Thursday, February 09, 2012

മുഖങ്ങള്‍ നഷ്ടപ്പെടുത്തുന്നവര്‍ക്കൊരു കൂദാശ.


മുഖങ്ങള്‍ നഷ്ടപ്പെടുത്തുന്നവര്‍ക്കൊരു കൂദാശ.                 കൊച്ചു കഥ

അസ്തമിക്കാറായെങ്കിലും സാന്ധ്യാകാശം കറുത്തുതുടങ്ങിയിരുന്നില്ല.  അല്പം മുന്‍പാണ്‍ ഒരു ചാറ്റല്‍മഴ പെയ്തൊഴിഞ്ഞത്. ഇളവെയില്‍ ഉണ്ടായിരുന്നതിനാല്‍, കിഴക്കന്‍ ചക്രവാളത്തോടടുത്ത് പകിട്ട് നഷ്ടപ്പെട്ട ഒരു മഴവില്‍ മങ്ങി നിന്നിരുന്നു. എങ്കിലും ഇളവെയിലില്‍ മഴവില്ലിന്റെ നിറം ചാലിച്ചിരിക്കുന്നതായി തോന്നിയിരുന്നു.
പാതയോരത്ത് അന്തിചന്ത കൂടിവരുന്ന സമയമാകുന്നതിന്റെ കോലാഹലങ്ങള്‍ കേള്‍ക്കുന്നുണ്ട്. അന്തിചന്ത എന്നു പറയുമ്പോള്‍ നാടന്‍ പച്ചക്കറിയും നാടന്‍ ജലാ‍ശയങ്ങളില്‍നിന്നുള്ള ചില മത്സ്യവര്‍ഗ്ഗങ്ങളും വില്പനക്കെത്തുന്ന ഒരു ചെറിയ ചന്ത. മണ്‍പാത്രങ്ങളും ചിരട്ടത്തവികളുമായി ഒന്നുരണ്ടുപേര്‍ ഇടക്കിരുന്നിരുന്നു. കപ്പലണ്ടിക്കച്ചവടത്തിനെത്തിയ രണ്ടു കുട്ടികള്‍ മൂക്കളയൊലിപ്പിച്ച് അവരുടെ ജോലി ചെയ്തുപോരുന്നു. അല്‍പം തട്ടിപ്പും മുച്ചീട്ടുകളിയുമായി ഒരുവന്‍ അപ്പുറത്തുണ്ട്. വിലപിടിപ്പുള്ള കച്ചവടച്ചരക്കുകളൊ, നിലവാരാമുള്ള മറ്റുവ്യാപാരങ്ങളൊ അവിടെയുണ്ടായിരുന്നില്ല. വ്രുത്തിയും വെടിപ്പും എന്തെന്നറിയാത്ത ഒരു പാതയോരം. ഇതത്രെ അന്തിച്ചന്ത.
പതിവുള്ള വിലപേശലും കച്ചവടവും മാത്രമാണവിടെ നടക്കുന്നത്. സമയം പോക്കാന്‍ അലഞ്ഞു നടക്കുന്ന ചിലരുണ്ടാകും. പുളിച്ച തെറിയും നിലവാരമില്ലാത്ത അഭിപ്രായങ്ങളുമായി മറ്റുചിലരും മദ്യഗന്ധമൊഴിക്കി നടക്കുന്നുണ്ടാകും. രാഷ്ട്രീയ പ്രബുദ്ധരോ ബുദ്ധിജീവികളോ അവിടെയുണ്ടാകാറില്ല.
വിവരണം ഇവിടെ അവസാനിപ്പിക്കുന്നതാകും അഭികാമ്യം.
അല്പം അകലെ ഒരു ആരവം കേട്ടതുകൊണ്‍ടാണ്‍ അങ്ങോട്ടു ശ്രദ്ധിച്ചത്. ആ നിമിഷം എല്ലാവരുടെയും നോട്ടം ആ ദിക്കിലേക്കു തിരിഞ്ഞു. ഒരു കുരങ്ങനേയും തോളിലെടുത്തുകൊണ്ട് ഒരു നാടോടി മഴവില്‍കാവടിയില്‍ നിന്നിറങ്ങി ചന്ത ലക്ഷ്യമാക്കി നടന്നുവരുന്നതു കാണായി. ഇടം തോളില്‍ കുരങ്ങച്ചന്‍, വലംതോളില്‍ മാറാപ്പില്‍ ചില കളിക്കോപ്പുകള്‍. ഒരു വളയം, വടി, കൊട്ടിശബ്ദമുണ്ടാക്കാനുപയോഗിക്കുന്ന എന്തോ ഉപകരണം, ഒരു കുറ്റി.
വന്നമാത്രയില്‍ മണ്ണില്‍ കുറ്റിതാഴ്തി, കുരങ്ങനെ അതിന്മേല്‍ കെട്ടിയിട്ടു. കുരച്ചുദൂരേക്കു മാറിയിരുന്ന് ഉപകരണത്തില്‍ കൊട്ടി ശബ്ദ്മുന്ണ്ടാക്കാന്‍ തുടങ്ങി. കാഴ്ചക്കാരുടെ ശ്രദ്ധ കളിക്കളത്തിലേക്കായി എന്നയാള്‍ ഉറപ്പു വരുത്തി. മറ്റുകളിപ്പാട്ടങ്ങള്‍ പുറത്തെടുത്തു. കുരങ്ങനെ പതുക്കെ കെട്ടഴിച്ചുവിട്ടു, കളി തുടങ്ങാന്‍ ആജ്ഞാപിച്ചു. കുരങ്ങന്‍ പതുക്കെ ഒന്നു മടിച്ചു നിന്നു. അപ്പോള്‍ കയ്യിലിരുന്ന വടി അയാള്‍ അന്തരീക്ഷത്തില്‍ ചുഴറ്റി ശബ്ദമുണ്ടാക്കി. ഭയപ്പാടോടെ കുരങ്ങന്‍ ഒന്നുരണ്ടുചുവടുവെച്ചു. കളിക്കോപ്പിനും കളിക്കാരനും മാത്രം മനസ്സിലാകുന്ന ഭാഷയില്‍ അയാള്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. കുരങ്ങന്‍ ചാടുകയും മറിയുകയും ന്രുത്തം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. രണ്ടുപേരും തളരുകയും, ക്ഷീണിക്കുകയും ചെയ്തു. കളി നിര്ത്തി. തന്റെ തലയില്‍ വെച്ചിരുന്ന തൊപ്പ്പ്പിയെടുത്ത് അയാള്‍ കുരങ്ങന്റെ കയ്യില്‍ കൊടുത്തു. കുരങ്ങന്‍ കാഴ്ചക്കാരുടെ സമീപം ചെന്ന് തൊപ്പി നീട്ടി. ചില ചില്ലറത്തുട്ടുകള്‍ അതില്‍ വീണു കിലുങ്ങി.
കളിക്കാരന്‍ കളിപ്പാട്ടങ്ങള്‍ മാറപ്പിലാക്കിവെയ്ക്കുമ്പോഴേക്കും കുരങ്ങന്‍ തന്റെ ജോലിതീര്‍ത്ത്, കളിക്കാരനെ തൊപ്പി തിര്യെ ഏല്‍പ്പിക്കുകയും, അയാളുടെ തോളില്‍ കയറി ഇരിക്കുകയും ചെയ്തുകഴിഞ്ഞിരുന്നു.
മഴവില്‍ തീര്‍തും മാഞ്ഞുകഴിഞ്ഞിരുന്നു. ഇരുട്ട് പദംവെച്ച് എത്തിത്തുടങ്ങിയിരുന്നു. അന്തിചന്ത പിരിഞ്ഞുതുടങ്ങിയിരുന്നു. എല്ലാ‍വരും കുടികളിലേക്കു മടങ്ങിത്തുടങ്ങി. അവരെല്ലാവരും ചന്തയില്‍കണ്ട മഴവില്ലും, കുരങ്ങുകളിയും മനസ്സിലിട്ടു ലാളിക്കുകയായിരുന്നു. ആ കുരങ്ങച്ചന്റെ മുഖം, കണ്ടുമറന്ന ആരുടെയൊക്കെയോ മുഖം പോലെ തോന്നിക്കുന്നില്ലെ. ചാനല്‍കൂടാരങ്ങളില്‍ മുഖം നഷ്ടപ്പെടുന്ന ഏതൊക്കെയോ ഭര്‍ത്താക്കന്മാരുടെ മുഖങ്ങളല്ലെ അവ. കുരങ്ങാട്ടക്കാരന്റെ തുടിതാളത്തിനൊപ്പം ചുവടുവെക്കുന്ന കുരങ്ങച്ചന്‍ സ്നേഹപൂര്‍വ്വം സ്വന്തം മുഖങ്ങള്‍ പങ്കിട്ടുകൊടുക്കുന്ന അനുസരണയുള്ള ഭര്‍താക്കന്മാര്‍. പങ്കിട്ടുകിട്ടിയ മുഖങ്ങളെല്ലാം ചേര്‍ത്തുവെച്ച വെറുമൊരു കുരങ്ങച്ചനും.
എല്ലാവരും വിരിയാനിരിക്കുന്ന മറ്റൊരു മഴവില്ലും, ചന്തയിലെ കുരങ്ങാട്ടവും നിറയെ സ്വപ്നം കണ്ടുകൊണ്ടു വേഗം നടന്നു.
                                                                        12-01-2012

No comments: