Thursday, February 09, 2012

പൊള്ള്


പൊള്ള്                                                                      കൊച്ചുകഥ
ഞാനൊരു കഥ പറയാം. ഒരു പൊള്ളക്കഥ.
പണ്ട്..പണ്ട്….എന്നുവെച്ചാല്‍….
അല്ലെങ്കിലെന്തിനു പാണ്ട്? ഈ വര്‍ത്തമാനമുണ്ടെല്ലോ.
ഒരിടത്തൊരിടത്ത്..
അതും വേണ്ട.
ഇവിടെ തന്നെ. ഞാനും നിങ്ങളും ജീവിക്കുന്ന ഈ നാട്ടില്‍ തന്നെ.
“എന്താ മാഷെ കഥ?”
പറയാന്‍ തുടങ്ങുകയല്ലേ..കേട്ടുകൊള്ളു.
പൊന്നു താമ്പുരാനു വയസായി.
“ഹേ, ഇതെന്തുകഥ? വയസ്സാകുന്നതു പുതുമയാണോ?”
അല്ലേ അല്ല, വയസ്സായി എന്നു പറയുമ്പോള്‍ പ്രായമായി എന്നുമാത്രമല്ല വിവക്ഷ. തല നരച്ചു.. ജര വന്നു. മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങള്‍ തുരുമ്പിച്ചു ദ്രവിച്ചു. പരഞ്ഞതു ശ്രദ്ധിക്കണം. ചില ഭാഗങ്ങള്‍ മാത്രമേ തുരുമ്പിച്ചിട്ടുള്ളു. അതിനര്‍ത്ഥം ചില ഭാഗങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തനനിരതമാണ്‍ എന്നു തന്നെ.
അപ്പോള്‍ കഥ തുടരട്ടെ?
മിതശീതോഷ്ണനിവര്‍ത്തമായ പള്ളിയറയില്‍, പുലിത്തോല്‍ വിരിച്ച പള്ളിമഞ്ചത്തില്‍ പതിവായെന്നും പള്ളിക്കൂപ്പുകൊള്ളാനാണ്‍ തമ്പുരാനിഷ്ടം. നാടറിയാതെ….കാടറിയാതെ…നാട്ടാരറിയാതെ..
“അതു പ്രായമായതുകൊണ്ടല്ലെ…ഇപ്പൊള്‍ കഥ കൊള്ളാമെന്നുതോന്നുന്നു. പറയൂ…പറയൂ..”
ഇനിയല്ലേ കഥ.
സാമന്തന്മാരുണ്ടെല്ലോ കാര്യങ്ങള്‍ അന്വേഷിക്കാന്‍. അപ്പോള്‍പിന്നെ പള്ളിക്കുറുപ്പുകൊണ്ടാലെന്ത്. പരന്ത്രീസില്‍ പോയാലെന്ത്. ഇങ്ങിനെയിരിക്കെ രാജ്യത്ത് ദാരിദ്ര്യവും കാലക്കേടും വന്നു.
“അതെങ്ങനെ വരാതിരിക്കും മാഷെ? ഒന്നുകില്‍ രാജാവു നന്നാകണം, അല്ലെങ്കില് രാജനീതി നന്നാകണം. ഇതു രണ്ടുമല്ലെങ്കില്‍ ഖജനാവില്‍ പൂത്ത പണം വേണം. ഒന്നുമില്ലെങ്കിലോ..?
അതു ചിലരുടെമാത്രം കാശിപ്പെട്ടിയിലായാലോ എന്നും പറയാം.
അപ്പോള്‍ കഥ എവിടെയാണ്‍ മുറിഞ്ഞത്? സാമന്തന്മാര് ഭരണം തുടങ്ങി. സാമന്തരിലുമുണ്ടാകാമെല്ലോ മന്ദന്മാര്‍.  അവറ്ക്കുമുണ്ടു ജോലി. അതിലൊരു മന്ദന്‍ ഒരു സുപ്രഭാതത്തില്‍ പള്ളിയറ വാതില്‍ക്കല്‍ ചെന്നു തമ്പുരാനെ പള്ളിയുണര്‍ത്തി. അര്‍ദ്ധനിദ്രയില്‍ തമ്പുരാന്‍ പുറത്തു വന്നു.
“എന്താ ഹേ?”
“ആരൊക്കെയോ മുഖം കാണിക്കാന്‍ എത്തിയിരിക്കുന്നു.”
“ആരാവാം?”
“തെക്കൂന്നെങ്ങാണ്ടാണത്രേ.”
“പട്ടാളക്കാരാണോ?”
“അല്ല…പട്ടിണിപ്പാവങ്ങളാന്നാ തോന്നുന്നേ.”
തമ്പുരാന്‍ ഒന്നാലോചിച്ചു.
“ശരി വരാന്‍ പറയൂ”
വന്നു. മുഖം കാണിച്ചു.
“എന്താണാവോ?“
“തമ്പുരാനേ…കാലം പെഴച്ചു..”
-2-
“എന്തുണ്ടായി?”
“കിഴക്കന്മലകളില്‍ വെള്ളമിരമ്പുന്നു……കെട്ടിയ മടയെല്ലാം അപകടത്തിലാണ്‍…..ജീവന്‍ പോലും പണയത്തിലും..”
“ഹ ഹ ഹ..ഇതിലെന്തിത്ര കാര്യം? ശരി നാളെ നാലുപേര്‍ വരും.വെള്ളമുണ്ടോ, മട പൊട്ടുമോ എന്നവര്‍ നോക്കും. ഇപ്പോള്‍ പൊയ്ക്കൊള്ളുക.”
“റാന്‍” അവറ് മടങ്ങി. തമ്പുരാന്‍ പള്ളിയറയിലേക്കും.
അടുത്ത പ്രഭാതത്തിലും മന്ദിനൊരുവന്‍ പള്ളിയുണര്‍ത്തി.
“ഇന്നാര്‍?”
“തെക്കുകെഴക്കൂന്നാത്രെ. ക്രിഷിക്കാരാന്നു പറയുന്നു.”
“വിളിക്ക്” തമ്പുരാന്‍ പ്രാകി.
അവരും വന്നു.
“തെക്കെങ്ങാണ്ടു മട പൊട്ടാന്‍ പോണത്രേ. തമ്പുരാനേ..അതും വെറും പൊളിയാണേ. ആ മട ഇതിനുമുമ്പു പൊട്ടിയ ചരിത്രമില്ലേ…ഇനി പൊട്ടുകേമില്ലേ..”
പൊന്നുതമ്പുരാന്‍ ആശയക്കുഴപ്പത്തിലായല്ലോ.
“നാളെ നാലുപേര്‍ വരും. അവര്‍ വന്നു കാണട്ടെ.”
“റാന്‍…” അവരും മടങ്ങി. അദ്ദേഹം പള്ളിക്കുറുപ്പിനും.
“കഥ തീര്‍ന്നുവോ?”
തീരാറയി.
തെക്കുള്ളവരും തെക്കുകിഴക്കുള്ളവരും തമ്മില്‍ കോര്‍ത്തു.
“അതുണ്ടാകണമെല്ലോ….എന്നാലല്ലേ കഥക്കൊരു വഴിത്തിരിവുണ്ടാകൂ. എന്നിട്ട്..?”
പറഞ്ഞദിവസംതന്നെ നാലുപേര്‍ വന്നു. തെക്കരേയും കിഴക്കരേയും കണ്ടു. പടി വാങ്ങി, എന്നിട്ട് പടിയൊഴിഞ്ഞു പോയി.
“ദരസ് എഴുതിയില്ലേ..?”
അതെന്തിന്‍ എഴുതണം? അതവര്‍ക്ക് ഹ്രിദിസ്ഥമാണത്രേ.
കഥ ഏതാണ്ട് അവസാനിക്കാറായി.
കാലനും കാലക്കേടിനും അറുതി വന്നില്ല. വെള്ളമിരമ്പിക്കൊണ്ടിരുന്നു. മടക്കു വിള്ളല്‍ വീണു. പട്ടിണിപ്പാവങ്ങള്‍ പൊന്നുതമ്പുരാന്റെ പടിപ്പുരയില്‍ വീണ്ടും മുട്ടി. പൊന്നു തമ്പുരാന്‍ പടിതുറന്നുവന്നില്ല. പകരമൊരു തിട്ടൂരം കൊടുത്തു മന്ദനേ വിട്ടു. അതിലിങ്ങനെയെന്തോ എഴുതിയിരുന്നു.
“നിങ്ങള്‍ ഇരുപത്, അപ്പുറത്തു നാല്പത്. ഞാനെന്തു ചെയ്യും?. ഇനി നിങ്ങളുടെ പാട്. ഒന്നിച്ചൊരു തീരുമാനത്തിലെത്തുക, അല്ലെങ്കില്‍ ഭൂരിപക്ഷ്ത്തിനു വിടുക. എന്നിട്ടെന്നെ അറിയിക്കുക. അത്രന്നെ.”
തീരുമാനമുണ്ടായില്ല. വെള്ളമിരമ്പുന്നു…മട തുളുമ്പുന്നു..തെക്കര്‍ വിധി കാത്തു കഴിയുന്നു.
“അയ്യോ പാവം.  അപ്പോള്‍ തെക്കുകിഴക്കരോ…”
ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു. അല്ലതെന്താ…..
                                                                                          04-01-2012

No comments: