Thursday, February 09, 2012

കാലഹരണപ്പെട്ട ഓര്‍മ്മകള്‍


 കാലഹരണപ്പെട്ട ഓര്‍മ്മകള്‍

“ഞാന്‍ സ്നേഹിച്ചിരുന്ന പെണ്‍കുട്ടീ...അന്നു നീ ഈ കലാലയത്തിലുണ്ടായിരുന്നു..”
ഇന്ന്, ഈ കോളേജങ്കണത്തില്‍, ഈ ചൊരിമണലില്‍, വിളറിവെളുത്ത അശോകപുഷ്പങ്ങള്‍ വീണടിഞ്ഞ്, ശാന്തതയിലലിയുന്ന മരച്ചുവട്ടില്‍ ഒരേകാകിയായി ഞാനിരിക്കുമ്പോള്‍..
“ഞാന്‍ സ്നേഹിച്ചിരുന്ന പെണ്‍കുട്ടീ...നിന്റെ ഓര്‍മ്മകള്‍ തെളിനീര്‍കുളത്തിലെ കുമിളകള്‍ പോലെ എന്റെ മനസ്സില്‍ ഉയര്‍ന്നുവന്നുടയുന്നു..”
കാമ്പസ് ജീവിതത്തിന്റെ അവസാനയാമങ്ങളിലെന്നോ ഇവിടം വിട്ട് നീ എവിടെയോ മറഞ്ഞപ്പോഴും, തോല്‍വിയുടെ കയ്പുനീര്‍ കുടിച്ച് ഇവിടെനിന്നും ഞാനിറങ്ങുമ്പോഴും....
“ഞാനിഷ്ടപ്പെട്ട പെണ്‍കുട്ടീ..ഞാന്‍ ഓര്‍ത്തുകൊണ്ടിരുന്നത് നിന്നെ മാത്രമായിരുന്നു.”
മഹാനഗരങ്ങളുടെ വിരിമാറില്‍ ചവിട്ടി പാദമുടയുമ്പോഴും, ഗര്‍വിഷ്ടരായ പുകക്കുഴലുകള്‍ക്കു കീഴില്‍ ഒരു യാചകനായി കൈനീട്ടിയപ്പോഴും, ഒഴിഞ്ഞ കൈകളുമായി പടിയിറങ്ങി വീണ്ടും ജോലിതേടി അലയുമ്പോഴും...
“പെണ്‍കുട്ടീ...നീയെന്ന സ്വപ്നം എന്നെ ഭരിച്ചിരുന്നു, അതുകൊണ്ടുമാത്രം എന്റെ പെണ്‍കുട്ടീ അതുകൊണ്ടുമാത്രം ഞാന്‍ തളര്‍ന്നില്ല..,”
നിറഞ്ഞുവീര്‍ക്കുന്ന എന്റെ കണ്ണുകളിലേക്ക് തണുത്ത മഞ്ഞിന്‍ തുള്ളികള്‍ ഇറ്റുവീഴുമ്പോഴും, ഊര്‍ദ്ധ്വ പ്രക്രിതിയിലേക്ക് മന്ദമാരുതനും, നിശാരാക്ഷസിയും കടന്നുവരുമ്പോഴും ....
“ഞാന്‍ സ്നേഹിച്ച പെണ്‍കുട്ടീ...ഞാന്‍ നിന്നെ മാത്രമോര്‍മ്മിച്ചു...എന്റെ ഹ്ര്രുദയാന്തരത്തില്‍ കനല്‍കട്ട തെളിച്ച്...എന്റെ ദേഹത്തെ ചൂടുപിടിപ്പിക്കുന്ന നിന്നെ മാത്രം...“
ഇപ്പോള്‍ എത്ര ശരത്കാലങ്ങള്‍ കൊഴിഞ്ഞു വീണു....എത്ര മഴമേഘങ്ങള്‍ പെയ്തൊഴിഞ്ഞു....ഗതകാലസ്മരണകളുറങ്ങുന്ന ചവറ്റുകൂടയില്‍ ഒന്നു പരതിനോക്കിയാല്‍ എന്റെ ജീവിതപുസ്തകത്തിന്റെ കുത്തഴിഞ്ഞ കുറെ ഏടുകള്‍ നാത്രമേ കാണൂ. വഴിതെറ്റിയ സുഹ്രുത്ബന്ധങ്ങളും താളംതെറ്റിയ പ്രയാണങ്ങളും നഷ്ടപ്പെട്ടുപോയ ജീവിതവും…. അങ്ങിനെ…അങ്ങിനെ..
“എങ്കിലും എന്റെ പെണ്‍കുട്ടീ….നീയെന്ന അപ്സരസൊന്നിച്ചുള്ള ജീവിതം ഞാന്‍ എപ്പോഴൊക്കെയോ സ്വപ്നം കണ്ടിരുന്നു.”
കോളേജ് ദിനങ്ങള്‍ക്കിടയില്‍ അസ്സത്യങ്ങളുടെയും അര്‍ധസത്യങ്ങളുടെയും ഘോഷയാത്രകള്‍ നയിച്ച് തെറ്റുകളില്‍നിന്നും തെറ്റുകളിലേക്ക് വഴുതി വീണത്…..രാഷ്ട്രീയ പാഴ്മരങ്ങളില്‍ കൊടിക്കൂറകള്‍ പാറിച്ചത്….
“ഞാന്‍ സ്നേഹിച്ചിരുന്ന പെണ്‍കുട്ടീ……അന്നു നിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനു മാത്രമായിരുന്നു.”
അവിടെനിന്നും അടിതെറ്റി വീണ് പടുകുഴിയില്‍ പതിക്കുമ്പോള്‍ ഞാന്‍ കാണുന്നില്ലെന്നുകരുതി …
“എന്റെ പെണ്‍കുട്ടീ….നീ ചിരിച്ച ആ പരിഹാസച്ചിരി എത്ര അര്‍ഥവത്തായിരുന്നു..?”
സിരകളില്‍ മയക്കുമരുന്നെന്ന മായിക ദ്രാവകമൊഴുക്കി, സ്വബുദ്ധിയെ പണയം വെച്ച് അറിയാതെ..അറിയാതെ..ചിത്തഭ്രമത്തിന്റെ ഊഷര മരുഭൂമിയിലേക്ക് ഞാന്‍ നടന്നു നീങ്ങുമ്പോളും…
“ഞാനിഷ്ടപ്പെട്ട പെണ്‍കുട്ടീ…ഞാനോര്‍ത്തത് നിന്നെ മാത്രമാണ്‍.”
നടന്നുപോകുന്ന വഴിയിലെവിടെയൊക്കെയോ, ഭ്രാന്തന്‍..ഭ്രാന്തന്‍…എന്ന ആരവത്തിനിടയിലൂടെ, വളര്‍ന്നുജടപിടിച്ച എന്റെ മുടിക്കുത്തിലേക്കും…പൊടിഞ്ഞു തീരാറായ കുപ്പായത്തിലേക്കും കല്‍ചീളുകളും മണ് തരികളും വന്നുവീണ്‍ എന്റെ പ്രജ്ഞയെ ഇരുട്ടിലാഴ്ത്തുമ്പോഴും…
“ഞാന്‍ സ്നേഹിച്ചിരുന്ന പെണ്‍കുട്ടീ…നീയെന്റെ മനസ്സില്‍ ഉദിച്ചുനിന്നു.”
വെറുതെ നഷ്ടപ്പെട്ടുപോയ കുറെ കാലങ്ങള്‍ക്കുശേഷം ഈ കോളേജ് അങ്കണത്തില്‍, ഈ ചൊരിമണലില്‍, വളര്‍ന്നുവശായ താടിയില്‍ തലോടി ഞാന്‍ മലര്‍ന്നുകിടക്കവേ, എന്റെ ഈ ഏകന്തതിയില്‍, ഈ ശൂന്യതയോട് സത്യമായും ഞാന്‍ പറയുന്നു….
“ഞാന്‍ സ്നേഹിച്ചിരുന്ന പെണ്‍കുട്ടീ…അന്നു നീ ഈ കലാലയത്തിലുണ്ടായിരുന്നു…..നീയെന്റെ രോമാഞ്ചമായിരുന്നു….നീയെന്റെ സ്വപ്നരഥത്തിന്റെ തേരാളിയായിരുന്നു….കൂരിരുട്ടില്‍ പ്രകാശമായിരുന്നു…എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടീ…..നീയിന്ന് എവിടെയാണ്‍….ഈ പഥികന്റെ യഥാര്‍ത്ത പ്രേമം എപ്പോഴെങ്കിലും നീ അറിഞ്ഞിരുന്നോ..? അല്ല, പ്രേമം എന്തെന്നുതന്നെ നീ അറിഞ്ഞിരുന്നോ..?“
                                                                       28-01-2012

No comments: