Sunday, December 15, 2013

പ്രേമപുഷ്പങ്ങള്‍ ... (ചരിത്രകഥ)




രാജപുത്താനയിലെ ഉറപ്പാര്‍ന്ന ചെങ്കല്ലുകളില്‍ തീര്‍ത്ത കൊട്ടാരത്തിനുള്ളിലും, താന്‍ തടവിലാണെന്നറിഞ്ഞുവന്നപ്പോള്‍ കാലം കുറച്ചു വൈകിയിരുന്നു. തന്റെ കൈപിടിച്ചു നടന്ന, തന്റെ മടിയില്‍ കിടന്നു വളര്‍ന്ന തന്റെ ഇളയമകന്‍, ഇത്രമാത്രം കരുത്തനായിരുന്നുവെന്നും അറിയാന്‍ വൈകിപ്പോയി. തന്റെ സ്വന്തം കൂടപ്പിറപ്പിനെ, ഇരുട്ടറയിലടച്ച്, മല്ലന്മാരെക്കൊണ്ട് തച്ചുക്കൊല്ലിച്ച തന്റെ ഇളയമകന്‍. അധികാരത്തില്‍ മാത്രമായിരുന്നുവല്ലോ, അവന്റെ കണ്ണ്.  അവനെ ഭയന്ന്, മറ്റൊരു  മകന്‍, അവന്റെ ഒരു പരിചാരകനെപ്പോലെ, പിന്നാലെ...
വിശാലമായ ആഗ്രാക്കോട്ടക്കുള്ളില്‍ , തനിക്കനുവദിച്ച മുറിക്കുള്ളില്‍നിന്നും പുറത്തേതക്കു നോക്കുവാനുള്ള അനുവാദം  മകന്‍ തനിക്കു തന്നിരുന്നു. ഓര്‍മ്മകളുടെ മായാലോകം തീര്‍ത്ത താജ്, യമുനാനദിക്കക്കരെ, വ്യക്തമായി കാണാം. ആയുധ പാണികളായ പട്ടാളക്കാര്‍ അവിടെ കവാത്തു നടത്തുന്നു.  സുന്ദരമായ പുഷ്പവാടിയില്‍ , ചില പുഷ്പങ്ങള്‍ ചിരിച്ചു നില്‍ക്കുന്നു. ഇടനേരങ്ങളില്‍ , കുതിരപ്പുറത്തു പാഞ്ഞുവന്ന്, രാജ കല്പനകളും, ജാഗ്രാതാനിര്‍ദ്ദേശങ്ങളും നല്‍കി അതേ പോലെ പാഞ്ഞുപോകുന്ന സൈന്യാധിപന്മാര്‍ . ആ വെള്ള മിനാരത്തിനു പകിട്ടേകി, ചില തണല്‍ വൃക്ഷങ്ങള്‍ വളര്‍ന്നു തുടങ്ങി. സന്ധ്യാംബരത്തിന്റെ ചാരുതയില്‍ , അതിമോഹനമായ താജ്, താന്‍ പണി തീര്‍ത്തത് എന്തിനുവേണ്ടിയായിരുന്നു. യുദ്ധക്കളങ്ങളിലും, ബൃഹത്തായ സാമ്രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള യാത്രകള്‍ക്കിടയിലും, തന്റെ പ്രിയപത്നിയുടെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ ഒരു തുള്ളി കണ്ണീരിറ്റാന്‍പോലും സമയമുണ്ടാകാറില്ല. അവളുടെ പ്രേമത്തിന്റെ സ്മൃതികള്‍ക്കെന്നും പകിട്ടേകേണ്ടത്  തന്റെ കര്‍ത്തവ്യമായിരുന്നു. തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ആ സ്മൃതികാവ്യത്തിനുവേണ്ടി താന്‍ ചെലവഴിച്ചത്, ഒരധികപ്പറ്റായിരുന്നില്ല. കണക്കില്ലാതെ ഖജനാവിലെ ധനം താന്‍ ചെലവാക്കിയെന്നത്രേ, തന്റെ മകന്റെ കണ്ടുപിടുത്തം. വാര്‍ദ്ധക്യത്തിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന തനിക്ക്, അവന്റെ മുഷ്കിനു തടയിടാനുള്ള കഴിവില്ലായിരുന്നു. തനിക്കുവേണ്ടി, രാപകല്‍ കാവല്‍നിന്ന ദാരയെ, സ്വസഹോദരന്‍, ഔറംഗസേബ് തടവിലാക്കി. അവന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു. എന്നിട്ട് ശക്തന്മാരായ ഒരു പറ്റം മല്ലന്മാരെയയച്ച്, അവന്റെ അന്ത്യം ഉറപ്പാക്കി. വയോധനനായ തന്റെ ജീവിതം, അവന്റെ നിയന്ത്രണ പരിധിക്കുള്ളില്‍ , ഈ കൊട്ടാരത്തിനുള്ളില്‍ മാത്രവുമാക്കിമാറ്റി.
അസഹ്യമായ വയര്‍നോവ് അനുഭവിച്ചുകൊണ്ടിരിക്കുന്ന താന്‍, മിക്കപ്പോഴും ഏകനാണ്. ജഹനരയെന്ന തന്റെ പ്രിയപുത്രി, അവള്‍ക്കു ലഭിക്കുന്ന സമയമെല്ലാം, പിതാവിനെ പരിചരിക്കുവാന്‍ ഓടിയെത്തിക്കൊണ്ടിരുന്നു. തന്നെ കാത്തുകൊള്ളേണ്ട, പുത്രനാവട്ടെ, കരവും, ചുങ്കവുമെല്ലാം വര്‍ദ്ധിപ്പിച്ച് പ്രജകളുടെ ശാപമേറ്റുവാങ്ങുന്നു. സാമ്രാജ്യത്തിന്റെ വിരിവു വര്‍ദ്ധിപ്പിക്കുന്നതിനോ, വ്യാപാരാദികളില്‍ ഏര്‍പ്പെടുന്നതിനോ, എന്തിനേറെ, രാജ്യകാര്യങ്ങള്‍ തന്നെ വേണ്ടും വിധം നോക്കി നടത്തുന്നതിനോ ശ്രമിക്കാതെ, സ്വന്തം കുടില്‍ വ്യവസായവുമായി അങ്ങിനെ കഴിയുന്നു.
ഈ സമയമെല്ലാം, കിളിവാതിലിലൂടെ താന്‍ കാണുന്ന താജ്, അര്‍ജ്ജുമന്റ് ബാനു ബീഗത്തിന്റെ, മുംതാസ് എന്ന തന്റെ ഇഷ്ട പത്നിയുടെ ഓര്‍മ്മകള്‍ പേറി അങ്ങിനെ നില്‍ക്കുന്നു.
അവളുടെ പതിനാലാം വയസ്സിലുറപ്പിച്ച തങ്ങളുടെ ബന്ധം, ഒരു ജ്യോതിഷിയുടെ പ്രഖ്യാപനത്തോടെ അനിശ്ചിതമായപ്പോള്‍ , തന്നെപ്പോലെ അവളും ഏറെ ദു:ഖിച്ചിരിക്കണം.  പരിപാവനമായ പ്രണയപൂര്‍ത്തിക്കുവേണ്ടി പിന്നീട് തങ്ങള്‍ കാത്തിരുന്നത്, നീണ്ട അഞ്ചു വര്‍ഷങ്ങളാണ്. രാജവീഥിയിലൂടെ താന്‍ കുതിരമേല്‍ പാഞ്ഞുപോകുമ്പോള്‍ , അര്‍ജ്ജുമന്റ് ബാനു തന്റെ മട്ടുപ്പാവില്‍ , വളര്‍ത്തുകിളികളോടൊത്ത് സമയം പോക്കുകയാവും. ഒരു വെണ്‍പ്രാവിന്റെ കാലുകളില്‍ ഉടക്കി, അവള്‍ തനിക്കൊരു കുറിമാനം അയക്കുമെന്നുറപ്പായിരുന്നു. ആ വെള്ളരിപ്രാവ്, മറുദൂതിനുവേണ്ടി തന്റെ കൈത്തണ്ടയില്‍ ഏറെ നേരം വിശ്രമിക്കും. തന്റെ കുറിമാനവും കാലിലുടക്കി, വീണ്ടും മേലോട്ട്. പ്രേമസൌഹൃദങ്ങളുടെ  എഴുതിത്തീരാത്ത എത്രയെത്ര കുറിമാനങ്ങള്‍ ....
അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം. അര്‍ജ്ജുമന്റ് ബാനു, മഹാറാണിയായി തന്റെ കൊട്ടാരത്തിലെത്തുമ്പോള്‍ , അവളുടെ സൌന്ദര്യം പെട്ടെന്നു കാര്‍ന്നു തിന്നുവാനുള്ള ആര്‍ത്തിയിലായിരുന്നു താന്‍. കൊട്ടാരത്തിലെ ആയിരമായിരം രത്നഭണ്ഡാരങ്ങള്‍ക്കിടയില്‍ ഒരു മണിരത്നം പോലെ അവള്‍ തിളങ്ങുന്നതായി തനിക്കനുഭവപ്പെട്ടു. ആത്മാര്‍ത്ഥമായി താനവളെ വിളിക്കുകയും ചെയ്തു-
മുംതാസ് മഹല്‍  (കൊട്ടാരത്തിലെ രത്നക്കല്ല്)
പിന്നീടും എന്നും അവള്‍ തനിക്ക്‍ അങ്ങിനെതന്നെയായിരുന്നു. അക്ബരാബാദി മഹലും, കാന്ദഹാരി മഹലും സപത്നിമാരായി കൊട്ടാരത്തില്‍ വന്നു ചേര്‍ന്നുവെങ്കിലും, മുംതാസ് മഹലിനോടുള്ള അതി പ്രേമം, തന്നെ, അവരില്‍നിന്നും എന്നും ഒരു പടി അകറ്റിനിര്‍ത്തിയിരുന്നു. അവരുടെ ആവശ്യങ്ങളും വേദന പോലും പങ്കുവയ്ക്കുവാന്‍, താന്‍ ശ്രമിച്ചിരുന്നില്ല. ഷാജഹാന്റെ കൊട്ടാരത്തില്‍ , ആരാലും ശ്രദ്ധിക്കപ്പെടാതെ, ഷാജഹാന്റെ പത്നിമാര്‍ മാത്രമായി അവര്‍ ജീവിച്ചു. കൊട്ടാര സദസ്സിലും, രാജ്യകാര്യങ്ങളിലും എന്തിന്, യുദ്ധവേദികളില്‍ പോലും മുംതാസിനു മാത്രമായിരുന്നു അംഗീകരിക്കപ്പെട്ട സ്ഥാനം. ജഹനരയും, ദാരയും, ആലംഗീറും (ഔറംഗസേബ്) ഉള്‍പ്പെട്ട പതിമൂന്നു മക്കള്‍ക്ക്, അവള്‍ ജന്മം നല്‍കിക്കഴിഞ്ഞിരുന്നു. പതിനാലാമതൊരാള്‍ , അവളുടെ ഗര്‍ഭപാത്രത്തില്‍ രൂപം കൊണ്ടു വരികയുമായിരുന്നു. തന്നോടൊപ്പമുള്ള യാത്രയില്‍ , തപ്തീ നദീതീരത്തെ പീഠഭൂമികളില്‍ നടന്ന ഏറ്റു മുട്ടലുകളില്‍ , അവള്‍ സജീവമായിരുന്നു. പ്രസവ കാലവുമായിരുന്നു. ആ യാത്ര, അവളെ, അതീവ ക്ഷീണിതയാക്കി.  ബര്‍ഹന്‍പൂരിലെ, തന്റെ ബന്ധുവിന്റെ ഒരു കൊട്ടാരത്തില്‍ , അവള്‍ക്കുള്ള വിശ്രമസങ്കേതം ഏര്‍പ്പെടുത്തുവാന്‍ കഴിഞ്ഞിരുന്നുവെങ്കിലും, പതിനാലാമാത്തെ പ്രസവം, അവളെ ആകെ തളര്‍ത്തിക്കഴിഞ്ഞിരുന്നു. പ്രസവാനന്തരമുണ്ടായ നിലയ്ക്കാത്ത രക്തപ്രവാഹം, അവളുടെ ജീവനെയും ഒലിപ്പിച്ചു കളഞ്ഞു... ബര്‍ഹന്‍പൂരില്‍ , പ്രത്യേകം തീര്‍ത്ത സൈനബാദ് പുഷ്പവാടിയില്‍ , അവളുടെ ദേഹമടക്കി താന്‍ തിരിച്ചു പോന്നു.
അന്നു മുതല്‍ തന്നെ വേട്ടയാടിക്കൊണ്ടിരുന്നത്, അവളുടെ ഓര്‍മ്മകള്‍ മാത്രമായിരുന്നു. ഒരു കൊല്ലക്കാലം മുഴുവന്‍, താന്‍ ഏകനായി, ഒരു തപസ്വിയേപ്പോലെ അവളുടെ ഓര്‍മ്മകളില്‍ ദിനങ്ങള്‍ തള്ളിനീക്കി. ആ കാലംകൊണ്ട് തനിക്ക് അകാല വാര്‍ദ്ധക്യം ബാധിച്ചിരുന്നുവെന്ന്, കൊട്ടാരം ജീവനക്കാരും, വേണ്ടപ്പെട്ട മറ്റുള്ളവരും പറയുന്നു. തന്റെ മുടി നരച്ചിരുന്നതും, തന്റെ ശരീരം മുന്നോട്ട് അല്പം വളഞ്ഞതും താന്‍ അറിയുന്നുണ്ടായിരുന്നു. പക്ഷേ.. തന്നെ വേട്ടയാടിക്കൊണ്ടിരുന്ന അവളുടെ സ്മൃതികള്‍ക്ക് ഒരു കുറവും സംഭവിച്ചിരുന്നില്ല.  ആ സ്നേഹമയിക്കുമുമ്പിലര്‍പ്പിക്കാന്‍, എന്താണു വേണ്ടതെന്ന്, രാവും പകലുമില്ലാതെ താന്‍ ആലോചിച്ചുകൊണ്ടിരുന്നു. അതിന്റെ പരിണാമത്തില്‍ , തന്റെ മനസ്സില്‍ രൂപം കൊണ്ടതായിരുന്നു, വെണ്‍കല്ലുകളില്‍ മെനഞ്ഞെടുത്ത സ്മൃതികാവ്യം.... താജ്.. താജ് മഹല്‍ ... ഇരുപതിലേറെ വര്‍ഷത്തെ പരിശ്രമം... ഇരുപതിനായിരം അടിമകളുടെ വിയര്‍പ്പും കണ്ണുനീരും.. ആയിരക്കണക്കിനു ഗജകേസരിമാരുടെ അദ്ധ്വാനം..  പക്ഷെ, മുംതാസിന്റെ പ്രേമവലയത്തില്‍ നിന്ന തനിക്ക്, അതിലൊന്നും ഒരു വേദനയും തോന്നിയില്ല.. തപ്തീ നദീതിരത്തെ മോഹനവാടിയില്‍നിന്നും, അവളുടെ ഭൌതികദേഹം, താജ്മഹലില്‍ പ്രത്യേകം തീര്‍ത്ത കുടീരത്തില്‍ പുന:സ്ഥാപിച്ച ശേഷമാണ്, അല്പമെങ്കിലും സ്വസ്ഥതയുണ്ടായത്.
താനറിയാതെ നിറഞ്ഞൊഴുകിയ തന്റെ കണ്ണുകള്‍ , കിളിവാതിലിലൂടെ, യമുനക്കപ്പുറത്തേക്കു യാത്ര ചെയ്തു... ആ സ്മൃതി മണ്ഡപത്തിലേക്ക്... പക്ഷെ, ഏറെ നേരം അങ്ങിനെ നോക്കിയിരിക്കാന്‍ കഴിഞ്ഞില്ല. വേദന, അസഹ്യമായ വയര്‍നൊമ്പരം... രാജ്യങ്ങളും രാജക്കന്മാരും കീഴടങ്ങിയ തനിക്കു മുമ്പില്‍ , ആ വയര്‍ നൊമ്പരം ഒരിക്കലും കീടങ്ങിയില്ല.. അതു തന്നെ കീഴടക്കിക്കൊണ്ടിരിക്കുന്നു. ചെറിയ മയക്കം...
യമുനാതിരത്തെ വെണ്മണ്ഡപത്തില്‍ തന്നെ കാത്തിരിക്കുന്ന മുംതാസ്... അവള്‍ പുഞ്ചിരിക്കുന്നു... അവളില്‍നിന്നും... ഇനിയും നഷ്ടപ്പെടാത്ത ഒരു പ്രേമഗാനത്തിന്റെ ശീലുകള്‍ ഉണരുന്നു.... അടുത്തേക്ക്‍ , വളരെ അടുത്തേക്ക്‍ , അവള്‍ മാടി മാടി വിളിക്കുന്നു... ഒരു സ്വപ്നസഞ്ചാരിയെപ്പെലെ താന്‍ സാവധാനം... മുംതാസിന്റെ അടുത്തേക്ക്... കെട്ടിപ്പുണരാനുള്ള ആവേശത്തോടെ... ആസക്തിയോടെ.... തീരാത്ത കൊതിയോടെ....
-ഹരി നായര് (18-10-2013)