Monday, October 14, 2013

പോക്കുവെയിലിന്റെ തിളക്കം (കഥ)



പോക്കുവെയിലിന്റെ തിളക്കം  (കഥ)
പുതുപ്ലാമൂട്ടില്‍ ഔതച്ചന് അത്യാഗ്രഹങ്ങളൊന്നുമില്ല. തികച്ചും മനുഷ്യസഹജമായ ചെറിയ ചില ആഗ്രഹങ്ങള്‍ മാത്രമേയുള്ളു. അതും നിസ്സാരം.
കുരിപ്പുറത്തു പള്ളിക്കൊരു കുരിശടി, പളളിയില്‍ തന്‍റെയും കുടുംബത്തിന്‍റെയും പേരിലൊരു ശവക്കല്ലറ. വെള്ളാരംകല്ലില്‍ തീര്‍ത്തെടുക്കണമെന്നേയുള്ളു. എന്നിട്ട് അതില്‍ നീണ്ടുനിവര്‍ന്നു കിടന്നു നിത്യമായി ഉറങ്ങണം.
അക്കാലം കുറുമ്പിത്തറക്കാര്‍ക്കായിരുന്നു, കൈക്കാരന്‍റെ പദവി. അപ്പോള്‍ താന്‍ വെറും പ്ലാമൂട്ടിലൌത മാത്രം. മൂടുകീറിയ നിക്കറിട്ട്, മൂക്കളയൊലിപ്പിച്ച്....
വല്യപ്പനായിട്ടുണ്ടാക്കിയിരുന്ന സ്വത്തു മുഴുവന്‍ , ദാനശീലനായ അപ്പച്ചന്‍ മുടിച്ചെടുത്തു. കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കള്ളൊഴുക്കിയിരുന്ന ഷാപ്പില്‍നിന്നും വിളമ്പുകാരന്‍  അച്ചുണ്ണി അപ്പച്ചനെ കഴുത്തിനു പിടച്ചു പുറത്തു തള്ളി.
ഉപ്പാപ്പിക്കിനി ഒരു തുള്ളി വീത്തണ്ടന്നാ ആര്‍ഡറ്... ചുമ്മാ എന്‍റെ പണി കളയാണ്ട് വന്നവഴി പോവീ...
ഉപ്പാപ്പി അന്നൊരു തീരുമാനമെടുത്തു...
കുരിപ്പുറത്തു പളളിക്കുരിശാണെ, പൊന്നു കര്‍ത്താവാണെ,, ഇനി, ഈ ഷാപ്പീന്ന് ഒരു തൊള്ളി മോന്തുകേല..
ഉപ്പാപ്പിക്ക് കള്ളില്ലതായി.... ആകെ ഒരു അസ്ക്യത....
നേരത്തെ താന്‍ കോരിക്കൊടുത്തിട്ടുള്ള ഒന്നുരണ്ടുപേരുടെ വാതിലില്‍ മുട്ടി നോക്കി..
ഒന്നു പോ ന്‍റെ ഉപ്പാപ്പിച്ചാ.... എന്‍റെ കൈയ്യില്‍ ഇതെങ്ങാണ്ടും കെടന്നു പോണൊണ്ടോ... ചില്വാനവേ...
അതുവഴി ഉപ്പാപ്പി എങ്ങോട്ടോ ഇറങ്ങി നടന്നതായിരുന്നു.... ഒരുദിവസം ആരോ പറഞ്ഞറിഞ്ഞു....
ആണ്ടേ മ്മടെ ഉപ്പാപ്പിച്ചനേ, ആ ട്രയീം പാളത്തി കണ്ണു തൊറന്നങ്ങനെ കെടക്കണ്...
നിക്കറു മാറ്റി മല്‍മല്‍ മുണ്ടുടുത്തു തുടങ്ങിയ ഔതക്കുട്ടി റയില്‍ പാളത്തിലേക്കോടി ചെന്നു നോക്കി... അപ്പന്‍റെ തുറന്ന കണ്ണ് അവിടെയങ്ങുമില്ലായിരുന്നു.
എന്താ കൊച്ചനെ.... കാലത്തെ കണ്ട ശവാണെങ്കി, അതു വാരിക്കൂട്ടി മെഡിക്കക്കോളേജി കൊണ്ടുപോയി... പേപ്പറേലെങ്ങാണ്ടും പടവിടാമ്പോണെന്നു കേട്ടു...
ഒരപരിചിതന് പറഞ്ഞറിഞ്ഞ വിവരം കേട്ട് ഔതക്കുട്ടി, മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ ഒന്നു കയറി നോക്കി.
അതു തന്നെ... അപ്പന്‍റെ തല, പക്ഷേ കണ്ണുകളോരോ ചേര്‍ത്തടച്ചിരുന്നു.
തുന്നിക്കെട്ടി പെട്ടിയില്‍ പുതപ്പിച്ചുകിടത്തി, കുരിപ്പുറത്തു പള്ളിയിലെത്തിച്ചപ്പോള്‍ , അച്ചനും കൈക്കാരനും പറഞ്ഞു...
ന്‍റൌതക്കുട്ടിയേ... അന്‍റപ്പനാണെങ്കി പള്ളീ വരാറില്ല... കുമ്പസാരിക്കാറില്ല... കുടിച്ചു പെരുത്ത് നടപ്പന്നെ... പിന്നെ, അന്ത്യ കൂദാശ കൈക്കൊള്ളാനൊള്ള യോഗോവൊണ്ടായില്ലല്ലോ... പിന്നെന്താ ചെയ്ക... തെമ്മാടിക്കുഴിതന്നെ....
വീട്ടില്‍ കിടത്താനിടമില്ലാതിരുന്നതിനാലും, അല്പമകന്നാണെങ്കിലും കര്‍ത്താവിന്റെ വിളിപ്പുറത്ത് കിടക്കട്ടെ എന്നു കരുതിയതിനാലും, ആരുടേയും സഹായമില്ലാതെ, സ്വന്തം അപ്പനെ തെമ്മാടിക്കുഴിയില്‍ മൂടിയിട്ട് ഔതക്കുട്ടി പ്ലാമൂട്ടിലേക്ക് പോയി. പോകും മുമ്പ്, അപ്പന്റെ കുഴിമാടത്തില്നിന്നും അവനൊരു മുഴുത്ത കല്ല് തെരഞ്ഞെടുത്തു. ഒന്നേ എറിഞ്ഞുള്ളു.  കുരിശടി ഒന്നുലഞ്ഞു. കുരിശിന്റെ ഒരു കൈയ്യൊടിഞ്ഞു കുരച്ചു ദൂരെ തെറിച്ചു വീണു...
കേസ്സുകൊടുക്കണമെന്നായിരുന്നു, അച്ചന്റെ ആഗ്രഹം... എന്നാല്‍ കൈക്കാരന്‍ അതിനെ അനുകൂലിക്കാതെ പറഞ്ഞു..
വേണ്ടച്ചോ... പ്രായവാകാത്ത ചെക്കനാ... അപ്പനും അങ്ങനെ പോയി ...ഭാവി കളയണ്ട... എങ്ങനെങ്കിലും പെഴക്കട്ടെ...
അപ്പോ കുരിശടി..?
അതെന്തേലും ചെയ്യാം....
ആ നല്ല മനസ്സിനെ ഒന്നു നമിച്ചെങ്കിലും, ഔതക്കുട്ടി ഒരു തീരുമാനത്തിലെത്തി. അറിയാതെ കൈത്തെറ്റു പറ്റി. ഇനി കുറുമ്പിത്തറക്കാര്‍  കുരിശടി തീര്‍ക്കും മുമ്പ് താനതു ചെയ്യണം... കുറുമ്പിത്തറക്കാരുടെ ശവക്കല്ലറക്കരികില്‍ പ്ലാമൂട്ടിക്കാരുടെ പേരില്‍ അതിലും ഉയര്‍ന്ന ഒരു ശവക്കല്ലറയും തീര്‍ക്കണം... കൈക്കാരന്റെ പദവിയൊന്നും വേണ്ടേ വേണ്ട...
പക്ഷെ, അക്ഷരജ്ഞാനം പോലും അമ്പേയില്ലാത്ത തനിക്ക് ഇതെങ്ങിനെ സാധിതമാവും..
തിരിഞ്ഞും മറിഞ്ഞും കിടന്നും, ഉറങ്ങാതിരുന്നും ഔതക്കുട്ടി അതാലോചിച്ചുകൊണ്ടേയിരുന്നു. ചെയ്ത തെറ്റിനു മാപ്പപേക്ഷിച്ച് തിരുഹൃദയത്തെ വാഴ്ത്തി കുരിശു വരച്ചു.
പലദിവസം ഇതുതന്നെ ആവര്‍ത്തിച്ചു... അങ്ങിനെയൊരുദിവസം കര്‍ത്താവ് വിളി കേട്ടു..
അപ്പന്‍ കുടിച്ചു മറിഞ്ഞ കള്ളു ഷാപ്പിരിക്കുന്ന റേഞ്ചില്‍ ലേലം വരവായി. പുതിയ മുതലാളി അതു പിടിച്ചെടുത്തു. തന്റെ അപ്പന്റെ കൂടെ പങ്കുപറ്റി കുടിച്ചിരുന്ന ഉറുമീസിന്റെ മകന്‍ , ലാസര്‍ .
ഷാപ്പിന്റെ മുമ്പില്‍ അയാളൊരു ബോര്‍ഡ് തൂക്കിയിരുന്നു.
സേല്സ്‍മാനേ ആവശ്യമുണ്ട്.
ഇടക്കാരുടെയോ വായ്മൊഴി കേട്ടിരുന്നു..
വലിയ മൊതലാളിയാത്രേ. കടലുനീന്തിപ്പോയീന്നോ, കളളത്തരത്തിലുരു താണ്ടിപ്പോയീന്നോ ഒക്കെ കേട്ടു. പക്ഷെ ഇപ്പള് പണം പറയ്ക്കാത്രേ അളക്കണ്.
എന്തായാലും ലാസറു മുതലാളിയെ ചെന്നു കാണുവാന്‍ തന്നെ ഔതക്കുട്ടി തീര്‍ച്ചയാക്കി.
ഞാന്‍ ഔത... പ്ലാമൂട്ടിലെയാ...
കര്‍ത്താവിന്റെ കളി, അല്ലാതെന്തു പറയാന്‍ ... യാദൃശ്ഛികമായി അതിലെവന്ന ഉറുമീസ് അതു കേട്ടു. അയാള്‍  ‍ഔതക്കുട്ടിയെ ആകെയൊന്നു നോക്കി..
ഡാ കൊച്ചനെ... പ്ലാമൂട്ടിലേയാ...? വണ്ടികേറിച്ചത്ത ഉപ്പാപ്പീടെ....?
അയാള്‍ സംശയത്തോടെ ഔതക്കുട്ടിയുടെ മുഖത്തു സൂക്ഷിച്ചു നോക്കി...
നിങ്ങളൊക്കെക്കൂടെ പെരുവഴീലാക്കിയ... എന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷെ താന്‍ വന്നിരിക്കുന്നത് ജീവിക്കാനൊരു വഴിതേടിയാണ്. പിണക്കവും പരിഭവവുമൊന്നും ഇവിടെ ഒന്നിനും തീര്‍പ്പാവുന്നില്ല.
അതെ... ഉപ്പാപ്പിയുടെ മകന്‍ .....ഔത...
ഉറുമീസ് ലാസറിനോടായി പറഞ്ഞു.
അപ്പന്റെ പഴയൊരു ചങ്ങാതീടെ മോനാ... അയാളു ചത്തുകെട്ടു പോയി.... എന്നാലും വേണ്ടില്ല... ആ പണി ഇവനു കൊടുക്കാമ്പറ്റ്വോന്നൊന്നാലോചിക്ക്.
എന്തായാലും മ്മക്കൊരു സേല്സ്മാന്‍ വേണം... അതിവനായാലെന്താ... ആരായാലെന്താ... ഇവന്‍ വലിയകൊഴപ്പവില്ലാന്നു തോന്നണ്...
തൊഴില്‍ സമയമത്രയും സത്യ സന്ധതയും, രാത്രി ഒരിത്തിരി വാറ്റും കലക്കും ഒക്കെയായി, ഔതക്കുട്ടി അഘോരാത്രം ജോലി ചെയ്തു. പൊടിക്കൈകളൊന്നും ലാസര്‍ കാണാതിരുന്നതാണോയെന്നോ, കണ്ടിട്ടും കണ്ണടച്ചതാണോയെന്നോ ഔതക്കുട്ടിക്കറിയില്ല. എതിര്‍പ്പിന്റെ സ്വരമൊന്നും കേട്ടില്ല. കുറച്ചു കാലം ലാസറിന്റെ കൈയ്യില്‍ തന്നെയായിരുന്നു, ആ റേഞ്ചിലെ ഷാപ്പുകള്‍ മുഴുവനും.
ജീവിത ചക്രം ഉരുളുന്നതിന് യാതൊരു തടസ്സവും ബാധകമാകുന്നില്ലല്ലോ... ഔതക്കുട്ടി കുടുംബസ്ഥനായി... പ്ലാമൂട്ടില്‍ വീട്, പുതുപ്ലാമൂട്ടില്‍ വീടായി. കുടുംബം നോക്കി നടത്താനറിയുന്ന ഔതക്കുട്ടിയുടെ ഭാര്യ, രാത്രിയില്‍ ഭര്‍ത്താവേല്പിക്കുന്ന സമ്പാദ്യങ്ങള്‍ ഒരു കേടും വരാതെ സൂക്ഷിച്ചു. പണ്ടങ്ങള്ക്കോ പത്രാസിനോ യാതൊരാര്‍ത്തിയുമില്ലാതിരുന്നതുകൊണ്ട് പണം പണമായിത്തന്നെയിരുന്നു. രോഗ ശയ്യയിലേക്കു പോകും മുമ്പ്, ഒരു ചെറിയ മരപ്പെട്ടി  ഭര്‍ത്താവിനെ ഏല്‍പ്പിച്ചിട്ട് അവള്‍ പറഞ്ഞു...
"വയ്യ.... മാലാഖമാരടെ പാട്ടാ കേക്കണേന്നു തോന്നണു... അവരെന്നാ വരുവാന്നറീല്ല... ഇതില് മുഴവനൂണ്ട്.... പറ്റ്വെങ്കി കുരിശടീം, കല്ലറേം...."
അവളെ കല്ലറയില്‍ കിടത്താന്‍ കഴിഞ്ഞില്ലെങ്കിലും, ഔതക്കുട്ടിയുടെ സ്വപ്നം, അവനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. അവള്‍ കരുതിയിരുന്നതുപോലെ, ഔതക്കുട്ടിയും തന്റെ സമ്പാദ്യം പതുക്കെ പതുക്കെ വളര്‍ത്തിക്കൊണ്ടുവന്നു..
പുതുപ്ലാമൂട്ടില്‍ ഔതക്ക് പ്രായമായി. പള്ളിക്കു കുരിശടി മറ്റാരോ തീര്‍ത്തിരുന്നുവെങ്കിലും അതില്‍ വെള്ളി പൂശി മിഴിവാക്കുകയും, ഒരു വലിയ കുടുംബക്കല്ലറ തീര്‍ക്കുകയും ചെയ്ത അയാള്‍ നാട്ടുകാര്‍ക്ക് പുതുപ്ലാമൂട്ടില്‍ ‍ഔതച്ചനായിക്കഴിഞ്ഞിരുന്നു.
വൈകുന്നേരങ്ങളില്‍ പുതുപ്ലാമൂട്ടില്‍ വീടിന്റെ മട്ടുപ്പാവില്‍ കയറി ഔതക്കുട്ടി, പോക്കു വെയിലില്‍ വെട്ടിത്തിളങ്ങുന്ന കുരിശടി നോക്കിനില്ക്കും. അതിനപ്പുറം അവ്യക്തമെങ്കിലും ഒരു വെളുത്ത പ്രതലം കാണാന്‍ കഴിയുന്നുണ്ട്.  അപ്പോളൊക്കെ അയാളോര്‍ക്കും...
ഞാനേറെ പൊരുതു... ഓട്ടം തികച്ചു... ഇനിയെന്നാണ് അങ്ങോട്ടുള്ള യാത്ര...

-ഹരി നായര് (06-09-2013)

No comments: