Monday, October 14, 2013

താളങ്ങള്‍



താളങ്ങള്‍                                                                    
മലഞ്ചെരുവിലൂടെ അമര്‍ത്തി‍‍ച്ചവിട്ടി മുകളിലേക്കു കയറുമ്പോള്‍ മാതാവിന്‍റെ മാര്‍ത്തടത്തില്‍ ചാഞ്ഞു കിടന്ന് കുഞ്ഞു വിരല്‍ കടിക്കുകയും, കിലുകിലാ ചിരിക്കുകയുമായിരുന്നു. മനസ്സിന്‍റെ താളം തെറ്റിയ മാതാവിന്‍റെ മാറിടത്തില്‍ ചാഞ്ഞു കിടക്കുന്ന അവന് അറിയില്ല, അടുത്ത നിമിഷം എന്താവും സംഭവിക്കുകയെന്ന്. ഇത്ര സുരക്ഷിതമായ ഒരു താവളം മറ്റെവിടെക്കിട്ടാനുണ്ട്.  മലകയറിക്കൊണ്ടിരിക്കുന്ന അമ്മയുടെ വിരലുകള്‍ക്കിടയില്‍, കല്‍ച്ചീളും മരക്കുറ്റികളും കുത്തിക്കയിറി രക്തം ചീന്തുന്നത് അവളുമറിയുന്നുണ്ടായിരുന്നില്ല. വിയര്‍ത്തുകിതച്ച്, മുകളിലേക്കു മുകളിലേക്ക് അവള്‍ കയറിക്കൊണ്ടിരുന്നു. വിയര്‍പ്പും വേദനയും നല്കി പുറത്തു വന്ന ആ കുഞ്ഞിനോട്, അമ്മക്ക് എത്രമാത്രം സ്നേഹമുണ്ടായിരുന്നുവെന്നും അറിയില്ല. അവള്‍ക്ക് അവളെത്തന്നെ അറിയില്ലല്ലോ. എന്നാലും തന്‍റെ കൈകാലുകള്‍ ഇടറുകയോ, ഉയര്‍ന്ന പ്രതലത്തിലെവിടെയെങ്കിലും തട്ടി നില തെറ്റുകയോ ചെയ്യുമ്പോള്‍ , അവള്‍ അറിയാതെ തന്നെ തന്‍റെ കുഞ്ഞിനെ ചേര്‍ത്തു പിടിക്കുന്നുണ്ടായിരുന്നു. വിശപ്പും ദാഹവും സഹിച്ച് മുകളിലേക്കു കയറിക്കൊണ്ടിരിക്കുന്ന അമ്മയുടെ അമ്മിഞ്ഞക്കണ്ണുകളില്‍, പിഞ്ചുപൈതല്‍ ഇടക്കിടെ മോണകള്‍ കൊണ്ട് കടിക്കുകയും , ഉമിനീരില്‍നനക്കുകയും ചെയ്തു. ഒരിടത്ത് അല്പനേരമിരിക്കാനോ, വസ്ത്രത്തിന്‍റെ വിതിര്‍പ്പുകള്‍ നെഞ്ചില്‍നിന്നുമാറ്റി, ഒരു തുള്ളി മുലപ്പാല്‍ , കുഞ്ഞിന്‍റെ വായ്ക്കുള്ളിലിറ്റിക്കാനോ, ആ അമ്മ ആഗ്രഹിച്ചില്ല. വിശ്രമമില്ലാതെ കയറിക്കൊണ്ടിരുന്നു. കാത്തിരിക്കാനാരുമില്ലാതെ, ആശ്വസിപ്പിക്കുവാനാരുമില്ലാതെ, അവളുടെ യാത്ര തുടരുകയാണ്. ഒന്നുമറിയാത്ത മനസ്സുമായി, അലക്ഷ്യമായി ഒരു യാത്ര.
പച്ചപ്പുല്‍പ്പടര്‍പ്പുകളില്‍നിന്നും വിട്ടുമാറി, ഉയരത്തിലെത്തവേ, മുണ്ഡിതമായ മലമുകള്‍ മാത്രം മുന്നില്‍ കണ്ടു, നിര്‍ജ്ജീവമായ മനസ്സ്, അപ്പോഴും മറ്റൊരു ചിന്തക്കും ഇടകൊടുക്കാതെ, അവളെ മുകളിലേക്ക് നടത്തിക്കൊണ്ടിരുന്നു. കത്തുന്ന ഗ്രീഷ്മസൂര്യന്‍റെ പ്രകാശരശ്മികള്‍ , കുഞ്ഞിന്‍റെ ശിരസ്സില്‍ വിയര്‍പ്പുകണങ്ങളുടെ ഒരു കൂമ്പാരം കോരിയൊഴിച്ചു. മനസ്സു മരിച്ച അമ്മയ്ക്കു പെട്ടെന്നു തോന്നിയതിനാലാവാം, തന്‍റെ ഉടയാടയുടെ ഒരറ്റം കുഞ്ഞിന്‍റെ ശിരസിലേക്കു വിരിച്ചിട്ടു. ചൂടും ഉഷ്ണവും, അവനെ വിഷമിപ്പിക്കവേ, അവന്‍ ചിണുങ്ങിത്തുടങ്ങി. അതു വളര്‍ന്ന് കരച്ചിലിന്‍റെ ഗതിയിലേക്കെത്തവേ, അമ്മയ്ക്ക് ദേഷ്യം വന്നു. അഴുക്കുപുരണ്ട കൈപ്പത്തികൊണ്ട്, അവള്‍ അവനെ തല്ലി.
ശല്യം..
അവള്‍ അറിയാതെ അവളുടെ അബോധ മനസ്സ് പ്രതിവചിക്കുകയും ചെയ്തു, ഉള്ളമുടഞ്ഞ മാതാവിന്‍റെ സുബോധമനസ്സ് ഇതു കൂടി തോന്നിപ്പിച്ചു.
എന്‍റെ കുഞ്ഞ്... അവനു നൊന്തു...
കുഞ്ഞിനെ തല്ലിയ കൈപ്പത്തി അവള്‍ മടക്കി കുടഞ്ഞു. എന്നിട്ടു പറഞ്ഞുകൊണ്ടിരുന്നു...
പോട്ടെ... ഇതറ്റു പോട്ടെ....
അപ്പോഴേക്കും തളര്‍ന്നുതുടങ്ങിയ പൈതലാവട്ടെ, അവളുടെ നെഞ്ചില്‍ സുരക്ഷിതമായി ചാഞ്ഞമര്‍ന്നുകിടന്ന് മയങ്ങിപ്പോയിരുന്നു.
നടത്തക്കു വേഗം കുറക്കാതെ, കരുത്തു കുറക്കാതെ, ആ ചൂടിലും അമ്മ ഉയരത്തിലേക്കു കയറി. ഒടുവില്‍ മലമുടിയിലെത്തവെ, അകലങ്ങളിലെ മലമടക്കുകള്‍ അവള്‍ അടുത്തു കണ്ടു. ചെമ്പിച്ച മൊട്ടക്കുന്നുകളും, ഇടക്കിടക്കു പച്ചച്ചായമിട്ട മലമടക്കുകളും. പക്ഷെ, അതിന്‍റെ സൌന്ദര്യമോ അസൌന്ദര്യമോ അറിയാനുള്ള കഴിവ്, അവളുടെ താളം തെറ്റിയ മനസ്സിനുണ്ടായിരുന്നില്ല. താനെന്തിനാണ്, ഇത്രയിടം വരെ കയറ്റം കയറി വന്നതെന്നോ, ഇനി തനിക്കെന്താണ് ചെയ്യാനുള്ളതെന്നോ അവള്‍ക്കറിയില്ലായിരുന്നു.
വെയില്‍ കനക്കവെ, വിയര്‍പ്പൊഴുകവെ, തന്‍റെ മാറില്‍ തൂങ്ങിക്കിടക്കുന്ന കുഞ്ഞ്, അവള്‍ക്ക് അതിഭാരമായിത്തോന്നി. അചേതനമായ മനസ്സിന്‍റെ നിര്‍ബന്ധം, അവളെ കുന്നിന്‍റെ ചെരുവിലേക്കു നടത്തി. അവിടെയെത്തിയാല്‍ ഭാരമൊഴിവാക്കാന്‍ വളരെയെളുപ്പം. നിശ്ചേതനമായ മനസ്സില്‍ ക്രൌര്യത്തിന്‍റെ നാമ്പുകള്‍ ഉടലെടുക്കവെ, അവള്‍ , മാറില്‍ ചാഞ്ഞുറങ്ങുന്ന കുഞ്ഞിനെ ഭ്രാന്തമായ ആവേശത്തോടെ  പറിച്ചെടുത്തു.  അടുത്തനിമിഷം ചിന്നിച്ചിതറിയേക്കാമെന്നറിയാതെ പിഞ്ചുപൈതല്‍ , അമ്മയെ നോക്കി മോണ കാട്ടിച്ചിരിച്ചു. അപ്പോളും മണികിലുങ്ങുന്ന ശബ്ദമുണ്ടായി. മരിച്ച മനസ്സിന്‍റെ ഉടമസ്ഥക്ക് അതു ശ്രദ്ധിക്കുവാനൊന്നും നേരം കിട്ടിയില്ല. മറുകൈകൊണ്ട്, ആ കുഞ്ഞിനെ അവള്‍ കാല്‍പാദത്തില്‍പ്പിടിച്ച് തൂക്കിയെടുക്കുകയും, അടുത്തനിമിഷം, നിതാന്തമായ താഴ്വാരത്തിലേക്ക് എറിയാനായുകയും ചെയ്തു. ആ സമയത്ത് മരണം മണത്തതിനാലാവാം, സുരക്ഷിതമെന്നു കരുതിയ അമ്മയുടെ കൈകളില്കിടന്ന് അവന്‍ അലറിക്കരഞ്ഞു.
ഉപബോധ മനസ്സോ, സുബോധ മനസ്സോ, കുഞ്ഞിനെ ദൂരേക്കെറിയാനാഞ്ഞു നില്ക്കുന്ന അമ്മയുടെയുള്ളില്‍ ഒരുനിമിഷം വര്‍ത്തിച്ചു. എറിയാനാഞ്ഞ കൈകള്‍, അതേപോലെ അവള്‍ പിന്നാക്കം വലിച്ചു.
കുഞ്ഞ്... എന്‍റെ കുഞ്ഞ്.....
അവള്‍ പെട്ടെന്ന്, കുഞ്ഞിനെ നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് തേങ്ങിക്കരഞ്ഞു.
ആ നേരം അവളുടെ ഓര്‍മ്മകളുടെ അടിത്തടിലെവിടെയോ ഒരു കുഞ്ഞു പ്രകാശമുദിച്ചു. ആ പ്രകാശം, മലമുകളിലേക്ക്, താന്‍ കയറിപ്പോന്ന താഴ്വാരത്തിലേക്കുള്ള പാതയിടുക്കില്‍ , ഒരു ചിരാതായി ഒരു പ്രകാശ ശ്രോതസ്സായി വെളിച്ചമേകിനിന്നു.  അപ്പോള്‍ ആ പൈതല്‍ ചിരിച്ചു, കുഞ്ഞിനെ ഒക്കത്തിറുക്കിപ്പിടിച്ച് സ്നേഹമയിയായ മാതാവും..
-ഹരിനായര്‍‍    (27-07-2013)

No comments: