Sunday, January 01, 2012

പണമരം


പണമരം                                         Kochu katha.
പുത്തന്‍ വീടിനു കല്ലിട്ടു തറ കെട്ടുമ്പൊഴേക്കും ശ്രീപോതിയുടെ ആണ്ടുപൂജക്കു കാലമായിരുന്നു.
മച്ചകത്തമ്മക്കു വിളക്കുവെച്ചു. തൂശനിലയില്‍ അവിലും മലരും പഴവും നിവേദ്യമറ്പ്പിച്ചു. കറ്പ്പൂരംകൊണ്ട് ആരതിയുഴിഞ്ഞു.
കുത്തുവിളക്കും, ചങ്ങലവട്ടയും, താലപ്പൊലിയുമായി, ശ്രീപോതിയെ നെടുമ്പുരയിലേക്ക് എഴുന്നള്ളിച്ചു. പിന്നില്‍ മച്ചകമടഞ്ഞു.
ഒരുക്കിവെച്ച ആഴിക്കരികെ ആരൂഡമിട്ടു ശ്രീപോതിയെ കുടിയിരുത്തി.
മന്ത്രധ്വനികളും ഹൂങ്കാരങ്ങളുമുയര്‍ന്നു. ഇറ്റുവീഴുന്ന നെയ്ത്തുള്ളിയില്‍ അഗ്നിശലാകകള്‍ ഗറ്വിഷ്ടരായി അലറിയാര്‍ത്തു. ശ്രീപോതിയണിഞ്ഞ പട്ടുചേലയിലും, മുത്തുപതിച്ച കിരീടത്തിലും ഓങ്ങിനില്‍കുന്ന പള്ളിവാളിലും അഗ്നിബിംബങ്ങള്‍ തിളങ്ങി. നാമമന്ത്രങ്ങള്‍ അലയടിക്കുന്ന അന്തരീക്ഷ്ത്തില്‍ പൊടിപടലങ്ങള്‍ പാറിനടന്നു. മുടിയാട്ടും ദേവിസ്തവങ്ങളുമായി കുലനാരികള്‍ ശ്രീപോതിക്കു പ്രദക്ഷിണം വെച്ചു..
കാരണവര്‍ അല്പം മാറി പീടമിട്ടുപവിഷ്ടനായിട്ടുണ്ടായിരുന്നു. അറ്ദ്ധനിമീലിതനേത്രനായിരുന്ന അദ്ദേഹം ഭക്തിലഹരിയിലായിരുന്നു. പത്തുവിരലുകളിലും തങ്കമോതിരമിട്ട കൈകള്‍ കൂപ്പി അദ്ദേഹം ധ്യാനനിമഗ്നനായിരുന്നു. നാടിനും നാട്ടാര്‍ക്കും വേണ്ടി പൂജാദി കര്‍മ്മങ്ങള്‍ക്കു അളവില്ലാതെ ചിലവാക്കുന്ന അദ്ദേഹത്തിന്റെ പാദരേണുക്കള്‍ തൊട്ടുതൊഴുന്നതിനും ദക്ഷിണയര്‍പ്പിക്കുന്നതിനും നടക്കുന്ന മത്സരങ്ങളോ, പൂജകളേറ്റുവാങ്ങുന്ന ശ്രീപോതിക്കുമുന്നില്‍ കുന്നുകൂടുന്ന  കാണിക്കയോ കാരണവര്‍ അറിഞ്ഞതേയില്ല.  
പൂജാദികര്‍മ്മങ്ങളുടേയും മന്ത്രധ്വനികളുടേയും ഉച്ചസ്ഥായിയില്‍ വെളിച്ചപ്പാടുറഞ്ഞുതുള്ളി. പട്ടും വളകളും മണികളുമണിഞ്ഞു ഉടവാളുമേന്തി വെളിച്ചപ്പാ‍ടു തുള്ളിയുറഞ്ഞു. അലറിയാര്‍ത്തു വെളിച്ചപ്പാട് കാരണവരുടെ അടുത്തേക്കു പാഞ്ഞുചെന്നു.
പെരുവിരലില്‍ നിന്നു തുള്ളി.പ്പറഞ്ഞു
 “ഉണ്ണീ….. ഉണ്ണീ…., .എനിക്കമ്പലം വേണം…..”
“പണിയിക്കാം”
“നിത്യപൂജയും, വഴിപാടും തറ്പ്പണവും വേണം..”
“ചെയ്യിക്കാം”
“കൊടിമരവും, കൊടിയേറ്റും, ഉത്സവവും വേണം”
“ആവാം”
വെളിച്ചപ്പാടിനു കലിയടങ്ങി. നിലത്തിരുന്നു പിന്നോട്ടു മറിഞ്ഞു.
കരിക്കും പാലും കൊണ്ടു മച്ചകത്തമ്മയുടെ മക്കള്‍ വെളിച്ചപ്പാടിന്റെ തളറ്ച്ചയകറ്റി.
ചുണ്ണാമ്പും മഞ്ഞളും കൊണ്ട് കുരുതി കലക്കി. കുമ്പളങ്ങാ വെട്ടി കുരുതി കഴിച്ചു.  ശ്രീപോതിയെ മച്ചകത്തിലേക്കു തിരിച്ചെഴുന്നള്ളിച്ചു. ആരതിയും വിളക്കും കഴിഞ്ഞു ഭക്തര്‍ മടങ്ങി.
കുളിച്ചു ശുദ്ധമാകാന്‍ കാരണവര്‍ പുഴയിലേക്കു നടന്നു. അപ്പോള്‍ കലിയടങ്ങിയ വെളിച്ചപ്പാട് എതിരെ വന്നു. നിറപുഞ്ചിരിയോടെ വെളിച്ചപ്പാട് കാരണവരോടു ചോദിച്ചു.
“അപ്പോള്‍ അമ്പലത്തിന്റെ കാര്യം? ഉത്സവത്തിന്റെ കാര്യം?”
തെളിഞ്ഞ മന്ദഹാസത്തോടെ കാരണവര്‍ പറഞ്ഞു
“അടുത്ത ആണ്ടു പൂജ കൂടി കഴിയട്ടെ. എന്റെ പുരപണി തീരട്ടെ. മച്ചകത്തമ്മയുടെ മക്കള്‍ അന്നും വരും. അന്നും വെളിച്ചപ്പാടു തുള്ളണം. ഇതുതന്നെ വീണ്ടും പറയണം. അതു മതി. അങ്ങനെ മാത്രം മതി”
തെളിഞ്ഞ ചിരിയോടെ രണ്ടുപേരും രണ്ടുവഴിക്കു നടന്നു.
                                                            -ഹരി കെ. പുത്തന്‍വീട്  29/12/2011