Friday, February 17, 2012

ശേഷിപ്പ്


എള്ളും പൂവും ചന്ദനവും ഉണക്കലരിച്ചോറുംകൊണ്ട് ബലിയിട്ടു.
എണ്ണയും പാലും പനിനീരുംകൊണ്ടു തര്‍പ്പണം ചെയ്തു. മുട്ടില്‍നിന്നുയര്‍ന്ന് ഉറക്കെ കൈകള്‍ കൊട്ടി.
അച്ഛന്‍ അവശേഷിപ്പിച്ചുപോയ ചിതാഭസ്മം നിറച്ച അസ്ഥികലശം ശിരസ്സില്‍ താങ്ങിക്കൊണ്ടു പുഴയിലിറങ്ങി. ഏഴാവര്‍ത്തി മുങ്ങിനിവര്‍ന്ന് അസ്ഥികലശവും പുഴയുടെ അടിത്തട്ടിലുപേക്ഷിച്ചു. വിരലില്‍ കെട്ടിയിട്ടിരുന്ന ദര്‍ഭമോതിരം ഊരി പുഴയിലുപേക്ഷിച്ചു. പടികയറി പിന്തിരിഞ്ഞു നടക്കുമ്പോഴും, ഒരു ബലിക്കാക്ക, ബലിച്ചോറിനരികിലെത്തിയിരുന്നില്ല. ബലിയേല്‍ക്കാത്ത ബലിച്ചോറീനെ നോക്കിഏതാനും നിമിഷങ്ങള്‍കൂടി ചിന്താമഗ്നനായി നിന്നിട്ട് അയാള്‍ പുഴയോരംവിട്ടു വാഹനങ്ങുളുടെ പാര്ക്കിങ് ഏരിയായിലേക്കു നടന്നു. അവിടെ പാര്‍ക്കുചെയ്തിരുന്ന വിലയേറിയ തന്റെ കാറില്‍കയറി അയാള്‍ സ്വയം ഡ്രൈവ് ചെയ്തു. പാര്‍ക്കിങ് ഏരിയ വിട്ട്, പ്രധാനവീഥിയിലേക്ക് കടന്നു.
കാറില്‍ ശീതീകരണയെന്ത്രം മുരണ്ടുകൊണ്ടിരുന്നു. തന്റെ ഉള്ളില്‍ തിളക്കുന്ന ഉഷ്ണത്തെ ചെറുക്കാന്‍ ആ ശീതീകരണയന്ത്രത്തിനു കഴിയുന്നില്ല എന്നു അയാള്‍ അറിഞ്ഞു. പുഴയിലുപേക്ഷിച്ച അസ്ഥികലശവും, കാക്കയെടുക്കാത്ത ബലിച്ചോറും അയാളെ ഒന്നുപോലെ ചുട്ടുനീറ്റി. അപ്പോള്‍ ഏകാന്തതയുടെ വില അയാളറിഞ്ഞു. അച്ഛന്റെ വിയോഗമയാളറിഞ്ഞു.
തന്റെ ജന്മത്തിനു കാരണഭൂതനായ, തന്റെ ഉയര്‍ച്ചക്കു പിന്തുണയേകിയ, താന്‍ താനുകുവോളം തന്നെ ഊട്ടി വളര്‍ത്തിയ തന്റെ അച്ഛന്‍ ഒരുപിടി ചാരമാകുംവരെ താനെവിടെയായിരുന്നു. തന്റെ ചുണ്ടില്‍ ഒരുതുള്ളി മുലപ്പാല്പോലും ഇറ്റിക്കുവാന്‍ കാത്തുനില്‍ക്കാതെ തന്റെ അമ്മ കാലത്തിന്റെ അന്തരാളത്തിലേക്ക് ഇറങ്ങിപ്പോയി. ജീവിതപ്രയാണത്തിനിടയില്‍ വേണ്ടപ്പെട്ട എല്ലാവരാലും വെറുക്കപ്പെട്ട തന്റെ അച്ഛ്നും അമ്മയും നാടും വീടും വിട്ട് എവിടെയോ അന്യരായി കഴിയുകയായിരുന്നു. അമ്മയുടെ വേര്‍പാടും തെല്ലൊന്നുമായിരുന്നില്ല അച്ഛനെ തളര്‍ത്തിയത്. അവിടെനിന്നങ്ങോട്ട്, തനിക്കുവേണ്ടി…തനിക്കു മാത്രംവേണ്ടി, അച്ഛന്‍ ജീവിച്ചു. ഏകന്തരാത്രികളില്‍ തന്നെ കെട്ടിപ്പിടിച്ച് “മോനേ..” എന്നു വിളിക്കുന്ന അച്ഛന്റെ കണ്ണുകള്‍ നിറയുന്നത് താന്‍ കണ്ടിട്ടുണ്ട്. കണ്0മിടറുന്നത് താനറിഞ്ഞിട്ടുണ്ട്. അറിവായിത്തുടങ്ങിയ കാലങ്ങളില്‍ പുരുഷന്മാര്‍ക്കും ഇത്രമാത്രം വ്യഥിത ദു:ഖം ഉണ്ടാകുമോയെന്നു താന്‍ സംശയിച്ചിരുന്നു. തന്റെ ഓരോ ചുവടുകളും പിഴക്കാതിരിക്കാന്‍ അച്ഛന്‍ താങ്ങായി നിന്നുതന്നു. ഇഷ്ടപ്പെട്ട വിദ്യഭ്യാസത്തിന്‍, ഇഷ്ടപ്പെട്ട തൊഴിലിന്, ഇഷ്ടപ്പെട്ട വിവാഹത്തിനുവരെ ആ താങ്ങും തണലും എന്നും തനിക്കായിമാത്രം നിന്നിരുന്നു. ഈക്കാലത്തിനിടയില്‍ ആര്‍ഭാടമായി ജീവിക്കാനുള്ളത് താന്‍ ഉണ്ടാക്കിയിരുന്നു. അതീനുതുല്യം ആര്‍ഭാടമായിതന്നെ തന്റെ വിവാഹവും നടന്നു.
വിധിവൈപരീത്യമോ എന്തോ..അന്നുമുതല്‍ അച്ഛന്‍ കൂടുതല്‍ ഒറ്റപ്പെട്ടു.
അമ്മയേപ്പറ്റിയുള്ള വിചാരങ്ങളാവാം, അല്ലെങ്കില്‍ ഉത്തരവാദിത്വങ്ങള്‍ തീര്‍ത്തുവെച്ച ആത്മാര്‍പ്പണത്തേക്കുറിച്ചുള്ള വിശ്വാങ്ങളാവാം, അച്ഛന്‍ ഇടക്കിടെ ദീര്‍ഘശ്വാസമുതിര്‍ക്കുന്നത് താന്‍ പലവട്ടം കണ്ടിട്ടുണ്ട്. താനും ഭാര്യയും ഒന്നിച്ച് അകല്‍ങ്ങളില്‍ പോകുമ്പോള്‍ നിര്ന്നിമേഷനായി നോക്കിനില്‍ക്കുന്ന അച്ഛനെ താന്‍ കണ്ടിട്ടുണ്ട്. പക്ഷെ എന്തുകൊണ്ടോ പലപ്പോഴും ആ അച്ഛനോട് ഒന്നു യാത്രപറയാന്‍പോലും താന്‍ മറന്നുപോകുന്ന സത്യം  ഒരിക്കലും തന്നെ മഥിച്ചില്ല. അത് പലപ്പോഴും പലപ്പോഴുമായി, എല്ലായ്പ്പോഴും ആകുന്നതും താന്‍ മറന്നുപോയിരുന്നു. പട്ടുവസ്ത്രങ്ങളും, ഉടയാടകളും, വിലയേറിയ ആഭരണങ്ങളുമായി തങ്ങള്‍ വീട്ടിലേക്കു മടങ്ങുമ്പോഴും, പടിയോരം നോക്കിനില്‍ക്കുന്ന അച്ഛനെ താന്‍ മറന്നു തുടങ്ങി. ആ വേദനകളെല്ലാം ഒരുപക്ഷെ നിറഞ്ഞ നെടുവീര്‍പ്പില്‍  അച്ഛന്‍ ഒതുക്കിവെച്ചിരിക്കാം, നിറഞ്ഞ നിശ്ശബ്ദദയില്‍ പൂഴ്ത്തിവച്ചിരിക്കാം.
തനിക്കായി അതിവേഗം കറങ്ങിയോടീയ കാലത്തിന്റെ രഥചക്രം, അച്ഛനില്‍നിന്നും അകലങ്ങളിലേക്ക് തന്നെ കൊണ്ടുപോയി. പ്രായത്തിന്റെ കളിക്കൂട്ടുകാര്‍, വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ മാത്രമുറങ്ങുന്ന കളിവീട്ടിലേക്ക് അച്ഛനെ നടത്തിക്കൊണ്ടുപോകുകയും ചെയ്തു.
“അച്ഛന്‍…വിഷാദരോഗത്തിന്റെ നീര്‍ച്ചുഴിയിലാണിപ്പോള്‍…ബി കെയര്‍…എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കേണ്ട സ്റ്റേജില്‍ എത്തിയിരിക്കുന്നു….ഇനിയുള്ള നിങ്ങളുടെ ഉത്തരവാദിത്വം വലുതാണ്‍…ബി…ബി..കെയര്‍..”
ഡോക്ടറുടെ വാക്കുകള്‍ തന്നില്‍ ഒരു ചലനവുമുണ്ടാക്കിയില്ല.
ഉത്തരവാദിത്വമെങ്കിലും ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കാന്‍ തന്റെ മനസ് തയ്യറായിരുന്നില്ല. കുറച്ചു ചര്‍ച്ചകളും ഏറെ പണമൊഴുക്കും കഴിഞ്ഞപ്പോള്‍ അച്ഛന്‍ പ്രത്യേക സെല്ലിലേക്കു മാറ്റപ്പെട്ടു. ബാദ്ധ്യതകളില്‍നിന്നും തെന്നിമാറി താന്‍ തിരക്കിലേക്കും മടങ്ങി.
എത്രയോ കാലങ്ങള്‍. വിചാരവികാരങ്ങളില്‍ മുങ്ങിയും പൊങ്ങിയും അച്ഛന്‍ ആ സെല്ലില്‍ കഴിഞ്ഞു. പിന്നെ ഒരുനാള്‍ നീണ്ട ഉറക്കത്തിലേക്കു വഴുതിപ്പോയി.
ഇന്ന് അച്ഛന്റെ ഒന്നാം ശ്രാദ്ധദിനമായിരുന്നു. കടപ്പാടുകള്‍ മറന്ന താന്‍ ആരുടെയോ വാക്കുകള്‍ കേട്ട് അസ്ഥികലശവുമേന്തി യാത്രയായി. കാക്കയെടുക്കാത്ത ബലിച്ചോറ് മറക്കാത്ത വേദനകളായി പുഴയോരത്ത് കിടക്കുന്നതുകണ്ടു. ചിതരിക്കിടന്ന എള്ളിലും പൂവിലും നൊമ്പരത്തിന്റെ രേണുക്കള്‍ പറ്റിപ്പിടിച്ചിരുന്നു. താന്‍ അഴിച്ചിട്ട ദര്‍ഭമോതിരത്തില്‍ കുടുങ്ങി ഒരു മത്സ്യവും ചത്തുപോയിരിക്കുമോ?
അയാള്‍ ഓടിക്കുന്ന കാര്‍, നാല്‍ക്കവലയിലെത്തുമ്പോള്‍ അയാള്‍ക്കെതിരെ ചുവന്ന വിളക്ക് കത്തിനില്‍ക്കുന്നു. നിയമവിധേയമായി അയാള്‍ കാര്‍ നിര്‍ത്തിയിരിക്കുകയാണ്‍. അതുകൊണ്ടാവാം, അയാളുടെ സെല്ഫോണില്‍ ഒരു മെസ്സേജ് എത്തിയ അറിയിപ്പുണ്ടായത് ആ നിമിഷംതന്നെ അയാളറിഞ്ഞു. അതെടുത്തുനോക്കി.
“യുവര്‍ വൈഫ് ഹോസ്പിറ്റലൈസ്ഡ്…ഡെലിവെറി ബി സൂണ്‍.”
ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന അയാളുടെ മനസ്സ് അറിയാതെ ഒന്നു പിടഞ്ഞു. അയാള്‍ ഓര്‍ത്തു….
“താനും ഒരു അച്ഛനാകാന്‍ പോകുന്നു…..”
തിരക്കുതുടങ്ങുന്ന നാല്‍കവലയില്‍ അപ്പോള്‍ സിഗ്നല്‍ ലൈറ്റിന്റെ നിറം മാറി കത്താന്‍ തുടങ്ങുകയായിരുന്നു. 
18-02-2012

Thursday, February 09, 2012

പൊള്ള്


പൊള്ള്                                                                      കൊച്ചുകഥ
ഞാനൊരു കഥ പറയാം. ഒരു പൊള്ളക്കഥ.
പണ്ട്..പണ്ട്….എന്നുവെച്ചാല്‍….
അല്ലെങ്കിലെന്തിനു പാണ്ട്? ഈ വര്‍ത്തമാനമുണ്ടെല്ലോ.
ഒരിടത്തൊരിടത്ത്..
അതും വേണ്ട.
ഇവിടെ തന്നെ. ഞാനും നിങ്ങളും ജീവിക്കുന്ന ഈ നാട്ടില്‍ തന്നെ.
“എന്താ മാഷെ കഥ?”
പറയാന്‍ തുടങ്ങുകയല്ലേ..കേട്ടുകൊള്ളു.
പൊന്നു താമ്പുരാനു വയസായി.
“ഹേ, ഇതെന്തുകഥ? വയസ്സാകുന്നതു പുതുമയാണോ?”
അല്ലേ അല്ല, വയസ്സായി എന്നു പറയുമ്പോള്‍ പ്രായമായി എന്നുമാത്രമല്ല വിവക്ഷ. തല നരച്ചു.. ജര വന്നു. മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങള്‍ തുരുമ്പിച്ചു ദ്രവിച്ചു. പരഞ്ഞതു ശ്രദ്ധിക്കണം. ചില ഭാഗങ്ങള്‍ മാത്രമേ തുരുമ്പിച്ചിട്ടുള്ളു. അതിനര്‍ത്ഥം ചില ഭാഗങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തനനിരതമാണ്‍ എന്നു തന്നെ.
അപ്പോള്‍ കഥ തുടരട്ടെ?
മിതശീതോഷ്ണനിവര്‍ത്തമായ പള്ളിയറയില്‍, പുലിത്തോല്‍ വിരിച്ച പള്ളിമഞ്ചത്തില്‍ പതിവായെന്നും പള്ളിക്കൂപ്പുകൊള്ളാനാണ്‍ തമ്പുരാനിഷ്ടം. നാടറിയാതെ….കാടറിയാതെ…നാട്ടാരറിയാതെ..
“അതു പ്രായമായതുകൊണ്ടല്ലെ…ഇപ്പൊള്‍ കഥ കൊള്ളാമെന്നുതോന്നുന്നു. പറയൂ…പറയൂ..”
ഇനിയല്ലേ കഥ.
സാമന്തന്മാരുണ്ടെല്ലോ കാര്യങ്ങള്‍ അന്വേഷിക്കാന്‍. അപ്പോള്‍പിന്നെ പള്ളിക്കുറുപ്പുകൊണ്ടാലെന്ത്. പരന്ത്രീസില്‍ പോയാലെന്ത്. ഇങ്ങിനെയിരിക്കെ രാജ്യത്ത് ദാരിദ്ര്യവും കാലക്കേടും വന്നു.
“അതെങ്ങനെ വരാതിരിക്കും മാഷെ? ഒന്നുകില്‍ രാജാവു നന്നാകണം, അല്ലെങ്കില് രാജനീതി നന്നാകണം. ഇതു രണ്ടുമല്ലെങ്കില്‍ ഖജനാവില്‍ പൂത്ത പണം വേണം. ഒന്നുമില്ലെങ്കിലോ..?
അതു ചിലരുടെമാത്രം കാശിപ്പെട്ടിയിലായാലോ എന്നും പറയാം.
അപ്പോള്‍ കഥ എവിടെയാണ്‍ മുറിഞ്ഞത്? സാമന്തന്മാര് ഭരണം തുടങ്ങി. സാമന്തരിലുമുണ്ടാകാമെല്ലോ മന്ദന്മാര്‍.  അവറ്ക്കുമുണ്ടു ജോലി. അതിലൊരു മന്ദന്‍ ഒരു സുപ്രഭാതത്തില്‍ പള്ളിയറ വാതില്‍ക്കല്‍ ചെന്നു തമ്പുരാനെ പള്ളിയുണര്‍ത്തി. അര്‍ദ്ധനിദ്രയില്‍ തമ്പുരാന്‍ പുറത്തു വന്നു.
“എന്താ ഹേ?”
“ആരൊക്കെയോ മുഖം കാണിക്കാന്‍ എത്തിയിരിക്കുന്നു.”
“ആരാവാം?”
“തെക്കൂന്നെങ്ങാണ്ടാണത്രേ.”
“പട്ടാളക്കാരാണോ?”
“അല്ല…പട്ടിണിപ്പാവങ്ങളാന്നാ തോന്നുന്നേ.”
തമ്പുരാന്‍ ഒന്നാലോചിച്ചു.
“ശരി വരാന്‍ പറയൂ”
വന്നു. മുഖം കാണിച്ചു.
“എന്താണാവോ?“
“തമ്പുരാനേ…കാലം പെഴച്ചു..”
-2-
“എന്തുണ്ടായി?”
“കിഴക്കന്മലകളില്‍ വെള്ളമിരമ്പുന്നു……കെട്ടിയ മടയെല്ലാം അപകടത്തിലാണ്‍…..ജീവന്‍ പോലും പണയത്തിലും..”
“ഹ ഹ ഹ..ഇതിലെന്തിത്ര കാര്യം? ശരി നാളെ നാലുപേര്‍ വരും.വെള്ളമുണ്ടോ, മട പൊട്ടുമോ എന്നവര്‍ നോക്കും. ഇപ്പോള്‍ പൊയ്ക്കൊള്ളുക.”
“റാന്‍” അവറ് മടങ്ങി. തമ്പുരാന്‍ പള്ളിയറയിലേക്കും.
അടുത്ത പ്രഭാതത്തിലും മന്ദിനൊരുവന്‍ പള്ളിയുണര്‍ത്തി.
“ഇന്നാര്‍?”
“തെക്കുകെഴക്കൂന്നാത്രെ. ക്രിഷിക്കാരാന്നു പറയുന്നു.”
“വിളിക്ക്” തമ്പുരാന്‍ പ്രാകി.
അവരും വന്നു.
“തെക്കെങ്ങാണ്ടു മട പൊട്ടാന്‍ പോണത്രേ. തമ്പുരാനേ..അതും വെറും പൊളിയാണേ. ആ മട ഇതിനുമുമ്പു പൊട്ടിയ ചരിത്രമില്ലേ…ഇനി പൊട്ടുകേമില്ലേ..”
പൊന്നുതമ്പുരാന്‍ ആശയക്കുഴപ്പത്തിലായല്ലോ.
“നാളെ നാലുപേര്‍ വരും. അവര്‍ വന്നു കാണട്ടെ.”
“റാന്‍…” അവരും മടങ്ങി. അദ്ദേഹം പള്ളിക്കുറുപ്പിനും.
“കഥ തീര്‍ന്നുവോ?”
തീരാറയി.
തെക്കുള്ളവരും തെക്കുകിഴക്കുള്ളവരും തമ്മില്‍ കോര്‍ത്തു.
“അതുണ്ടാകണമെല്ലോ….എന്നാലല്ലേ കഥക്കൊരു വഴിത്തിരിവുണ്ടാകൂ. എന്നിട്ട്..?”
പറഞ്ഞദിവസംതന്നെ നാലുപേര്‍ വന്നു. തെക്കരേയും കിഴക്കരേയും കണ്ടു. പടി വാങ്ങി, എന്നിട്ട് പടിയൊഴിഞ്ഞു പോയി.
“ദരസ് എഴുതിയില്ലേ..?”
അതെന്തിന്‍ എഴുതണം? അതവര്‍ക്ക് ഹ്രിദിസ്ഥമാണത്രേ.
കഥ ഏതാണ്ട് അവസാനിക്കാറായി.
കാലനും കാലക്കേടിനും അറുതി വന്നില്ല. വെള്ളമിരമ്പിക്കൊണ്ടിരുന്നു. മടക്കു വിള്ളല്‍ വീണു. പട്ടിണിപ്പാവങ്ങള്‍ പൊന്നുതമ്പുരാന്റെ പടിപ്പുരയില്‍ വീണ്ടും മുട്ടി. പൊന്നു തമ്പുരാന്‍ പടിതുറന്നുവന്നില്ല. പകരമൊരു തിട്ടൂരം കൊടുത്തു മന്ദനേ വിട്ടു. അതിലിങ്ങനെയെന്തോ എഴുതിയിരുന്നു.
“നിങ്ങള്‍ ഇരുപത്, അപ്പുറത്തു നാല്പത്. ഞാനെന്തു ചെയ്യും?. ഇനി നിങ്ങളുടെ പാട്. ഒന്നിച്ചൊരു തീരുമാനത്തിലെത്തുക, അല്ലെങ്കില്‍ ഭൂരിപക്ഷ്ത്തിനു വിടുക. എന്നിട്ടെന്നെ അറിയിക്കുക. അത്രന്നെ.”
തീരുമാനമുണ്ടായില്ല. വെള്ളമിരമ്പുന്നു…മട തുളുമ്പുന്നു..തെക്കര്‍ വിധി കാത്തു കഴിയുന്നു.
“അയ്യോ പാവം.  അപ്പോള്‍ തെക്കുകിഴക്കരോ…”
ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു. അല്ലതെന്താ…..
                                                                                          04-01-2012

മുഖങ്ങള്‍ നഷ്ടപ്പെടുത്തുന്നവര്‍ക്കൊരു കൂദാശ.


മുഖങ്ങള്‍ നഷ്ടപ്പെടുത്തുന്നവര്‍ക്കൊരു കൂദാശ.                 കൊച്ചു കഥ

അസ്തമിക്കാറായെങ്കിലും സാന്ധ്യാകാശം കറുത്തുതുടങ്ങിയിരുന്നില്ല.  അല്പം മുന്‍പാണ്‍ ഒരു ചാറ്റല്‍മഴ പെയ്തൊഴിഞ്ഞത്. ഇളവെയില്‍ ഉണ്ടായിരുന്നതിനാല്‍, കിഴക്കന്‍ ചക്രവാളത്തോടടുത്ത് പകിട്ട് നഷ്ടപ്പെട്ട ഒരു മഴവില്‍ മങ്ങി നിന്നിരുന്നു. എങ്കിലും ഇളവെയിലില്‍ മഴവില്ലിന്റെ നിറം ചാലിച്ചിരിക്കുന്നതായി തോന്നിയിരുന്നു.
പാതയോരത്ത് അന്തിചന്ത കൂടിവരുന്ന സമയമാകുന്നതിന്റെ കോലാഹലങ്ങള്‍ കേള്‍ക്കുന്നുണ്ട്. അന്തിചന്ത എന്നു പറയുമ്പോള്‍ നാടന്‍ പച്ചക്കറിയും നാടന്‍ ജലാ‍ശയങ്ങളില്‍നിന്നുള്ള ചില മത്സ്യവര്‍ഗ്ഗങ്ങളും വില്പനക്കെത്തുന്ന ഒരു ചെറിയ ചന്ത. മണ്‍പാത്രങ്ങളും ചിരട്ടത്തവികളുമായി ഒന്നുരണ്ടുപേര്‍ ഇടക്കിരുന്നിരുന്നു. കപ്പലണ്ടിക്കച്ചവടത്തിനെത്തിയ രണ്ടു കുട്ടികള്‍ മൂക്കളയൊലിപ്പിച്ച് അവരുടെ ജോലി ചെയ്തുപോരുന്നു. അല്‍പം തട്ടിപ്പും മുച്ചീട്ടുകളിയുമായി ഒരുവന്‍ അപ്പുറത്തുണ്ട്. വിലപിടിപ്പുള്ള കച്ചവടച്ചരക്കുകളൊ, നിലവാരാമുള്ള മറ്റുവ്യാപാരങ്ങളൊ അവിടെയുണ്ടായിരുന്നില്ല. വ്രുത്തിയും വെടിപ്പും എന്തെന്നറിയാത്ത ഒരു പാതയോരം. ഇതത്രെ അന്തിച്ചന്ത.
പതിവുള്ള വിലപേശലും കച്ചവടവും മാത്രമാണവിടെ നടക്കുന്നത്. സമയം പോക്കാന്‍ അലഞ്ഞു നടക്കുന്ന ചിലരുണ്ടാകും. പുളിച്ച തെറിയും നിലവാരമില്ലാത്ത അഭിപ്രായങ്ങളുമായി മറ്റുചിലരും മദ്യഗന്ധമൊഴിക്കി നടക്കുന്നുണ്ടാകും. രാഷ്ട്രീയ പ്രബുദ്ധരോ ബുദ്ധിജീവികളോ അവിടെയുണ്ടാകാറില്ല.
വിവരണം ഇവിടെ അവസാനിപ്പിക്കുന്നതാകും അഭികാമ്യം.
അല്പം അകലെ ഒരു ആരവം കേട്ടതുകൊണ്‍ടാണ്‍ അങ്ങോട്ടു ശ്രദ്ധിച്ചത്. ആ നിമിഷം എല്ലാവരുടെയും നോട്ടം ആ ദിക്കിലേക്കു തിരിഞ്ഞു. ഒരു കുരങ്ങനേയും തോളിലെടുത്തുകൊണ്ട് ഒരു നാടോടി മഴവില്‍കാവടിയില്‍ നിന്നിറങ്ങി ചന്ത ലക്ഷ്യമാക്കി നടന്നുവരുന്നതു കാണായി. ഇടം തോളില്‍ കുരങ്ങച്ചന്‍, വലംതോളില്‍ മാറാപ്പില്‍ ചില കളിക്കോപ്പുകള്‍. ഒരു വളയം, വടി, കൊട്ടിശബ്ദമുണ്ടാക്കാനുപയോഗിക്കുന്ന എന്തോ ഉപകരണം, ഒരു കുറ്റി.
വന്നമാത്രയില്‍ മണ്ണില്‍ കുറ്റിതാഴ്തി, കുരങ്ങനെ അതിന്മേല്‍ കെട്ടിയിട്ടു. കുരച്ചുദൂരേക്കു മാറിയിരുന്ന് ഉപകരണത്തില്‍ കൊട്ടി ശബ്ദ്മുന്ണ്ടാക്കാന്‍ തുടങ്ങി. കാഴ്ചക്കാരുടെ ശ്രദ്ധ കളിക്കളത്തിലേക്കായി എന്നയാള്‍ ഉറപ്പു വരുത്തി. മറ്റുകളിപ്പാട്ടങ്ങള്‍ പുറത്തെടുത്തു. കുരങ്ങനെ പതുക്കെ കെട്ടഴിച്ചുവിട്ടു, കളി തുടങ്ങാന്‍ ആജ്ഞാപിച്ചു. കുരങ്ങന്‍ പതുക്കെ ഒന്നു മടിച്ചു നിന്നു. അപ്പോള്‍ കയ്യിലിരുന്ന വടി അയാള്‍ അന്തരീക്ഷത്തില്‍ ചുഴറ്റി ശബ്ദമുണ്ടാക്കി. ഭയപ്പാടോടെ കുരങ്ങന്‍ ഒന്നുരണ്ടുചുവടുവെച്ചു. കളിക്കോപ്പിനും കളിക്കാരനും മാത്രം മനസ്സിലാകുന്ന ഭാഷയില്‍ അയാള്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. കുരങ്ങന്‍ ചാടുകയും മറിയുകയും ന്രുത്തം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. രണ്ടുപേരും തളരുകയും, ക്ഷീണിക്കുകയും ചെയ്തു. കളി നിര്ത്തി. തന്റെ തലയില്‍ വെച്ചിരുന്ന തൊപ്പ്പ്പിയെടുത്ത് അയാള്‍ കുരങ്ങന്റെ കയ്യില്‍ കൊടുത്തു. കുരങ്ങന്‍ കാഴ്ചക്കാരുടെ സമീപം ചെന്ന് തൊപ്പി നീട്ടി. ചില ചില്ലറത്തുട്ടുകള്‍ അതില്‍ വീണു കിലുങ്ങി.
കളിക്കാരന്‍ കളിപ്പാട്ടങ്ങള്‍ മാറപ്പിലാക്കിവെയ്ക്കുമ്പോഴേക്കും കുരങ്ങന്‍ തന്റെ ജോലിതീര്‍ത്ത്, കളിക്കാരനെ തൊപ്പി തിര്യെ ഏല്‍പ്പിക്കുകയും, അയാളുടെ തോളില്‍ കയറി ഇരിക്കുകയും ചെയ്തുകഴിഞ്ഞിരുന്നു.
മഴവില്‍ തീര്‍തും മാഞ്ഞുകഴിഞ്ഞിരുന്നു. ഇരുട്ട് പദംവെച്ച് എത്തിത്തുടങ്ങിയിരുന്നു. അന്തിചന്ത പിരിഞ്ഞുതുടങ്ങിയിരുന്നു. എല്ലാ‍വരും കുടികളിലേക്കു മടങ്ങിത്തുടങ്ങി. അവരെല്ലാവരും ചന്തയില്‍കണ്ട മഴവില്ലും, കുരങ്ങുകളിയും മനസ്സിലിട്ടു ലാളിക്കുകയായിരുന്നു. ആ കുരങ്ങച്ചന്റെ മുഖം, കണ്ടുമറന്ന ആരുടെയൊക്കെയോ മുഖം പോലെ തോന്നിക്കുന്നില്ലെ. ചാനല്‍കൂടാരങ്ങളില്‍ മുഖം നഷ്ടപ്പെടുന്ന ഏതൊക്കെയോ ഭര്‍ത്താക്കന്മാരുടെ മുഖങ്ങളല്ലെ അവ. കുരങ്ങാട്ടക്കാരന്റെ തുടിതാളത്തിനൊപ്പം ചുവടുവെക്കുന്ന കുരങ്ങച്ചന്‍ സ്നേഹപൂര്‍വ്വം സ്വന്തം മുഖങ്ങള്‍ പങ്കിട്ടുകൊടുക്കുന്ന അനുസരണയുള്ള ഭര്‍താക്കന്മാര്‍. പങ്കിട്ടുകിട്ടിയ മുഖങ്ങളെല്ലാം ചേര്‍ത്തുവെച്ച വെറുമൊരു കുരങ്ങച്ചനും.
എല്ലാവരും വിരിയാനിരിക്കുന്ന മറ്റൊരു മഴവില്ലും, ചന്തയിലെ കുരങ്ങാട്ടവും നിറയെ സ്വപ്നം കണ്ടുകൊണ്ടു വേഗം നടന്നു.
                                                                        12-01-2012

നങ്ങ്യേമ


നങ്ങ്യേമ                                              കൊച്ചുകഥ
ഇനിയൊരു പഴങ്കഥയാവട്ടെ !
ഒന്നു വേഗം നടക്ക് കുഞ്ഞമ്മ്വോ”
പുല്ലും പുല്ലാന്തിയും നിറഞ്ഞുനിന്ന നാട്ടുവഴിയിലൂടെ വെയില്‍ പെയ്തിറിങ്ങുന്ന വേനല്പകലുകളിലൊന്നില്‍ കുഞ്ഞമ്മുവിന്റെ കൈപിടിച്ച് പങ്ക്യേമ്മ തിടുക്കത്തില്‍ നടക്കുകയായിരുന്നു. കുഞ്ഞമ്മുവാകട്ടെ പങ്ക്യേമയുടെ കൈപിടിച്ച് പിന്നാക്കം വലിച്ചുകൊണ്ടു ബാലിശമായി ചിണുങ്ങിക്കൊണ്ടിരുന്നു. കാറ്റിലാടുന്ന കോണകവാല്‍ ചളിയും പൊടിയും പുരണ്ട കുഞ്ഞുമ്മുവ്വിന്റെ ഓമന ചന്തിയില്‍ പുന്നാരമിട്ടുകൊണ്ടിരുന്നു. ചുളുങ്ങിത്തുടങ്ങിയ കൈവിരല്‍കൊണ്ട് പങ്ക്യേമ, കുഞ്ഞമ്മുവിന്റെ വാടിയ ചേമ്പിന്‍ താളുപോലെത്തെ വലംകൈയില്പിടിച്ച് ആഞ്ഞുവലിച്ചു.
“ഒന്നു വേഗം നടക്കെന്റെ കുഞ്ഞമ്മ്വോ”
“നങ്ങ്യേമ...ന്റെ നങ്ങ്യേമ...നങ്ങ്യേമക്കുവിശക്കും...”
പങ്ക്യെമയുടെ കരം പിടിച്ച് അവള്‍ പിന്നേയുമ്പിന്നേയും പിന്നാക്കം വലിച്ചുകൊണ്ടിരുന്നു. കലിവന്ന പങ്ക്യേമ ഒരു പുല്ലാന്തിക്കൈ ഒടിച്ച് കുഞ്ഞമ്മുവിന്റെ ഓമനച്ചന്തിയില്‍ ഒരു വീക്കുവെച്ചുകൊടുത്തു. ചുവപ്പുവര്‍ണ്ണത്തില്‍ അവിടെ ഒരു നേര് രേഖ തെളിഞ്ഞുവന്നു. കുഞ്ഞമ്മു ഉച്ചത്തില്‍ കരയുകയും പിഞ്ചുകൈകൊണ്ട് ചുവപ്പില്‍ തലോടുകയും ചെയ്തു. അപ്പോളും പങ്ക്യേമയുടെകൈയില്‍ ഇരുന്നു വിറച്ചുകൊണ്ടിരുന്ന വടിയെ ഭയന്നു നടപ്പിനല്പം വേഗത കൂട്ടി.
“നങ്ങ്യേമ...നങ്ങ്യേമക്ക്....” എന്നവള്‍ പുലംബിക്കൊണ്ടിരുന്നു.
നാട്ടുവഴി പിന്നിട്ട് വയല് വരന്‍പിലെത്തി. വയല് വരമ്പിലെ കറുകയും കളപ്പുല്ലും ഉണങ്ങിത്തുടങ്ങിയിരുന്നു. കൊയ്തിനു പാകമായ ആര്യനും അരിക്കിരാഴിയും മറ്റും പൊന്മണികള്‍ ശിരസ്സിലേറ്റി നിന്നിരുന്നു. പെയ്യുന്ന വെയിലില്‍ വാടിവരണ്ട്
കുഞ്ഞമ്മുവും പങ്ക്യേമക്കു പിന്നിലായി ഏങ്ങി ഏങ്ങിക്കൊണ്ട് നടന്നു. വയലിനക്കരെ, നാലുകെട്ടിന്റെ പടിപ്പുരക്കപ്പുറം ഉണ്ണ്യേമ കന്നുകുട്ടിക്ക് കാടിവെള്ളം കലക്കിക്കൊടുത്തുക്കൊണ്ട് നില്‍കുന്നുണ്ട്. പങ്ക്യേമയെ കണ്ടപാടെ ഉണ്ണ്യേമ കുശലം ചോദിച്ചു.
“എന്താണ്ട്യേ പങ്ക്യേ ഈ വഴിയൊക്കെ നീ മറന്ന്വോ“
“ഇല്ലെന്റെ ഉണ്ണ്യേമോ...ഇക്കുട്ടിക്കിത്രി ക്ഷീണം പറ്റിപോയി”. കുഞ്ഞമ്മുവിനേ തൊട്ടുതലോടിക്കൊണ്ടാണതു പറഞ്ഞത്.
“എന്താണ്ട്യേ പങ്ക്യേ..വന്നകാര്യം?”
“ഇനിക്കൊരു നാഴി അരി തര്‍വോ...ഉണ്ണ്യേമേ..?”
കൂട്ടുകാരിയോടുള്ള തന്റെ കടപ്പാടെന്നകണക്കെതന്നെ ഉണ്ണ്യേമ അരി അളന്നുകൊടുത്തു. അത് മുണ്ടിന്റെ കോന്തലയില്‍ ചുറ്റിക്കെട്ടി മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഉണ്ണ്യേമ വിളിച്ചു.
‘എടി പങ്ക്യേ...കുഞ്ഞ്വോള്‍ക്കിത്തിരി കഞ്ഞിവെള്ളം കൊടുക്കണ്ടായോ...‘
മറുപടി പറയേണ്ടതവളാണെന്ന മട്ടില്‍ പങ്ക്യേമ കുഞ്ഞമ്മുവിന്റെ വാടിയ മുഖത്തെക്ക് നോക്കി.
“ക്ക് വേണ്ടാ..നങ്ങ്യേമ...നങ്ങ്യേമക്ക് വെശക്കും...നങ്ങ്യേമ കരയും..”
“എന്നാല്‍ പൂവാം”
കേട്ടമാത്രയില്‍ കുഞ്ഞമ്മു വേഗം വേഗം നടന്നു. ഒപ്പമെത്താനാവാതെ പങ്ക്യേമ വിഷമിച്ചു.

പടിപ്പുരയും വയലേലയും, പുല്ലാന്തിവഴിയും പിന്നിട്ട് അവര്‍ കൂരയില്‍ എത്തിപ്പെട്ടു. കയറ്കെട്ടിയുറപ്പിച്ചിരുന്ന ഉമ്മറവാതില്‍  തുറന്നവര്‍ അകത്തുകടന്നമാത്രയില്‍ കുഞ്ഞമ്മു വിളിതുടങ്ങി.
“നങ്ങ്യേമോ.....നങ്ങ്യേമോ....”
നങ്ങ്യേമ നിശബ്ദയായിരുന്നു. കുഞ്ഞമ്മു പാഞ്ഞുനടന്നു..ഉറക്കെ ഉറക്കെ  വിളിച്ചു
കാറ്റും വെളിച്ചവും കേറാന്‍ മടിക്കുന്ന ഉള്‍മുറികളിലൊന്നില്‍ ചാണകം മെഴുകിയ തറയില്‍ ഉടുതുണിയില്ലാതെ നങ്ങ്യേമ മലര്‍ന്നുകിടന്നു പുഞ്ചിരിക്കുകയായിരുന്നു. അത്യാഹ്ലദത്തോടെ കുഞ്ഞമ്മു നങ്ങ്യേമയെ കടന്നെടുത്തു. അപ്പോള്‍ നങ്ങ്യേമ പരിഭവമെന്നോണം “പീക്..പീക്..” എന്നു കരഞ്ഞു. നങ്ങ്യേമയെ ഒക്കത്തിറുക്കിയെടുത്ത് കുഞ്ഞമ്മു പുറത്തുവന്നു. മുറ്റത്തരികെ അശോകച്ചെത്തിയുടെ തണലില്‍ പെറുക്കിയെടുത്ത ഇലകളിലൊന്നില്‍ പുലര്‍ച്ചേ തന്നെ കുഞ്ഞമ്മു മണ്ണപ്പം ചുട്ടുവെച്ചിരുന്നു. അതിനരികെ മാതുര്‍ വാത്സല്യത്തോടെ നങ്ങ്യേമയെ കുഞ്ഞിത്തുടകളിലിരുത്തി അവള്‍ ഇരുന്നു. വെയില്‍ചൂടില്‍ വിണ്ടുതുടങ്ങിയ മണ്ണപ്പം നങ്ങ്യെമയുടെ പാതിവിരിഞ്ഞുനില്‍കുന്ന ചുണ്ടിനുചാരെവെച്ച് അം..അം.. എന്നു പറഞ്ഞുകൊണ്ട് അവള്‍ അല്പനേരം ആര്‍ദ്രയായി ഇരുന്നു. എന്നിട്ട് നിറഞ്ഞ സംത്രിപ്തിയോടെ നങ്ങ്യേമയേ താന്‍ കിടക്കുന്ന കട്ടിലില്കൊണ്ടുക്കിടത്തി.
പങ്ക്യേമ ചൂടുകഞ്ഞി വിളമ്പി ആറാന്‍ വെച്ചിട്ട് അടുക്കളയില്‍നിന്നും പുറത്തുവന്നു ഇരുന്നു. കുഞ്ഞമ്മു ഓടിച്ചെന്ന് പങ്ക്യേമയുടെ മടിയില്‍ കയറിയിരുന്നു. ശുഷ്കിച്ച കുഞ്ഞിക്കൈകള്‍കൊണ്ട് അവള്‍ പങ്ക്യേമയുടെ തോളില്‍ ചുറ്റിപ്പിടിച്ചു. നനുത്ത കവിള്‍ത്തടം, കാലം കൈയൊപ്പിട്ട പങ്ക്യേമയുടെ കവിളില്‍ ചേര്‍ത്തുവെച്ചു. തളര്‍ന്നു കൂമ്പിവരുന്ന കണ്ണുകളോടെ കുഞ്ഞമ്മു പറഞ്ഞു.
“പങ്ക്യേമേ...പങ്ക്യേമേ...കുഞ്ഞമ്മൂനു വെശ്ക്കണു....”
                                                -ഹരിനായര്‍     19-01-2012

കാലഹരണപ്പെട്ട ഓര്‍മ്മകള്‍


 കാലഹരണപ്പെട്ട ഓര്‍മ്മകള്‍

“ഞാന്‍ സ്നേഹിച്ചിരുന്ന പെണ്‍കുട്ടീ...അന്നു നീ ഈ കലാലയത്തിലുണ്ടായിരുന്നു..”
ഇന്ന്, ഈ കോളേജങ്കണത്തില്‍, ഈ ചൊരിമണലില്‍, വിളറിവെളുത്ത അശോകപുഷ്പങ്ങള്‍ വീണടിഞ്ഞ്, ശാന്തതയിലലിയുന്ന മരച്ചുവട്ടില്‍ ഒരേകാകിയായി ഞാനിരിക്കുമ്പോള്‍..
“ഞാന്‍ സ്നേഹിച്ചിരുന്ന പെണ്‍കുട്ടീ...നിന്റെ ഓര്‍മ്മകള്‍ തെളിനീര്‍കുളത്തിലെ കുമിളകള്‍ പോലെ എന്റെ മനസ്സില്‍ ഉയര്‍ന്നുവന്നുടയുന്നു..”
കാമ്പസ് ജീവിതത്തിന്റെ അവസാനയാമങ്ങളിലെന്നോ ഇവിടം വിട്ട് നീ എവിടെയോ മറഞ്ഞപ്പോഴും, തോല്‍വിയുടെ കയ്പുനീര്‍ കുടിച്ച് ഇവിടെനിന്നും ഞാനിറങ്ങുമ്പോഴും....
“ഞാനിഷ്ടപ്പെട്ട പെണ്‍കുട്ടീ..ഞാന്‍ ഓര്‍ത്തുകൊണ്ടിരുന്നത് നിന്നെ മാത്രമായിരുന്നു.”
മഹാനഗരങ്ങളുടെ വിരിമാറില്‍ ചവിട്ടി പാദമുടയുമ്പോഴും, ഗര്‍വിഷ്ടരായ പുകക്കുഴലുകള്‍ക്കു കീഴില്‍ ഒരു യാചകനായി കൈനീട്ടിയപ്പോഴും, ഒഴിഞ്ഞ കൈകളുമായി പടിയിറങ്ങി വീണ്ടും ജോലിതേടി അലയുമ്പോഴും...
“പെണ്‍കുട്ടീ...നീയെന്ന സ്വപ്നം എന്നെ ഭരിച്ചിരുന്നു, അതുകൊണ്ടുമാത്രം എന്റെ പെണ്‍കുട്ടീ അതുകൊണ്ടുമാത്രം ഞാന്‍ തളര്‍ന്നില്ല..,”
നിറഞ്ഞുവീര്‍ക്കുന്ന എന്റെ കണ്ണുകളിലേക്ക് തണുത്ത മഞ്ഞിന്‍ തുള്ളികള്‍ ഇറ്റുവീഴുമ്പോഴും, ഊര്‍ദ്ധ്വ പ്രക്രിതിയിലേക്ക് മന്ദമാരുതനും, നിശാരാക്ഷസിയും കടന്നുവരുമ്പോഴും ....
“ഞാന്‍ സ്നേഹിച്ച പെണ്‍കുട്ടീ...ഞാന്‍ നിന്നെ മാത്രമോര്‍മ്മിച്ചു...എന്റെ ഹ്ര്രുദയാന്തരത്തില്‍ കനല്‍കട്ട തെളിച്ച്...എന്റെ ദേഹത്തെ ചൂടുപിടിപ്പിക്കുന്ന നിന്നെ മാത്രം...“
ഇപ്പോള്‍ എത്ര ശരത്കാലങ്ങള്‍ കൊഴിഞ്ഞു വീണു....എത്ര മഴമേഘങ്ങള്‍ പെയ്തൊഴിഞ്ഞു....ഗതകാലസ്മരണകളുറങ്ങുന്ന ചവറ്റുകൂടയില്‍ ഒന്നു പരതിനോക്കിയാല്‍ എന്റെ ജീവിതപുസ്തകത്തിന്റെ കുത്തഴിഞ്ഞ കുറെ ഏടുകള്‍ നാത്രമേ കാണൂ. വഴിതെറ്റിയ സുഹ്രുത്ബന്ധങ്ങളും താളംതെറ്റിയ പ്രയാണങ്ങളും നഷ്ടപ്പെട്ടുപോയ ജീവിതവും…. അങ്ങിനെ…അങ്ങിനെ..
“എങ്കിലും എന്റെ പെണ്‍കുട്ടീ….നീയെന്ന അപ്സരസൊന്നിച്ചുള്ള ജീവിതം ഞാന്‍ എപ്പോഴൊക്കെയോ സ്വപ്നം കണ്ടിരുന്നു.”
കോളേജ് ദിനങ്ങള്‍ക്കിടയില്‍ അസ്സത്യങ്ങളുടെയും അര്‍ധസത്യങ്ങളുടെയും ഘോഷയാത്രകള്‍ നയിച്ച് തെറ്റുകളില്‍നിന്നും തെറ്റുകളിലേക്ക് വഴുതി വീണത്…..രാഷ്ട്രീയ പാഴ്മരങ്ങളില്‍ കൊടിക്കൂറകള്‍ പാറിച്ചത്….
“ഞാന്‍ സ്നേഹിച്ചിരുന്ന പെണ്‍കുട്ടീ……അന്നു നിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനു മാത്രമായിരുന്നു.”
അവിടെനിന്നും അടിതെറ്റി വീണ് പടുകുഴിയില്‍ പതിക്കുമ്പോള്‍ ഞാന്‍ കാണുന്നില്ലെന്നുകരുതി …
“എന്റെ പെണ്‍കുട്ടീ….നീ ചിരിച്ച ആ പരിഹാസച്ചിരി എത്ര അര്‍ഥവത്തായിരുന്നു..?”
സിരകളില്‍ മയക്കുമരുന്നെന്ന മായിക ദ്രാവകമൊഴുക്കി, സ്വബുദ്ധിയെ പണയം വെച്ച് അറിയാതെ..അറിയാതെ..ചിത്തഭ്രമത്തിന്റെ ഊഷര മരുഭൂമിയിലേക്ക് ഞാന്‍ നടന്നു നീങ്ങുമ്പോളും…
“ഞാനിഷ്ടപ്പെട്ട പെണ്‍കുട്ടീ…ഞാനോര്‍ത്തത് നിന്നെ മാത്രമാണ്‍.”
നടന്നുപോകുന്ന വഴിയിലെവിടെയൊക്കെയോ, ഭ്രാന്തന്‍..ഭ്രാന്തന്‍…എന്ന ആരവത്തിനിടയിലൂടെ, വളര്‍ന്നുജടപിടിച്ച എന്റെ മുടിക്കുത്തിലേക്കും…പൊടിഞ്ഞു തീരാറായ കുപ്പായത്തിലേക്കും കല്‍ചീളുകളും മണ് തരികളും വന്നുവീണ്‍ എന്റെ പ്രജ്ഞയെ ഇരുട്ടിലാഴ്ത്തുമ്പോഴും…
“ഞാന്‍ സ്നേഹിച്ചിരുന്ന പെണ്‍കുട്ടീ…നീയെന്റെ മനസ്സില്‍ ഉദിച്ചുനിന്നു.”
വെറുതെ നഷ്ടപ്പെട്ടുപോയ കുറെ കാലങ്ങള്‍ക്കുശേഷം ഈ കോളേജ് അങ്കണത്തില്‍, ഈ ചൊരിമണലില്‍, വളര്‍ന്നുവശായ താടിയില്‍ തലോടി ഞാന്‍ മലര്‍ന്നുകിടക്കവേ, എന്റെ ഈ ഏകന്തതിയില്‍, ഈ ശൂന്യതയോട് സത്യമായും ഞാന്‍ പറയുന്നു….
“ഞാന്‍ സ്നേഹിച്ചിരുന്ന പെണ്‍കുട്ടീ…അന്നു നീ ഈ കലാലയത്തിലുണ്ടായിരുന്നു…..നീയെന്റെ രോമാഞ്ചമായിരുന്നു….നീയെന്റെ സ്വപ്നരഥത്തിന്റെ തേരാളിയായിരുന്നു….കൂരിരുട്ടില്‍ പ്രകാശമായിരുന്നു…എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടീ…..നീയിന്ന് എവിടെയാണ്‍….ഈ പഥികന്റെ യഥാര്‍ത്ത പ്രേമം എപ്പോഴെങ്കിലും നീ അറിഞ്ഞിരുന്നോ..? അല്ല, പ്രേമം എന്തെന്നുതന്നെ നീ അറിഞ്ഞിരുന്നോ..?“
                                                                       28-01-2012