Tuesday, December 20, 2011

വിരുന്നൂട്ട്

വിരുന്നൂട്ട്

ക്രിസ്തുമസ് ഈവ് ആയിരുന്നു.

പുതുതായി പണിതീര്‍ത്ത വീടിനു ചുറ്റും ഭംഗിയുള്ള ദീപനാളങ്ങള്‍ തിളങ്ങി നില്‍ക്കുന്നു. വിരുന്നുകാര്‍ നിറഞ്ഞിരിക്കുകയാണു. വിരുന്നുകാരുടെ വാഗ്ധോരണികള്‍, വിരുന്നുവന്ന കുട്ടികളുടെ ക്രിസ്തുമസ് ഗാനങ്ങളും മണിനാദമുതിര്‍ക്കുന്ന മധുരശബ്ദങ്ങളും മുഴങ്ങുന്നുണ്ട്. കാറ്റാടിമരങ്ങളും കടലാസ്സുനക്ഷത്രങ്ങളും, മിന്നിനില്‍ക്കുന്ന വൈദ്യുതവിളക്കുകളുംകൊണ്ടു തീര്‍ത്തിട്ടുള്ള ക്രിസ്തുമസ് ട്രീയും, ബത് ലഹേമിലെ കാലിത്തൊഴുത്തും ക്രിസ്തുമസ് ഈവിനു കൊഴുപ്പേകുന്നു. ഭക്ഷണ പനീയങ്ങളുടേയും, സുഗന്ധദ്രവ്യങ്ങളുടേയും മനം മയക്കുന്ന സുഗന്ധം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു.

വളരെ ആസ്വാദ്യമായ രാത്രി. തന്റെ കൂട്ടാളികളെല്ലാം ഉറങ്ങി കഴിഞ്ഞിരിക്കുന്നു. മരയഴികളില്‍ തീര്‍ത്തതെങ്കിലും വിസ്ത്രിതവും വിനയമുറ്റതുമായ വസതിയില്‍ അവന്‍ ഉണര്‍ന്നിരിന്നു. ഡിസംബറിന്റെ തണുപ്പ് സുഖകരമായിട്ടാണ് അവനു തോന്നിയത് .

രാത്രി വളരെ ആയിരക്കാം. മുറ്റത്തുനിന്നും വാഹനങ്ങള്‍ ഞെട്ടിയുണര്‍ന്ന് ഗേറ്റ് കടന്നു പോകുന്നുണ്ട്. പതുക്കെ പതുക്കെ വീടും പരിസരവും നിശ്ശബ്ദമായി. ദൂരെയെങ്ങോ കേട്ടുകൊണ്ടിരുന്ന കരോള്‍ ഗാനങ്ങളും കേള്‍ക്കാതാകുന്നു. പരിസരത്തുള്ള പള്ളിയില്‍നിന്നും മണിനാദം ഉയരുന്നത് കേള്‍ക്കാന്‍ കഴിയുണ്ട്.

ഇത്രയും നേരം വീട്ടുകാരോടും വിരുന്നുകാരോടുമൊപ്പം അവനും മനസ്സുകൊണ്ട് ക്രിസ്തുമസ് ഈവ് ആഘോഷിക്കുകയായിരുന്നു. ഇപ്പോള്‍ ചെറുതായി ഉറക്കം വരുന്നു.

സമയം എത്രയായിയെന്നറിയില്ല. വീടും പരിസരവും വീണ്ടും ഉണര്‍ന്നുവന്നത് അവന്‍ അറിഞ്ഞില്ല. ആരോ തന്റെ പുറത്തു തലോടുന്നതറിഞ്ഞപ്പോഴാണു അവന്‍ ഉണര്‍ന്നത്. തലോടിയ കൈകള്‍ അല്പം മുറുകെ പുണര്‍ന്നതുപോലെ തോന്നി. അര്‍ധ്ധസുഷുപ്തിയില്‍ അവന്‍ അതും ആസ്വദിക്കുകയായിരുന്നു. അപ്പോഴേക്കും കൂട്ടുകാര്‍ ഉണര്‍ന്നു ബഹളം തുടങ്ങി. അവനും ഉറക്കം തെളിഞ്ഞു. സമയം തെറ്റിയതായി അവനു തോന്നി. ഇന്നത്തെ സുപ്രഭാതം വിളിച്ചറിയിക്കാന്‍ അവന്‍ മറന്നിരിക്കുന്നു. ഉറക്കക്ഷീണം അത്രക്കുണ്ടായിരുന്നു. ഇപ്പോള്‍ തലകീഴായി തൂങ്ങിക്കിടക്കുകയാണു. ആ കിടപ്പിലും അവന്‍ കര്‍മ്മനിരതനായി.

“കൊക്കക്കോ...കോ..”

പിന്നെ ആകാശം വെള്ളിവീശിയതും, വിരുന്നുകാര്‍ യാത്രപറഞ്ഞുപിരിഞ്ഞതും, ഒരു ക്രിസ്തുമസ് കൂടി തേരിലേറിമറഞ്ഞതും അവന്‍ അറിഞ്ഞില്ല. ക്രിസ്തുമസ് ദിനം അത്യുത്സാഹപൂര്‍ണ്ണമാക്കുന്ന തിരക്കിലായിരുന്നു, അവന്‍.