Sunday, September 16, 2012

മുണ്ടന്‍മൂരി



മുണ്ടന്‍മൂരി                                                          കഥ
മുത്തുമാലയും കുടമണിയും കഴുത്തില്നിന്നഴിച്ചെടുത്തു. പഴയ കയറു മാറ്റി പുതിയൊരു കയറ് കഴുത്തിലിട്ടു. പിന്നെ പതിവുപോലെ എവിടെയോ ഉടക്കിയിട്ട് മുത്തുച്ചാമി, പുരക്കുള്ളിലേക്ക് കയറിപ്പോയി. എന്നത്തേയുംപോലെ തഴുകലോ തലോടലോ ഉണ്ടായില്ല. കാറുംകോളും നിറഞ്ഞ മുഖമായിരുന്നു മുത്തുച്ചാമിയുടേത്. പുല്ക്കൊട്ടയില് കിടക്കുന്ന ഇളംപുല്ല് ഒന്നു മണത്തുനോക്കുവാന് കൂടി മുണ്ടന്മൂരിക്കു തോന്നിയില്ല. സന്ധ്യമയങ്ങുംമുന്പേ നിശ്ശബ്ദമായ അന്തരീക്ഷം എന്തൊക്കെയോ അലോസരമുണ്ടാക്കുന്നു. ചാണകവും വെള്ളവും ഉണങ്ങിത്തെളിഞ്ഞ തൊഴുത്തിന്റെ തിണ്ണയില് അലസമായി മുണ്ടന്മൂരി കിടന്നു. അന്തിവിളക്കു തെളിഞ്ഞുതുടങ്ങിയ ചുറ്റുവട്ടത്തിലേക്ക് കണ്ണുകളയച്ച്, ചേക്കേറാനൊരുങ്ങുന്ന ഓമല്പക്ഷികളുട ചിറകടിയും ചിലമ്പിച്ച ശബ്ദവും ശ്രവിച്ച് മുണ്ടന്മൂരി അങ്ങിനെ കിടന്നു. മുത്തുച്ചാമിയുടെ മ്ലാനതയും, വീട്ടിലെ നിശ്ശബദതയും മറന്നുപോയ സ്നേഹപ്രകടനങ്ങളും, മുണ്ടന്മൂരിയുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. പകലെപ്പോഴോ വിരുന്നുവന്ന ആരൊക്കെയുമായോ, മുത്തുച്ചാമി അല്പനേരം സംസാരിച്ചുനില്ക്കുന്നതു കണ്ടിരുന്നു. ചില നോട്ടുകെട്ടുകള് കൈമാറുന്നതുപോലെയും തോന്നി. വിരുന്നുകാര് കൈകൊടുത്താഹ്ലാദിച്ച് നടന്നുപോയപ്പോള്മുതലാണ് എന്നു തോന്നുന്നു, മുത്തുച്ചാമിയുടെ ഈ നിറം മാറ്റം. ഏതായാലും ഒരുദിവസം കാത്തിരിക്കാനുള്ള ക്ഷമ കടമെടുത്ത്, മുണ്ടന്മൂരി, തൊഴുത്തിന്റെ തറയിലേക്ക് തലചായ്ച്ചുവെച്ചു. ഏതൊക്കയോ സ്വപ്നലോകങ്ങളില് സഞ്ചരിക്കുകയും പതുക്കെ മയങ്ങുകയും ചെയ്തു..   
പ്രഭാതത്തിന് എന്നത്തേയുംപോലെ പകിട്ട് തോന്നിയില്ല. ചെറുതായി മൂടിക്കിടന്ന നീലാകാശത്തിനും ഭംഗിയില്ലായിരുന്നു. രാവിലെ തന്നെ അഴിച്ചുകെട്ടുന്നതിനോ, തൊഴുത്തു വൃത്തിയാക്കുന്നതിനോ ഒരു തത്രപ്പാടും കണ്ടില്ല. നേരം പുലര്ന്നുവരവെ, തലേന്ന് വന്ന വിരുന്നുകാര്, അതിവേഗം നടന്നു വരുന്നതുകണ്ടു. കൈകളില് ഒന്നു രണ്ടു ചൂരല് വടികള്‍, അതില് നിന്നും ഞാന്നുകിടക്കുന്ന ചരടുപോലെ എന്തോ. മുണ്ടന്മൂരിക്ക് അതിന്റെ പൊരുളൊന്നും മനസ്സിലായില്ല. അവര് കതകില് മുട്ടിവിളിക്കുന്നതും, മുത്തുച്ചാമി പുറത്തിറങ്ങിവരുന്നതും കണ്ടു. മുത്തുച്ചാമി വന്നു വിളിക്കുന്നതും പ്രതീക്ഷിച്ച് മുണ്ടന്മൂരി പിണങ്ങി തിരിഞ്ഞുകിടന്നു. മുത്തുച്ചാമി നടന്നുവരുന്നതിന്റെ പാദപതനശബ്ദം അവന് കേട്ടു. അദ്ദേഹമിപ്പോള് തനിക്ക് ഭക്ഷണവുമായി വരുമെന്നും, മാലയും മണിയും ചാര്ത്തി, തന്നെയും കൊണ്ട് ഊരുചുററാനിറങ്ങുമെന്നും മുണ്ടന്മൂരി പ്രതീക്ഷിച്ചു. വീടുകള് തോറും കയറിയിറങ്ങുകയും, ശാലീനരായ പൈക്കുട്ടികളുടെ ചൂടും ചൂരും, താന് തളരുവോളം പകര്ന്നു തരുവിക്കുമെന്നും അവനോര്ത്തു. എണ്ണതടവി, ശുദ്ധമായ വെള്ളച്ചാലില് തന്നെ കൊണ്ടുപോടി കുളിപ്പിക്കുന്നതും മനസ്സിലാസ്വദിച്ചു. അങ്ങിനെ പിണങ്ങിക്കിടക്കവെ, മുത്തുച്ചാമി തന്നെതട്ടിവിളിച്ചു. പിണക്കംമറന്ന് അവന് മുത്തുച്ചാമിയെ തിരിഞ്ഞുനോക്കി. പക്ഷെ, അവിടെ മുത്തുച്ചാമിയുണ്ടായിരുന്നില്ല. പകരം, ചരടുകെട്ടിയിട്ട ചൂരല് വടികളുമയി, വിരുന്നുകാര് വന്നു നില്ക്കുന്നുണ്ടായിരുന്നു. അവര്, മുണ്ടന്മൂരിയുടെ കെട്ടഴിച്ചു. അപരിചിതരായ അവരുടെ കൂടെ നടക്കുവാന് ഇഷ്ടമില്ലാത്തിനാല് അവന് അസ്വസ്തതയോടെ മുക്രയിട്ടു. കൂര്ത്ത മനോഹരമായ കൊമ്പുകള് കുലുക്കിക്കൊണ്ടവന്, അവരുടെ നേരെ തിരിഞ്ഞു. പക്ഷെ, അവരുടെ ബലിഷ്ടമായ കൈകളില് അവന്റെ കൊമ്പുകള് ഞെരിഞ്ഞൊടിയുന്നതുപോലെ തോന്നി. അപാരമായ വേദനയില് അവന് തലകുനിച്ചടങ്ങി. മറ്റൊരാള്, അവന്റെ കഴുത്തില് കുടുക്കിയരിക്കുന്ന കയറില്പിടിച്ചു ശക്തിയായി വലിച്ചു. മൂക്കിനുള്ളിലെ ലോലമായ മാംസപാളിയും വലിഞ്ഞപ്പോള്, അവന് കടിച്ചിറക്കാനാവാത്ത വേദന അനുഭവപ്പെട്ടു. അവന് പ്രതികാരബുദ്ധിയോടെ, വീണ്ടും തിരിഞ്ഞെങ്കിലും, അവരിലൊരുവന്റെ കൈയ്യിലെ ചരടുഞാത്തിയിട്ട ചൂരല്, അന്തരീക്ഷത്തില് ഒന്നുമൂളിപറന്നു. അടിവീണ മുതുക്, ഒന്നു നക്കിത്തുടക്കുവാന്പോലുമാകാതെ മുണ്ടന്മൂരി, അവരോടൊപ്പം പതുക്കെ നടന്നു. പിന്നില് കൊട്ടിയടച്ച മുത്തുച്ചാമിയുടെ കതകുപാളികള് നിസ്സഹായരായി അവനെ നോക്കി നിന്നു. നിറഞ്ഞ നീലക്കണ്ണുകളോടെ അവന്, പുതിയ കൂട്ടരോടൊപ്പം നടന്നു.
തന്റെ ആഗമനം കാത്തുനില്ക്കുന്ന പശുക്കുട്ടികളെ അവന് പരതി നോക്കി, അവരും പിണങ്ങിയിരിക്കാം. കൊതിയൂറുന്ന കണ്ണുകളോടെ ആരും നോക്കിനില്ക്കുന്നുണ്ടായിരുന്നില്ല. ഒരു പ്രത്യേക ശബ്ദത്തില് ആരും കരയുന്നതു കേട്ടില്ല. പുതിയ കൂട്ടരോടൊപ്പം അവന് വിശാലതയിലേക്കിറങ്ങി. പൊടിയും പൂഴിയും പറക്കുന്ന വഴിയിലൂടെ എത്രയോ ദൂരം നടന്നുവെന്നറിയില്ല. ഇടക്കിടെ ചൂരല് മൂളിക്കൊണ്ടിരുന്നു. അവന്റെ പുറന്തോല് പൊന്തിക്കുമളച്ചു. നിര്ദ്ദാക്ഷിണ്യമായ അവരുടെ പ്രവര്ത്തിയോടു പ്രതികരിക്കാനാവാതെ, മുണ്ടന്മൂരി നടന്നുകൊണ്ടിരുന്നു. കുറെയാത്രകഴിഞ്ഞപ്പോള്, കറുത്തു പഴുത്തുകിടക്കുന്ന രാജവീഥിയിലേക്ക് അവരോടൊപ്പം അവനുമിറങ്ങി. അവിടെ കേമന്മാരായ പാണ്ഡിക്കാളകള്, അവരോടൊപ്പം യാത്രതുടരാന് കാത്തുനില്ക്കുന്നുണ്ടായിരുന്നു. അവരുടെ കൂട്ടത്തിലൊന്നും ഒരു പൈപ്പെണ്ണുണ്ടായിരുന്നില്ല. അവനെ ആരും ആര്ത്തിയോടെ നോക്കിയില്ല. അവരും ക്ഷീണിതരായിരുന്നു. നടന്നുതളര്ന്ന്, പുറം തിണിര്ത്ത്, ചായം തേച്ച വമ്പന്കൊമ്പുകളുടെ പകിട്ടു നശിച്ച്, നുരയും പതയുമൊലിപ്പിച്ച്, നിസ്സഹായരായി അവരും നടന്നുകൊണ്ടിരുന്നു.
നിറം നഷ്ടപ്പെട്ട സാന്ധ്യാകാശം കാണാന് തുടങ്ങവെ, ഇത്രദൂരം തന്നെ നയിച്ചവര്, തന്നെയും കൂട്ടാളികളെയും മറ്റാരെയോക്കോയോ ഏല്പ്പിച്ച് തിരിഞ്ഞു നടന്നുപോയി, തങ്ങളുടെ യാത്ര, പുതിയ കൂട്ടരോടൊപ്പം തുടര്ന്നുകൊണ്ടിരുന്നു. കുറ്റാക്കുറ്റിരുട്ട് പരക്കും വരെ അവര് നടന്നു. പൂഴിയിലും ടാറിലും നടന്ന്, മുണ്ടന്മൂരിയുടെ കുളമ്പുകള്ക്കിടയില്നിന്നും ചോര വമിച്ചു. അസഹ്യമായ വേദന, ചുട്ടുനീറുന്ന പുറം. വിസ്മൃതമായ ഭൂതകാലത്തിലേക്കുപോലും പോകുവാനാവാതെ അവന് തളര്ന്നു. ചാണകവും ചളിയും, ചീഞ്ഞ പുല്ക്കൂമ്പാരവും നിറഞ്ഞ ഏതോ ഒരു ചതുപ്പില്, അവനും കൂട്ടാളികളും തളയ്ക്കപ്പെട്ടു. തങ്ങളെ നയിച്ചുകൊണ്ടുവന്നവര്, വിശ്രമംതേടി എങ്ങോട്ടോ നീങ്ങി. കൂട്ടാളികളിത്രയുമുണ്ടായിട്ടും, എല്ലാവരും ഒറ്റപ്പെടലിന്റെ നൊമ്പരമനുഭിക്കുകയായിരുന്നു.
തളര്ച്ചയും പുകച്ചിലും സഹിച്ച്, ഒന്നു കിടക്കുവാന്പോലുമാകാതെ, അവരെല്ലാം ആ ചതുപ്പില്നിന്ന് നേരം വെളുപ്പിച്ചു. അപ്പോഴേക്കും തങ്ങളെ നയിക്കേണ്ടവര് എത്തിച്ചേരുകയും അവരുടെ കെട്ടഴിക്കുയും ചെയ്തു. അപ്പോഴേക്കും അവിടെ തളര്ന്നുവീണ മറ്റൊരു കാളക്കുട്ടിക്ക്, എഴുനേല്ക്കാന്പോലുമായില്ല. തങ്ങളെ തെളിക്കേണ്ടവര്ക്ക്, അത് അസ്വസ്തതയുണ്ടാക്കി. അവര് അവന്റെ പുറന്തോല് അടിച്ചു പൊട്ടിച്ചു. എരിയുന്ന കാന്താരിമുളക്, അവന്റെ മൂക്കില് ഞരടിത്തേച്ചു. അതൊന്നു പിടഞ്ഞു. പക്ഷെ, ആ പാവം തന്റെ യാത്ര അവിടെ അവസ്നിപ്പിച്ചുകഴിഞ്ഞിരുന്നു. ക്രൂരന്മാരായ വഴികാട്ടികള്, കൈയ്യില് കരുതിയിരുന്ന മൂര്ച്ചയേറിയ ആയുധംകൊണ്ട്, ചത്ത കാളിക്കുട്ടിയുടെ തോല് പൊളിച്ചെടുത്ത്, അടുത്തുള്ള കനാലില് കഴുകിയെടുത്ത് ഒരു ചാക്കില് കെട്ടിവച്ചു. മാംസപിണ്ഡം അവിടെയുപേക്ഷിച്ച്, ചാട്ടവീശി, അവശേഷിച്ചവരെ നടത്താന് തുടങ്ങി. അപ്പോള് ആര്ത്തിപൂണ്ട കുറെ കഴുകന്മാര്, ചത്ത കാളക്കുട്ടിയുടെ മൃതം കൊത്തിവലിക്കാന് തുടങ്ങി.
എത്രയോ കാതങ്ങള് നടന്നിരിക്കാം. നിരപ്പാര്ന്നവഴിയില്നിന്നും, മലമടക്കില് പുളഞ്ഞു കിടക്കുന്ന വളിയിലൂടെ, അവര് മുകളിലേക്കു കയറിക്കൊണ്ടിരുന്നു. നടന്നു വലഞ്ഞ് ഉയരങ്ങലിലെത്തുമ്പോള്, തനിക്കപരിചിതമായ ഒരു ഭാഷയില് ചില വാഗ്ധോരണികള് എവിടെനിന്നോ കേട്ടു തുടങ്ങി. തങ്ങളെ തെളിച്ചുകൊണ്ടുവന്നവരുമായി, ആ അപരിചിതഭാഷയില് രണ്ടുപേര്‍ സംസാരിക്കുകയും, ആയുധവും തങ്ങളെയും, അവര്ക്കു കൈമാറി മറ്റവര് മടങ്ങിപ്പോകുകയും ചെയ്തു. അവിടേക്ക് പലയിടങ്ങളില്നിന്നും, ചായം തേച്ച കൊമ്പന്മാര് വന്നുകൊണ്ടിരുന്നു. ആ സംഗമത്തിന്റെ അവസാനം എല്ലാവരും വഴിപിരിയുകയായിരുന്നു. പലവഴിക്ക്. മലമടക്കുകളിലൂടെ ചിലര്, നിരപ്പാര്ന്ന ഭൂമിയിലുടെ മറ്റുചിലര്, ടാര് വിരിച്ച രാജവീഥിയിലൂടെ ഇനിയും യാത്രതുടരാന് വേറെ ചിലര്.
നിരപ്പോ ഗര്ത്തമോ മനസ്സിലാക്കാനുള്ള ത്രാണിപോലും, മുണ്ടന്മൂരിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. വളരെയേറെ ദൂരം പിന്നെയും നടന്നിരിക്കാം. ജനക്കൂട്ടവും പലവിധ കച്ചവടങ്ങലും നടക്കുന്ന ഒരു അങ്ങാടിയിലേക്കായിരുന്നു, മുണ്ടന്മൂരിയുടെ യാത്ര. കച്ചവടക്കൂട്ടങ്ങള്ക്കിടയിലൂടെ നടന്നുനടന്ന്, അലോസരമായ ഭാഷ കേട്ട്, ആ അങ്ങാടിയുടെ ഒരറ്റത്തേക്ക്, അവര് എത്തിത്തുടങ്ങി. ജീര്ണ്ണിച്ച ദ്രവ്യങ്ങള് കൂട്ടിയിട്ടിരിക്കുന്ന ആ പ്രദേശങ്ങളില് അസഹ്യമായ ഒരു ദുര്ഗന്ധം നിറഞ്ഞു നിന്നിരുന്നു. അതും സഹിച്ചു മുന്നോട്ടുനീങ്ങവെ, അകലത്തായി, പഴയ ഷീറ്റുകള് മേഞ്ഞ ചില നാല്ക്കാലിപുരകള്. ചീവും ചിതലുമരിക്കുന്ന അവയുടെ തൂണുകള്ക്കിടയില് മുകളില്നിന്നും തൂങ്ങിയാടുന്ന ചോരകിനിയുന്ന, കുറേ മാംസത്തുണ്ടുകള്. രക്ത്തിന്റെ, മനംപുരട്ടുന്ന നാറ്റം.
മുണ്ടന്മൂരിക്ക് എല്ലാം മനസ്സിലായി. ഇനി തന്റെ വഴി അങ്ങോട്ടാണ്. സ്ഫടികക്കട്ടികള്‍ പോലെ തിളങ്ങിനിന്ന മുണ്ടന്മൂരിയുടെ കണ്കോണുകളിലൂടെ കണ്ണീര്കണങ്ങള് ചാലിട്ടൊഴുകി.
-ഹരി നായര്    (13-09-2012)


Wednesday, August 22, 2012

ദാമ്വേട്ടന്


ദാമ്വേട്ടന്                                       (കൊച്ചുകഥ)
ദാമ്വേട്ടന് പടിയിറങ്ങി.
കോടിയുടുത്ത്....ചേര്‍ത്തു പിടിച്ച കൈകളില് ഒരു കുല പൂക്കളുമായി...ആരോടും പരിഭവമില്ലാതെ....ദാമ്വേട്ടന്‍ പടിയിറങ്ങി. കൊളുത്തിയ വിളക്കുമായി ആരൊക്കെയോ കൂടെ...കിഴക്കോട്ടിറങ്ങി...തോക്കോട്ടു തിരിഞ്ഞ്....യാത്രയായി..
എല്ലാം ഇട്ടെറിഞ്ഞ്....മൌനിയായി പടിയിറങ്ങുമ്പോള്‍  മിടിക്കുന്ന ഹൃദയങ്ങളോ..... നിറയുന്ന കണ്ണുകളോ, ദാമ്വേട്ടന്‍ അകമ്പടിയില്ലായിരുന്നു.... എല്ലാമുണ്ടായിട്ടും, ഉള്ളതൊന്നുമറിയാതെ.....ശാന്തമായയാത്ര.....
ദാമ്വേട്ടന് വേദനിക്കാനറിയുമായിരുന്നില്ല..... ആരെയും വേണ്ടപോലെ സ്നേഹിക്കാനറിയുമായിരുന്നില്ല... പരിഭവമോ പരാതിയോയില്ലാതെ ഒരു ജന്മം. വിശപ്പെന്ന തീരാശാപത്തില്‍‍നിന്നും, ദാമ്വേട്ടന് മോചനമുണ്ടായിരുന്നില്ല... ഉത്തരത്തില്‍ തൂങ്ങിയാടിയ പിതാവിന്റെ മൃതദേഹം ഒരുനിമിഷം നോക്കിനിന്നിട്ട്, അയല്‍വക്കത്തെ അടിയന്തിരവീട്ടിലേക്കിറങ്ങിപ്പോയ ദാമ്വേട്ടന്... വീട്ടില് പുകയുയരാന്‍ അല്പം വൈകിയാല്, അയല്വീടുനോക്കി തിരിഞ്ഞുപോകുന്ന ദാമ്വേട്ടന്... വഴിയോരങ്ങളില് കൈനീട്ടിനിന്ന്, ഒരു ഭിക്ഷക്കാരനെപ്പോലെ യാചിക്കുന്ന ദാമ്വേട്ടന്... കോക്രി കാട്ടുന്ന കുട്ടികളോട് ശണ്ഠ കൂട്ടുന്ന ദാമ്വേട്ടന്.... മൃതദേഹം കണ്ടാല് ഭയന്ന് ഓടിയോളിക്കുന്ന ദാമ്വേട്ടന്... കുരിശടികണ്ടാല്, തെറിപറഞ്ഞ് കല്ലെടുത്തെറിയുന്ന ദാമ്വേട്ടന്......
ദാമ്വേട്ടനോട് പക്ഷെ ആര്ക്കും ഒരു വിരോധവുമില്ലായിരുന്നു..... ദാമ്വേട്ടന് വ്യക്തിപരമായി ആരോടും പിണക്കവുമില്ലായിരുന്നു... വിശപ്പ് തൊട്ടുവിളിച്ചാല് മാത്രം ദാമ്വേട്ടന് ക്ഷമിക്കാന് കഴിയുമായിരുന്നില്ല.....
അല്പ്പം കൂനി നടക്കുകയും, വീടുവീടാന്തരം കയറിയിറങ്ങുകയും ചെയ്യുന്ന ദാമ്വേട്ടന്റെ മുന് വരിയിലെ രണ്ടു പല്ലുകള് കുറച്ചുപൊങ്ങി,  ചുണ്ടുകള്ക്കിടയിലൂടെ പുറത്തേക്ക് തലനീട്ടിനിന്നിരുന്നതിനാല്, കുട്ടിയാനഎന്നൊരു വിളിപ്പേരുകൂടി, അദ്ദേഹത്തിനുണ്ടായിരുന്നു. ആദ്യമൊക്കെ ഈ വിളിയില് പരിഭവിച്ചിരുന്ന ദാമ്വേട്ടന്, കാലാന്തരത്തില്, ആ വിളി ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കണം. കാരണം, ആ വിളിയെ അദ്ദേഹം കാര്യമായി ഗൌനിക്കാതായിക്കഴിഞ്ഞിരുന്നു. ഏതായാലും ദാമ്വേട്ടന് പടിയിറങ്ങുന്പോള്, അദ്ദേഹത്തിന് വഴിയൊരുക്കുവാനും, വിളക്കു കാണിക്കുവാനും, കുറേ പേരെങ്കിലും ആ പുരയിടത്തില്‍ എത്തിയിരുന്നു. വേദനയും വെളിപാടുമൊന്നുമില്ലാതെ, ദാമ്വേട്ടന് പോയവാറെ എല്ലാവരും പിന്തിരിഞ്ഞു. ദാമ്വേട്ടന്റെ പുരാണങ്ങളും പാടി, അവര് നടന്നു മറഞ്ഞു.
ദാമ്വേട്ടന് ഇരുന്നു കഴിച്ച ചാരുപടിയും, ഉമ്മറക്കോലായും അനാഥമായിക്കിടന്നു. അവ്യക്തമായി കോറിവരച്ചിട്ട കുറേ ചിത്രക്കോപ്പുകള്, പല്ലിളിച്ചു പറന്നുനടന്നു. ദാമ്വേട്ടന് ഒരിക്കലും മറക്കാതെ തിരിയിട്ടു കത്തിച്ചിരുന്ന നിലവിളക്ക്, ദീപമില്ലാതെ വാടിയിരുന്നു.. കഥയറിഞ്ഞെത്തിയ കുറെ കൂടപ്പുറപ്പുകള്, കാടുകയറിക്കിടക്കുന്ന പുരയിടത്തിലും, കുലനിറഞ്ഞു നില്ക്കുന്ന തെങ്ങിന് ചുവട്ടിലും നിന്ന് കുശുകുശുത്തു. പലരും മനക്കണ്ണില് പലതും പ്ലാന് ചെയ്തുകഴിഞ്ഞിരുന്നു. ദാമ്വേട്ടനെ പൊട്ടനെന്നും ,വട്ടനെന്നും വിളിച്ചുമാറിനിന്നിരുന്ന പല രക്തബന്ധങ്ങളും, ദാമ്വേട്ടന് സൂക്ഷിച്ചുവെച്ചിരുന്ന നിധികുംഭത്തില് കണ്ണു നട്ട് പാഞ്ഞു നടന്നു.
അനാഥമായ ആ വസ്തുവകകള് എങ്ങിനെയാണ് വീതിക്കുക, എന്നുള്ള തലവേദന, അവര് ആത്മാര്ത്ഥമായി ഏറ്റെടുത്തു.
ഇതൊന്നുമറിയാതെ, ദാമ്വേട്ടന്, പിതൃലോകത്തേക്കുള്ള വഴിത്തരായിലൂടെ ഏകനായി നടക്കുകയായിരുന്നു.
-ഹരിനായര്       (18-08-2012)

Saturday, July 28, 2012

ആഘോഷം (കൊച്ചുകഥ)




ഈറന് മണക്കുന്ന തെക്കിനിയില് മുത്തശ്ശി, കാത്തിരുന്നു. കര്ക്കിടകക്കോളില് പെയ്ത മഴയില്, നടവഴിയും നടുമുറ്റവും നിറഞ്ഞു കിടക്കുകയായിരുന്നു. എല്ലാ വര്ഷവും ദിവസം മുത്തശ്ശി മുടങ്ങാതെ വരാറുള്ളതാണ്. കാലങ്ങളായി അതു തുടര്ന്നുകൊണ്ടിരിക്കുന്നു. ദിവസത്തെ ഇടിയോ, മിന്നലോ, കോരിയൊഴിക്കുന്ന മഴയോ മുത്തശ്ശി കാര്യമാക്കാറില്ല. സന്ധ്യക്കു വിളക്കുവെച്ച്, രാമനാമം ചൊല്ലുന്ന ഇളമുറക്കാരെ വളരെ നേരം നോക്കി നില്ക്കും. നാമം ചൊല്ലിക്കഴിഞ്ഞ്, നേരപ്പായ തെറുത്തുവെച്ച്, കൊച്ചുകുട്ടികള് എഴുനേറ്റ് കലപില കൂട്ടാന് തുടങ്ങും. മുതിര്ന്നയാളുകള്ക്ക് അടുക്കളയില് പിടിപ്പതു പണിയുണ്ടാവും.അരിമാവും ശര്ക്കരയും ഏലക്കാപ്പൊടിയുമൊക്കെ ചേര്ത്ത് പുഴുങ്ങിയെടുക്കുന്ന അട കാണുമ്പോഴെ, പാവം മുത്തശ്ശിക്ക് വായി വെള്ളം നിറയും. പാത്രം തുറന്നുവെക്കുമ്പോള് വളരെ ആസ്വാദ്യമായ ഒരു സുഗന്ധം നാലുകെട്ടിലും, തെക്കിനിയിലും പരക്കും. പിന്നെ വിളക്കു കൊളുത്തി, മുതിര്ന്ന കാരണവര് തെക്കിനിയിലേക്കു പോകും. പ്രായപൂര്ത്തിയായ പെണ്ണുങ്ങള്ക്ക് തെക്കിനിയിലേക്കു പോയിക്കൂട. അവരാരും അതിനു ശ്രമിക്കാറുമില്ല. പീഠത്തില് വിളക്കുവെച്ച്, അതിനുമുന്പില് നാക്കിലവെയ്ക്കും. അതിന്മേലവിലും മലരും പഴവും ശര്ക്കരയുമൊക്കെ നിറക്കും. അപ്പോളേക്കും ഇളമുരക്കാരാരെങ്കിലും, അപ്പോളുണ്ടാക്കിയ അടയും, വെട്ടിയ കരിക്കുമായെത്തും. മറ്റൊരു നാക്കിലയില് അതും വെച്ചുകഴിഞ്ഞാല്, അവരാരും പിന്നെ അവിടെ നില്ക്കില്ല. തെക്കിനിയുടെ വാതില് വലിച്ചടച്ച് അവര് പടിയിറങ്ങും. ഇനിയാണ് മുത്തശ്ശിയുടെ ഊഴം. സുഖമായ അത്താഴം, പിന്നെ, കാരണവന്മാര് ആരെങ്കിലും വായിക്കുന്ന രാമായണം….അതിനു ശേഷം മടക്കംഒരു വര്ഷത്തെ കാത്തിരിപ്പ്.
ഇന്ന്, മുത്തശ്ശി വളരെ നേരമായി കാത്തിരിക്കുകയാണ്. വെളിയില്നാമജപമോ, കുട്ടികളുടെ കലപിലയോ കേള്ക്കുന്നില്ല. പെണ്ണുങ്ങളുടെ അനക്കവും കേള്ക്കുന്നില്ല. ആണുങ്ങള്നടക്കുന്ന ശബ്ദമില്ല. പുറത്തു പെയ്യുന്ന  മഴക്ക് കാര്യമായ ശമനമൊന്നുമില്ലായിരുന്നു. തെക്കിനിയിലെ തറയില്അരിച്ചുകയറുന്ന തണുപ്പ്, കനത്തമഴകാരണം ഈറന്നുരയുന്നതാണെന്നാണ് മുത്തശ്ശി കരുതിയത്. കുറച്ചു നാള്മുന്പ്, വീടാകെ ഗ്രാനേറ്റുകള്പാകിയ കഥ മുത്തശ്ശിക്കറിയില്ലല്ലോ. കാത്തിരുപ്പ് വിഫലമാകുകയാണെന്ന് മുത്തശ്ശിക്കു തോന്നി. പുറത്ത്, ആരുടെയൊക്കെയൊ ചുടുനിസ്വാസങ്ങളും, ചിലമ്പിയ കരച്ചിലും കേള്ക്കുന്നുണ്ട്. ഇടക്കു ചില വാദ്യോപകരണങ്ങളുടെ ശബ്ദവും. എന്താണ് സംഭവിക്കുന്നതെന്ന് മുത്തശ്ശിക്ക് മനസ്സിലായില്ല. അപ്പോഴേക്കും. ഇളയതലമുറയില്പെട്ട ആരുടെയൊ വര്ത്തമാനം കേട്ടു.
അമ്മെ, ഗ്യാസേലിരിക്കുന്ന സാധനം ഏതു പാകമായോ എന്തോ..?”
പോ പെണ്ണേ….. അവള്ക്ക് എന്തുപറ്റിയെന്നു കാണട്ടെ……”
അതിന്റെ ബാക്കി ഭാഗം നാളെ രാവിലെയും കാണാമെല്ലോ….”
പെണ്ണിനെക്കൊണ്ടു തോറ്റു…..”
പിന്നെ കുറച്ചു നേരത്തേക്ക് പഴയ കരച്ചിലും ചില വാദ്യോപകരണങ്ങളുടെ ശബ്ദവുമൊക്കെ തുടര്ന്നും കേട്ടുകൊണ്ടിരുന്നു. പുറത്ത് എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്ന് മുത്തശ്ശി നിരൂപിച്ചു. കാതോര്ത്തപ്പോള്ചില പാത്രങ്ങള്താഴെ വീഴുന്ന ശബ്ദം കേട്ടു. അപ്പോള്ഒരു ചിരിയും, പുറകെ ഒരു വര്ത്തമാനവും
ഇവിടെനിന്ന് എഴുന്നേറ്റുപോയതിന്റെ കലിപ്പാ…”
അപ്പോഴേക്കും മുതിര്ന്ന ഒരു സ്ത്രീ ഉറക്കെ വിളിച്ചുപറഞ്ഞു.
അട കരിഞ്ഞു പോയി…. ഇനിയെന്തു ചെയ്യും…? അച്ഛന്വരുമ്പോള്ഇന്ന് ചീത്ത ഉറപ്പ്…”
കുറച്ചു സമയത്തെ ഇടവേളക്കു ശേഷം, ഒരാള്പറയുന്നതു കേട്ടു.
എല്ലാ കാലവും അട തന്നെയല്ലെഇക്കുറി നല്ല കുറച്ചു നൂഡിത്സ് ആക്കി കളയാം….”
മുത്തശ്ശി ഞെട്ടിപ്പോയി. അതെന്തു സാധനമാണാവോ…. പിന്നെ സമാധാനിച്ചു. അതെങ്കിലത്….
തെക്കിനിയിലേക്കു കടന്ന കരിവുമണത്തിന് അവധി നല്കിക്കൊണ്ട്, വെളുത്തുള്ളിയുടെയും, മസാലയുടെയും മടുപ്പിക്കുന്ന മണം കടന്നു വന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍, മുത്തശ്ശിക്കു ശ്വാസം മുട്ടാന്തുടങ്ങി. ഇന്നിതുവരെ അനുഭവിച്ചിട്ടില്ലാത്ത മണം, മുത്തശ്ശിക്ക് ഉള്ക്കൊള്ളുവാനാകുമായിരുന്നില്ല. പക്ഷെ, പുറത്ത്, സന്തോഷത്തിന്റെ തിരത്തള്ള്ലും, ആസ്വദിക്കുന്നതിന്റെ നിശ്വാസങ്ങളും കേട്ടു
അതു കഴിഞ്ഞു….. അച്ഛനെത്തിയില്ലെല്ലോ….. തെക്കിനിയിലേക്കു ഞാന്തന്നെ പോകാം…..“ “
പിറകെ മറ്റൊരു ശബ്ദം കൂടി….
ഹാ…. നൂഡിത്സ് അല്പം കലങ്ങിപ്പോയി……, , ഇതൊക്കെ ആരറിയാനാ…”
പിന്നെ പാത്രങ്ങളുടെ ശബ്ദം കേട്ടു…. വെന്തുകലങ്ങിയ നൂഡിത്സിന്റെ മണം പരന്നു…. 
വീണ്ടും സംഭാഷണം തുടരുന്നു...“നാക്കിലക്ക് എന്തു ചെയ്യും...?”                  “... വാഴയില്ലാത്ത നാട്ടി എവിടെ കിട്ടും നാക്കില..? നീ പുതിയ പ്ലേറ്റ് ഇങ്ങെടുക്ക്...”
അപ്പോഴേക്കും വിശന്നിരുന്ന മുത്തശ്ശിയുടെ വിശപ്പ്  കെട്ടിരുന്നു…. വിളക്കു വെയ്ക്കും മുന്പെ, പുതിയ പ്ലേറ്റ് നിരത്തും മുമ്പേ, മുത്തശ്ശി തെക്കിനിയില്നിന്നും പുറത്തിറങ്ങി. കറുത്ത വാവിന്റെ കാളിമയിലേക്ക്, ഇനിയും പെയ്തു കഴിഞ്ഞിട്ടില്ലാത്ത മഴയിലേക്ക് മനസമാധാനത്തോടെ മുത്തശ്ശി വേച്ചു വേച്ചിറങ്ങി….
മുത്തശ്ശി ഒരു തീരുമാനമെടുക്കുകയായിരുന്നു…….
ഇനിയൊരു വാവിനും ഇവിടേക്കില്ല.”
-ഹരി നായര്‍   (24-07-2012)