന്‍ , ഉണക്കലരിച്ചോറും, തീര്‍ത്ഥവുമുണ്ടാകും. കുളിക്കുവാന്‍ വെള്ളത്തിന് ക്ഷാമമില്ല.
പക്ഷെ, എന്നെ അറിയും മുമ്പേ....
ഞങ്ങള്‍ക്കെല്ലാവരും ഒന്നു തന്നെ... ആദ്യം യാത്രയുടെ ക്ഷീണമകറ്റു...
ശുദ്ധജലത്തില്‍ കുളിച്ച്, വിശപ്പിന്‍റെ വിളിയാല്‍ സ്വാദിഷ്ടമായ ഉണക്കലരിച്ചോരും, തീര്‍ത്ഥജലവും സേവിച്ച് അവന്‍ സ്വയം പരിചയപ്പെടുത്തുവാന്‍ തയ്യാറാവുകയായിരുന്നു.
ഞാന്‍ ..... നിങ്ങളെ മറന്നുപോയ സഹോദരന്‍റെ ഏകമകന്‍ ...
ങും....
നിര്‍വ്വികാരമായ ഒരു മൂളല്‍ , രണ്ടുപേരില്‍നിന്നും ഒരുപോലെ. അവന്‍ അമ്പരന്നു. ഇനിയെന്തു പറയും.
അവനെങ്ങിനെയിരിക്കുന്നു.....  മൂത്ത അപ്പച്ചിയാവണം ആ ചോദ്യമെറിഞ്ഞത്.
നന്നായിരിക്കുന്നു.
സന്തോഷം... അതേ നിര്‍വ്വികാരത.
മടങ്ങിച്ചെല്ലുമ്പോള്‍ അവനോടു പറഞ്ഞേക്കുക.... അവന്‍ ഞങ്ങളെ മറന്നാലും, ഞങ്ങള്‍ അവനെ മറന്നിട്ടില്ലെന്ന്…” 
യാതൊരുഭാവഭേദവും കൂടാതെയുള്ള ആ പറച്ചിലില്‍ , അവന്‍ ശൂന്യനാവുകയായിരുന്നു. എന്തൊക്കയോ പറയണമെന്നുണ്ടായിരുന്നു, എന്തൊക്കയോ കേള്ക്കണമെന്നും. ഒന്നിനും അവര്‍ ഇടം നല്കുന്നില്ല. അവസാനത്തെ ചോദ്യം എന്ന നിലയില്‍ അവന്‍ ചോദിക്കുകയായിരുന്നു...
ഞാന്‍ തിരികെ ചെന്ന്, നിങ്ങളുടേതായി എന്താണു പറയേണ്ടത്..?”
കാലം ശത്രുതകളെല്ലാം തേച്ചുമാച്ചു കളഞ്ഞുവെങ്കില്‍ മാത്രം, നിന്‍റെ അച്ഛനോട് ഇവിടെവരെ ഒന്നു വരുവാന്‍ പറയുക... ഞങ്ങള്ക്ക് അങ്ങോട്ടുള്ള വഴി നിക്ഷിദ്ധമാണെന്നറിയാമല്ലോ..? കഴിയുമെങ്കില്‍ നിങ്ങള്‍ മൂവരുമൊന്നിച്ച്... എല്ലാവരും ഒന്നിച്ചു ചേരുന്ന ആ ഒരു നിമിഷം മാത്രമേ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളു. അന്നാണ് സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും പൊന്നോണവും, വിഷുവും... ആരും വന്നില്ലെങ്കിലും നീയിനിയും വരണം..... നാട്ടില്‍ വരുമ്പോഴെല്ലാം...
ഉരുകിയൊലിക്കുന്ന സ്നേഹത്തിന്‍റെ മുന്‍പില്‍ , അവന്‍ നമ്രശിരസ്കനായി അല്പനേരം നിന്നു. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഭാഷ അവന്‍ മനസ്സിലാക്കുകയായിരുന്നു.... അവന്‍ മനസിലുറപ്പിച്ചു... ഇനി പൊന്നോണമന്നേയുള്ളു... എല്ലാവരും ഒന്നിക്കുന്ന ആ ഒരു ദിവസം.
ഉമ്മറപ്പടിയോളമെത്തി, അവര്‍ അവനെ യാത്രയാക്കി. അവര്‍ കൈകള്‍ വീശി... അവനും... അവനിലും അവരിലും പ്രതീക്ഷയുടെ മുകുളങ്ങള്‍ പതുക്കെ പതുക്കെ വിടരാന്‍ കൊതിച്ചു നിന്നു. ഇനിയൊരു പൊന്നോണം അകലെയല്ലെന്ന് അവ മന്ത്രിക്കുന്നതുപോലെ... 
-ഹരി നായര്‍  (18-09-2013)

No comments: