Friday, February 17, 2012

ശേഷിപ്പ്


എള്ളും പൂവും ചന്ദനവും ഉണക്കലരിച്ചോറുംകൊണ്ട് ബലിയിട്ടു.
എണ്ണയും പാലും പനിനീരുംകൊണ്ടു തര്‍പ്പണം ചെയ്തു. മുട്ടില്‍നിന്നുയര്‍ന്ന് ഉറക്കെ കൈകള്‍ കൊട്ടി.
അച്ഛന്‍ അവശേഷിപ്പിച്ചുപോയ ചിതാഭസ്മം നിറച്ച അസ്ഥികലശം ശിരസ്സില്‍ താങ്ങിക്കൊണ്ടു പുഴയിലിറങ്ങി. ഏഴാവര്‍ത്തി മുങ്ങിനിവര്‍ന്ന് അസ്ഥികലശവും പുഴയുടെ അടിത്തട്ടിലുപേക്ഷിച്ചു. വിരലില്‍ കെട്ടിയിട്ടിരുന്ന ദര്‍ഭമോതിരം ഊരി പുഴയിലുപേക്ഷിച്ചു. പടികയറി പിന്തിരിഞ്ഞു നടക്കുമ്പോഴും, ഒരു ബലിക്കാക്ക, ബലിച്ചോറിനരികിലെത്തിയിരുന്നില്ല. ബലിയേല്‍ക്കാത്ത ബലിച്ചോറീനെ നോക്കിഏതാനും നിമിഷങ്ങള്‍കൂടി ചിന്താമഗ്നനായി നിന്നിട്ട് അയാള്‍ പുഴയോരംവിട്ടു വാഹനങ്ങുളുടെ പാര്ക്കിങ് ഏരിയായിലേക്കു നടന്നു. അവിടെ പാര്‍ക്കുചെയ്തിരുന്ന വിലയേറിയ തന്റെ കാറില്‍കയറി അയാള്‍ സ്വയം ഡ്രൈവ് ചെയ്തു. പാര്‍ക്കിങ് ഏരിയ വിട്ട്, പ്രധാനവീഥിയിലേക്ക് കടന്നു.
കാറില്‍ ശീതീകരണയെന്ത്രം മുരണ്ടുകൊണ്ടിരുന്നു. തന്റെ ഉള്ളില്‍ തിളക്കുന്ന ഉഷ്ണത്തെ ചെറുക്കാന്‍ ആ ശീതീകരണയന്ത്രത്തിനു കഴിയുന്നില്ല എന്നു അയാള്‍ അറിഞ്ഞു. പുഴയിലുപേക്ഷിച്ച അസ്ഥികലശവും, കാക്കയെടുക്കാത്ത ബലിച്ചോറും അയാളെ ഒന്നുപോലെ ചുട്ടുനീറ്റി. അപ്പോള്‍ ഏകാന്തതയുടെ വില അയാളറിഞ്ഞു. അച്ഛന്റെ വിയോഗമയാളറിഞ്ഞു.
തന്റെ ജന്മത്തിനു കാരണഭൂതനായ, തന്റെ ഉയര്‍ച്ചക്കു പിന്തുണയേകിയ, താന്‍ താനുകുവോളം തന്നെ ഊട്ടി വളര്‍ത്തിയ തന്റെ അച്ഛന്‍ ഒരുപിടി ചാരമാകുംവരെ താനെവിടെയായിരുന്നു. തന്റെ ചുണ്ടില്‍ ഒരുതുള്ളി മുലപ്പാല്പോലും ഇറ്റിക്കുവാന്‍ കാത്തുനില്‍ക്കാതെ തന്റെ അമ്മ കാലത്തിന്റെ അന്തരാളത്തിലേക്ക് ഇറങ്ങിപ്പോയി. ജീവിതപ്രയാണത്തിനിടയില്‍ വേണ്ടപ്പെട്ട എല്ലാവരാലും വെറുക്കപ്പെട്ട തന്റെ അച്ഛ്നും അമ്മയും നാടും വീടും വിട്ട് എവിടെയോ അന്യരായി കഴിയുകയായിരുന്നു. അമ്മയുടെ വേര്‍പാടും തെല്ലൊന്നുമായിരുന്നില്ല അച്ഛനെ തളര്‍ത്തിയത്. അവിടെനിന്നങ്ങോട്ട്, തനിക്കുവേണ്ടി…തനിക്കു മാത്രംവേണ്ടി, അച്ഛന്‍ ജീവിച്ചു. ഏകന്തരാത്രികളില്‍ തന്നെ കെട്ടിപ്പിടിച്ച് “മോനേ..” എന്നു വിളിക്കുന്ന അച്ഛന്റെ കണ്ണുകള്‍ നിറയുന്നത് താന്‍ കണ്ടിട്ടുണ്ട്. കണ്0മിടറുന്നത് താനറിഞ്ഞിട്ടുണ്ട്. അറിവായിത്തുടങ്ങിയ കാലങ്ങളില്‍ പുരുഷന്മാര്‍ക്കും ഇത്രമാത്രം വ്യഥിത ദു:ഖം ഉണ്ടാകുമോയെന്നു താന്‍ സംശയിച്ചിരുന്നു. തന്റെ ഓരോ ചുവടുകളും പിഴക്കാതിരിക്കാന്‍ അച്ഛന്‍ താങ്ങായി നിന്നുതന്നു. ഇഷ്ടപ്പെട്ട വിദ്യഭ്യാസത്തിന്‍, ഇഷ്ടപ്പെട്ട തൊഴിലിന്, ഇഷ്ടപ്പെട്ട വിവാഹത്തിനുവരെ ആ താങ്ങും തണലും എന്നും തനിക്കായിമാത്രം നിന്നിരുന്നു. ഈക്കാലത്തിനിടയില്‍ ആര്‍ഭാടമായി ജീവിക്കാനുള്ളത് താന്‍ ഉണ്ടാക്കിയിരുന്നു. അതീനുതുല്യം ആര്‍ഭാടമായിതന്നെ തന്റെ വിവാഹവും നടന്നു.
വിധിവൈപരീത്യമോ എന്തോ..അന്നുമുതല്‍ അച്ഛന്‍ കൂടുതല്‍ ഒറ്റപ്പെട്ടു.
അമ്മയേപ്പറ്റിയുള്ള വിചാരങ്ങളാവാം, അല്ലെങ്കില്‍ ഉത്തരവാദിത്വങ്ങള്‍ തീര്‍ത്തുവെച്ച ആത്മാര്‍പ്പണത്തേക്കുറിച്ചുള്ള വിശ്വാങ്ങളാവാം, അച്ഛന്‍ ഇടക്കിടെ ദീര്‍ഘശ്വാസമുതിര്‍ക്കുന്നത് താന്‍ പലവട്ടം കണ്ടിട്ടുണ്ട്. താനും ഭാര്യയും ഒന്നിച്ച് അകല്‍ങ്ങളില്‍ പോകുമ്പോള്‍ നിര്ന്നിമേഷനായി നോക്കിനില്‍ക്കുന്ന അച്ഛനെ താന്‍ കണ്ടിട്ടുണ്ട്. പക്ഷെ എന്തുകൊണ്ടോ പലപ്പോഴും ആ അച്ഛനോട് ഒന്നു യാത്രപറയാന്‍പോലും താന്‍ മറന്നുപോകുന്ന സത്യം  ഒരിക്കലും തന്നെ മഥിച്ചില്ല. അത് പലപ്പോഴും പലപ്പോഴുമായി, എല്ലായ്പ്പോഴും ആകുന്നതും താന്‍ മറന്നുപോയിരുന്നു. പട്ടുവസ്ത്രങ്ങളും, ഉടയാടകളും, വിലയേറിയ ആഭരണങ്ങളുമായി തങ്ങള്‍ വീട്ടിലേക്കു മടങ്ങുമ്പോഴും, പടിയോരം നോക്കിനില്‍ക്കുന്ന അച്ഛനെ താന്‍ മറന്നു തുടങ്ങി. ആ വേദനകളെല്ലാം ഒരുപക്ഷെ നിറഞ്ഞ നെടുവീര്‍പ്പില്‍  അച്ഛന്‍ ഒതുക്കിവെച്ചിരിക്കാം, നിറഞ്ഞ നിശ്ശബ്ദദയില്‍ പൂഴ്ത്തിവച്ചിരിക്കാം.
തനിക്കായി അതിവേഗം കറങ്ങിയോടീയ കാലത്തിന്റെ രഥചക്രം, അച്ഛനില്‍നിന്നും അകലങ്ങളിലേക്ക് തന്നെ കൊണ്ടുപോയി. പ്രായത്തിന്റെ കളിക്കൂട്ടുകാര്‍, വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ മാത്രമുറങ്ങുന്ന കളിവീട്ടിലേക്ക് അച്ഛനെ നടത്തിക്കൊണ്ടുപോകുകയും ചെയ്തു.
“അച്ഛന്‍…വിഷാദരോഗത്തിന്റെ നീര്‍ച്ചുഴിയിലാണിപ്പോള്‍…ബി കെയര്‍…എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കേണ്ട സ്റ്റേജില്‍ എത്തിയിരിക്കുന്നു….ഇനിയുള്ള നിങ്ങളുടെ ഉത്തരവാദിത്വം വലുതാണ്‍…ബി…ബി..കെയര്‍..”
ഡോക്ടറുടെ വാക്കുകള്‍ തന്നില്‍ ഒരു ചലനവുമുണ്ടാക്കിയില്ല.
ഉത്തരവാദിത്വമെങ്കിലും ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കാന്‍ തന്റെ മനസ് തയ്യറായിരുന്നില്ല. കുറച്ചു ചര്‍ച്ചകളും ഏറെ പണമൊഴുക്കും കഴിഞ്ഞപ്പോള്‍ അച്ഛന്‍ പ്രത്യേക സെല്ലിലേക്കു മാറ്റപ്പെട്ടു. ബാദ്ധ്യതകളില്‍നിന്നും തെന്നിമാറി താന്‍ തിരക്കിലേക്കും മടങ്ങി.
എത്രയോ കാലങ്ങള്‍. വിചാരവികാരങ്ങളില്‍ മുങ്ങിയും പൊങ്ങിയും അച്ഛന്‍ ആ സെല്ലില്‍ കഴിഞ്ഞു. പിന്നെ ഒരുനാള്‍ നീണ്ട ഉറക്കത്തിലേക്കു വഴുതിപ്പോയി.
ഇന്ന് അച്ഛന്റെ ഒന്നാം ശ്രാദ്ധദിനമായിരുന്നു. കടപ്പാടുകള്‍ മറന്ന താന്‍ ആരുടെയോ വാക്കുകള്‍ കേട്ട് അസ്ഥികലശവുമേന്തി യാത്രയായി. കാക്കയെടുക്കാത്ത ബലിച്ചോറ് മറക്കാത്ത വേദനകളായി പുഴയോരത്ത് കിടക്കുന്നതുകണ്ടു. ചിതരിക്കിടന്ന എള്ളിലും പൂവിലും നൊമ്പരത്തിന്റെ രേണുക്കള്‍ പറ്റിപ്പിടിച്ചിരുന്നു. താന്‍ അഴിച്ചിട്ട ദര്‍ഭമോതിരത്തില്‍ കുടുങ്ങി ഒരു മത്സ്യവും ചത്തുപോയിരിക്കുമോ?
അയാള്‍ ഓടിക്കുന്ന കാര്‍, നാല്‍ക്കവലയിലെത്തുമ്പോള്‍ അയാള്‍ക്കെതിരെ ചുവന്ന വിളക്ക് കത്തിനില്‍ക്കുന്നു. നിയമവിധേയമായി അയാള്‍ കാര്‍ നിര്‍ത്തിയിരിക്കുകയാണ്‍. അതുകൊണ്ടാവാം, അയാളുടെ സെല്ഫോണില്‍ ഒരു മെസ്സേജ് എത്തിയ അറിയിപ്പുണ്ടായത് ആ നിമിഷംതന്നെ അയാളറിഞ്ഞു. അതെടുത്തുനോക്കി.
“യുവര്‍ വൈഫ് ഹോസ്പിറ്റലൈസ്ഡ്…ഡെലിവെറി ബി സൂണ്‍.”
ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന അയാളുടെ മനസ്സ് അറിയാതെ ഒന്നു പിടഞ്ഞു. അയാള്‍ ഓര്‍ത്തു….
“താനും ഒരു അച്ഛനാകാന്‍ പോകുന്നു…..”
തിരക്കുതുടങ്ങുന്ന നാല്‍കവലയില്‍ അപ്പോള്‍ സിഗ്നല്‍ ലൈറ്റിന്റെ നിറം മാറി കത്താന്‍ തുടങ്ങുകയായിരുന്നു. 
18-02-2012

No comments: