Sunday, March 10, 2013

മുനിഞ്ഞു കത്തിയ തിരിനാളം (കഥ)

മുനിഞ്ഞു കത്തിയ തിരിനാളം   (കഥ)


സാബ്ജി, ആപ് ജാന്‍തേ ഹോ, ഏക് കിശന് നയ്യര്... നാം സേ ലഗ്താ ഹേ, ആപ് കീ വഹാം സേ ഹോഗീ വോ ആദ്മി..”(സര്, നിങ്ങളറിഞ്ഞോ, കൃഷ്ണന്‍നായര്‍ എന്നോരാള് , നിങ്ങളുടെ നാട്ടുകാരനാണെന്നു തോന്നുന്നു..)
എനിക്ക് ഉത്തരേന്ത്യയിലെ ഈ മണ്ണില് പതിനാലു വര്ഷത്തെ പരിചയമുണ്ട്... പക്ഷെ ഈ വ്യക്തിയെ പിടി കിട്ടുന്നില്ല. എങ്കിലും, എന്റെ മറുപടിക്കു കാത്തുനില്ക്കുന്ന പവന്ജിയുടെ മുന്നില്, ആ അപരിചിതത്വം ഞാന് തുറന്നില്ല.
ഹാം, ബോലോജി.. ഹുവാ ക്യാ..?” (പറയൂ..എന്താണു സംഭവിച്ചത്?)
പതാ നഹീ ചലാ ക്യാ....? വോ ഗുജര് ഗയാ...(അയാള് മരിച്ചുപോയത് അറിഞ്ഞില്ലേ?)
എനിക്ക് അപരിചിതനെങ്കിലും  കൃഷ്ണന് നായരുടെ മരണം എന്നെ പിടിച്ചുലച്ചു. മലയാളി സംഘടനകളിലും, കമ്പനി യൂണിയനുകളിലും സ്ഥിര സാന്നിദ്ധ്യമായിരുന്ന എനിക്ക്, എന്തുകൊണ്ട് ഇങ്ങിനെയൊരു കൃഷ്ണന് നായരെ അറിഞ്ഞു കൂടാ.. പവന്ജിയോട് കൃഷ്ണന് നായരെപ്പറ്റി ഇനിയും ഒരുപാടു ചോദിക്കണമെന്നുണ്ട്. അതു ചിലപ്പോള് ഞാനൊളിച്ചു വച്ച മൌഢ്യം വെളിപ്പെടുവാന് കാരണമായേക്കും. എങ്കിലും ഇത്രകൂടി മാത്രം ചോദിക്കുവാന് ഞാന് തീരുമാനിച്ചു.
പവന്ജി.. യേ കബ് ഹുവാ... ഓര് കൈസേ...?” (ഇത് എപ്പോള് സംഭവിച്ചു... എങ്ങിനെ?)
ഞാന് ചോദിച്ച ചോദ്യങ്ങള്ക്കുമാത്രം അയാള് മറുപടി നല്കി സംഭാഷണം അവസാനിപ്പിച്ചേക്കുമോ എന്നെനിക്ക് ഭയം തോന്നി.. കാരണം, ഇനി പവന്ജി പറഞ്ഞെങ്കില്‍ മാത്രമേ, കൃഷ്ണന് നായരുടെ കഥ ഞാനറിയുകയുള്ളു. എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നി... സത്യം തുറന്നു പറയാമായിരുന്നു... കൃഷ്ണന് നായരെ ഞാനൊരിക്കലും കണ്ടിട്ടില്ലെന്ന്.
പവന്ജി കഥ മുഴുവന് ചുരുക്കിപ്പറയാന്‍ തന്നെ തീരുമാനിച്ചിരുന്നിരിക്കണം.
സാബ്ജി സുനിയേ..
പവന്ജി പാന്റ്സിന്റെ പോക്കറ്റില്നിന്നും തംബാക്കെടുത്ത് (ഒരുതരം പുകയില ഉത്പന്നം), ചുണ്ണാമ്പു ചേര്ത്ത് കൈവെള്ളയിലിട്ട് തിരുമ്മി പതം വരുത്തുന്നതിനിടയില് കുറച്ചുനേരം നിശ്ശബ്ദനായി കാണപ്പെട്ടു. അയാള് ദൂരേക്കു നോക്കി കൃഷ്ണന് നായരുടെ ജീവചരിത്രം മുഴുവന് ആവാഹിച്ചെടുക്കുകയായിരിക്കണം. തിരുമ്മിയെടുത്ത തംബാക്ക്, നാക്കിനടിയില് തിരുകിവെച്ചിട്ട് അയാള് നീട്ടിയൊന്നു തുപ്പി. എന്നിട്ട് എന്റെ മുഖത്തേക്കു നോക്കി...
നിങ്ങള്ക്കാര്‍ക്കുമറിയാത്ത കിശന്ജിയെ എനിക്കറിയാം. അയാള് ഒരു ഏകാന്ത ജീവിയായിരുന്നു. എന്റെ ഫ്ലാറ്റിനരുകിലെ ചാളകളിലൊന്നില്, കഴിഞ്ഞ മൂന്നു നാലു കൊല്ലത്തോളമായി അയാള് ഏകാന്തവാസത്തിലായിരുന്നു.
പണിയെടുത്തു ജീവിക്കുവാന്, ഇന്നാട്ടിലേക്കു വരുന്ന നിങ്ങള്ക്കാര്ക്കും, അതുപോലുള്ള ഒരു ചാളയില് കഴിഞ്ഞുകൂടുവാനാവില്ല. എന്തുകൊണ്ടോ കിശന്ജി, ആ ചാളകളെ ഇഷ്ടപ്പെട്ടിരുന്നു. ഇക്കാലങ്ങളത്രയും അയാള് ഒരു ജോലിക്കുപോകുന്നതോ, ജോലിതേടി പോകുന്നതോ ഞാന് കണ്ടിട്ടില്ല, താമസസ്ഥലം വിട്ട് പുറത്തേക്കുവരുന്നതുതന്നെ അപൂര്‍വ്വം. അയാള്ക്കാരുമായും ബന്ധങ്ങളൊന്നുമില്ലായിരുന്നു. അയാളുടെ മുഖത്തെപ്പോഴും വിഷാദം അലയടിച്ചിരുന്നു. അന്തര്മുഖനായ അയാളോട്, എന്തെങ്കിലും ചോദിക്കുവാനോ, ഒന്നു പരിചയപ്പെടുവാനൊ മറ്റാരെയും പോലെതന്നെ എനിക്കും തോന്നിയിരുന്നില്ല. കുടുംബഛിദ്രമോ, പ്രേമ നൈരാശ്യമോ എന്തെങ്കിലും അലട്ടിയിരുന്നുവോയെന്നും എനിക്കറിയില്ല. അങ്ങിനെയൊരുദിനം, അപരിചിത്വത്തിന്റെ മുഖപടം നീക്കി, കിശന്‍ നായര്, എന്റെ അടുത്തു വന്നിരുന്നു.
ഭായ് സാബ്.. ഞാന് കുറച്ചുകാലങ്ങളായി കെട്ടിപ്പിടിച്ചിരിക്കുന്ന ഈ ഏകാന്തതയെ വെറുക്കാന് തുടങ്ങുന്നു... നാടിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനാഗ്രഹിക്കുന്നു... അതിന് ഒറ്റക്കു മതിയാവില്ല എന്നു തോന്നി....
നല്ല കാര്യങ്ങള്ക്ക് ഞാനൊപ്പമുണ്ടാകുമെന്ന് വാക്കു കൊടുത്തു... അടുത്ത ഒരു ചോദ്യത്തിന് നാക്കു ചലിപ്പിക്കാന് തുടങ്ങവേ, കിശന് നായര് പറഞ്ഞു...
സാബ്ജി, ഊരോ പേരോ ദയവു ചെയ്ത് ചോദിക്കരുത്... അവയെ എന്നേക്കുമായി മറക്കുവാനാണ് ഞാനാഗ്രഹിക്കുന്നത്... അതേതാണ്ട് വിജയത്തിലുമാണ്.. അങ്ങിനെതന്നെയിരിക്കട്ടെ.
പിന്നീട് അക്കാര്യങ്ങളൊന്നും ഒരിക്കലും ഞാന് ചോദിച്ചിട്ടില്ല. ഇതുവരെ ഞാനറിഞ്ഞിട്ടുമില്ല. അദ്ദേഹത്തോടൊപ്പം എന്തെങ്കലും പ്രവര്ത്തനങ്ങള്ക്കൊന്നും അദ്ദേഹം എന്നെ ക്ഷണിച്ചിട്ടില്ല. ഒറ്റക്ക് എന്തെങ്കിലുമൊക്കെ ചെയ്തുവോയെന്നും എനിക്കറിയില്ല. ദിനം ദിനം ഒരു പുഞ്ചിരിയോ ഒരു കൈവീശലോ കൊണ്ട് പരിചയം പുതുക്കിപോന്നു.
ചില ദിവസങ്ങളായി അദ്ദേഹത്തെ കാണാറില്ലായിരുന്നു. അന്വേഷിക്കുവാനൊന്നും ശ്രമിച്ചില്ല. പിന്നീട് കഴിഞ്ഞ ദിവസമാണ്, അദ്ദേഹത്തെ ഞാന് കാണുന്നത്. അതിരാവിലെ, അദ്ദേഹം എന്റെ അതിഥിയായി വീട്ടില് വന്നു.
പവന്സാബ്, ദീദി കോ ബോലിയെ, മുഝേ ഭീ ഏക് ചായ്.. (പവന്ജി, ചേട്ടത്തിയോട് പറയൂ, എനിക്കുമൊരു ചായ.)
ആ നിമിഷങ്ങളില്, അന്തര്മുഖതക്കു വിട നല്കി കിശന് നയ്യരുടെ മുഖത്ത് ഒരു തേജസ് ജ്വലിക്കുന്നതു ഞാന്കണ്ടു. എന്റെ ഭാര്യ നല്കിയ ചായ മൊത്തിക്കുടിക്കുന്നതിനിടയില് അയാള് പറയുകയായിരുന്നു..
കുറച്ചു ദിവസങ്ങള് ഞാന് പൂനെയിലായിരുന്നു. ചില ആരോഗ്യ രക്ഷാ സ്ഥാപനങ്ങള് സന്ദര്ശിച്ചു... പ്രഗല്ഭരായ പല ഡോക്ടര്മാരെയും പരിചയപ്പെട്ടു. അവര്ക്ക് എന്നെ വിട്ടയക്കാന് തന്നെ താത്പര്യമില്ലായിരുന്നു ഒരു തരത്തിലാണ് രക്ഷപ്പെട്ടത്. അയാള് അല്പനേരം ചിന്താകുലനായി.
അവര് പറഞ്ഞത്, എന്റെ പ്രവര്ത്തനങ്ങള് തുടങ്ങാറായി എന്നാണ്. ഏതായാലും നാളെ, ഞാനെന്റെ പ്രവര്ത്തനങ്ങള് തുടങ്ങുകയാണ്.
ആകാംക്ഷയോടെ കാത്തിരുന്ന എന്നോട്, അയാളുടെ നിശ്ചയം എന്താണെന്നോ, പ്രവര്ത്തനങ്ങളുടെ രൂപരേഖയോ ഒരിക്കലും പറഞ്ഞില്ല. ചായ കുടിച്ചവസാനിപ്പിച്ച് അയാള്, അബദ്ധവശാല്, ആ ഗ്ലാസ്സ് ഡസ്റ്റ് ബിന്നില് എറിഞ്ഞുടച്ചു... കാണിച്ച അബദ്ധത്തിന് ക്ഷമചോദിച്ചു... എന്നിട്ട് ഒന്നുമാത്രം പറഞ്ഞു.
ഇനി എനിക്ക് നിങ്ങളുടെ ആവശ്യം വന്നേക്കാം.
പിന്നീട് കൈവീശി കാണിച്ച്, അയാള് നടന്നുപോയത്, അയാളുടെ ചാളകളിലേക്ക് തന്നെയായിരുന്നു.
ഇന്നു രാവിലെ, ചുവന്ന നാടയുടെ ചിത്രം വരച്ച ഒരു വാന് ചാളയിലേക്കു കടന്നുവരുമ്പോള്, പോലീസുകാരെന്ന് തെറ്റിദ്ധരിച്ച്, അലമുറയിടുന്ന ചില ചാളനിവസികളുടെ ഒച്ച കേട്ടാണ് ഞാന് ഉണര്ന്നത്. ആ വാഹനം നേരെ പോയത്, ചാളയുടെ ഉള്വഴിയിലേക്കായിരുന്നു..... ആകാംക്ഷയോടെ ഞാനും ചാളയിലെത്തി. ആ വാഹനം ചെന്നു നിന്നത്, കിഷന്ജിയുടെ ചാളക്കു മുന്പിലായിരുന്നു, സാബ്ജി.
കഥ തുടര്ന്നു കേള്ക്കുവാനുള്ള ക്ഷമ എനിക്കു നശിച്ചിരുന്നു...
പവന്ജി...നമുക്ക് ചാളവരെ ഒന്നു പോയാലോ...
എന്തിനാണു സാബ്ജി.... കിശന്ജിയെ അവര് കൊണ്ടുപോയിക്കഴിഞ്ഞു.
എങ്കിലും...
പവന്ജിക്കൊപ്പം, ഞാനും കൃഷ്ണന് നായരുടെ ചാളയിലെത്തുമ്പോള്, അവിടെ ആരുമുണ്ടായിരുന്നില്ല. കൃഷ്ണന് നായരുടെ കൂരയില്, അട്ടിയാക്കി അടുക്കി വച്ചിരിക്കുന്ന കുറേ നോട്ടീസ് കെട്ടുകള്, ലഘുലേഖകള്... എയ്ഡ്സ് എന്ന മഹാ രോഗത്തിനെതിരെ കുറെ ചിത്രങ്ങളും കാര്ട്ടൂണുകളും.... എല്ലാത്തിനുമടിയില് കൃഷ്ണന് എന്നു മാത്രമൊരു പേരും.
ഞാന് ഓര്ക്കുകയായിരുന്നു.....
ആരുമറിയാതെ, ആരെയുമറിയിക്കാതെ, ഇക്കാലമത്രയും എയ്ഡ്സ് എന്ന മഹാരോഗത്തിന്റെ ബീജങ്ങള് വഹിച്ചു നടന്നിട്ടും കൃഷ്ണന് നായര്, ആര്ക്കുമൊരാപത്തും ഉണ്ടാക്കിയില്ല. ബോധവല്ക്കരണത്തിന് ചിലതൊക്കെ ചെയ്യുവാന് തീരുമാനിച്ചിരുന്നുവെങ്കിലും നിയതി അതിനനുവദിച്ചില്ല. ആരോഗ്യ രംഗവും, കര്മ്മസംഘടനയും ചേര്ന്ന എടുത്തുകൊണ്ടു പോയ കൃഷ്ണന് നായര്, എന്റെ മനസ്സില് ഒരോര്മ്മയുടെ ലോകം സൃഷ്ടിച്ചുകൊണ്ട് ഇപ്പോഴും അജ്ഞാതനായി കഴിയുന്നു.
അരാവലി കുന്നുകള്ക്കുമുകളില് കത്തിനില്ക്കുന്ന സൂര്യന് കൂടുതല് തേജോമയനായിരുന്നു. പകല്ച്ചൂടിന്റെ ക്രൌര്യം ഭൂമിയിലേക്കിറങ്ങിവന്ന് ഒരു പൊടിക്കാറ്റൂതി വിട്ടു. കണ്ണും കാതും കൊട്ടിയടച്ച്, കാറ്റിന്റെ ശമനത്തിനായി കാത്തു നില്ക്കവേ, കൃഷ്ണന് നായര്.... പക്ഷേ അയാളുടെ ശിരസ്സിന്റെ സ്ഥാനത്ത് പ്രത്യേക രീതിയില് വളച്ചുവെച്ച ഒരു ചുവന്ന നാട മാത്രമേ എനിക്കു കാണാന് കഴിഞ്ഞുള്ളു, അല്ലെങ്കില് അതു മാത്രമേ എനിക്കറിയുമായിരുന്നുള്ളു....
-ഹരി നായര് (28-02-2013)