Monday, October 14, 2013

ദേവേന്ദ്രന്റെ വജ്രായുധം (പുരാണം)



ദേവേന്ദ്രന്റെ വജ്രായുധം   (പുരാണം)
ഭൂലോകം മുഴുവന്‍ തന്‍റെ അധികാരസാമ്രാജ്യത്തിലൊതുക്കി, നീചനായ വൃത്രാസുരന്‍ താണ്ഡവമാടുകയായിരുന്നു. ജ്ഞാനികളേയും സന്യാസിവര്യന്‍മാരേയും മുനീന്ദ്രരേയും കൊന്നൊടുക്കി, അയാള്‍ വിജയഭേരി മുഴക്കികൊണ്ടിരുന്നു. അല്‍പായുസ്സുകളായ മനുഷ്യര്‍ , ദേവേന്ദ്രനെ ഭജിച്ച് രക്ഷക്കായി കേഴുകയും, ദേവേന്ദ്ര പ്രസാദത്തിനായി യാഗങ്ങളും ഹോമങ്ങളും കഴിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതുകണ്ട ദേവേന്ദ്രന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. ഒടുവില്‍ ദേവന്‍മാരും, ദേവേശനും ഒന്നിച്ച് ബ്രഹ്മദേവനെ കാണുവാന്‍ തീര്‍ച്ചയാക്കി.
നളിനാരൂഢനായ ബ്രഹ്മദേവന്‍റെ സവിധത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. ഭൂമിയില്‍ വൃത്രാസുരന്‍റെ ആസുരത്വം നടമാടുകയാണെന്നും, ഇക്കണക്കിനുപോയാല്‍ , പിന്നീട് ദേവകളേയും ദേവലോകത്തെ പോലും വൃത്രാസുരന്‍ ചാമ്പലാക്കിക്കളുയുമെന്നും ഉണര്‍ത്തിച്ചു.
ഇതു കേട്ട ബ്രഹ്മദേവന്‍ പറഞ്ഞു. 
വൃത്രാസുരന്‍റെ അകൈതവമായ ശക്തിയെക്കുറിച്ചോ, അവനെ നിഗ്രഹിക്കാനുള്ള മാര്‍ഗ്ഗത്തേക്കുറിച്ചോ, ഞാന്‍ അജ്ഞനാണ്. അതിനെ അറിയുവാനുള്ള, മാര്‍ഗ്ഗങ്ങള്‍ , ഭൂലോകത്തുള്ള മഹാമുനികളില്‍ ആര്‍ക്കെങ്കിലും പറഞ്ഞുതരുവാന്‍ കഴിയുമായിരിക്കാം. നിങ്ങള്‍ ഭൂമിയിലേക്കു പോകുക.
തല്‍ക്ഷ‍ണം ദേവകളും ദേവരാജനും, ഭൂമിയിലേക്ക് പ്രയാണം ചെയ്തു. പല മഹര്‍ഷിവര്യന്‍മാരെയും ചെന്നു കണ്ടു. അവരുടെയെല്ലാം മറുപടി ഇതുമാത്രമായിരുന്നു...
മഹാനായ ഒരു മുനിയുടെ നട്ടെല്ലില്‍ നിന്നുമാത്രം സൃഷ്ടിക്കുവാനാകുന്ന ഒരു മഹാ ശസ്ത്രമത്രേ, വജ്രായുധം... അത് അവന്‍റെ പൂര്‍ണ്ണ സമ്മതത്തോടെയും അറിവോടെയും മാത്രം ലഭ്യമാക്കേണ്ടതുമാകുന്നു. അങ്ങനെയുണ്ടാകുന്ന വജ്രായുധത്തിനുമാത്രമേ,  വൃത്രാസുരനെ കൊല്ലാനുള്ള ശക്തി ഉണ്ടാകുകയുള്ളു.... ദധീചന്‍ എന്ന മുനി അതീവ ദാനശീലനാണ്... പക്ഷെ നട്ടെല്ലു ചോദിച്ചുചെല്ലുന്ന ഒരുവനോട്, മുനിശ്രേഷ്ഠനായാലും എങ്ങിനെയാവും പ്രതികരിക്കുക എന്ന് നമുക്കു പറയാവതല്ലല്ലോ....
ഒന്നിനും തീരുമാനാകാതെ ഇന്ദ്രന്‍ വിഷണ്ണനായി. പലതവണ ആലോചിച്ചപ്പോള്‍ ഒരു വഴി മനസ്സില്‍ ഉരുത്തിരിഞ്ഞുവന്നു. തന്‍റെ കൈകളിലുള്ള സകല ആയുധങ്ങളും ഉപയോഗിച്ച് വൃത്രാസുരന്‍റെ കിങ്കരന്മാരെ കൊന്നൊടുക്കിയ ഇന്ദ്രന്‍ , അവശേഷിക്കുന്ന ആയുധങ്ങളുമായി, നദീതീരങ്ങളിലും മററു ശാന്തപ്രകൃതിയിലും വിഹരിക്കുന്നവനും വിജ്ഞാനഭണ്ഡാകാരവുമായ ദധീചന്‍ എന്ന മുനിയുടെ അടുത്തെത്തി. അദ്ദേഹം മത്സ്യങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണം വിതറിക്കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. അവ നിര്‍ഭയരായി മുനിയുടെ പാദങ്ങളില്‍ തൊട്ടുരുമ്മി നിന്നു. പ്രസന്നനായ മുനിയുടെ സമീപത്തുചെന്ന് ദേവേന്ദ്രന്‍ പറഞ്ഞു-
ദേവേന്ദ്രനായ ഞാന്‍ , അങ്ങയെ പ്രണമിക്കുന്നു. വൃത്രാസുര നിഗ്രഹാര്‍ത്ഥം, ഭൂമിയിലെത്തിയ ഞാന്‍ , അവന്‍റെ സഹസ്രപറ്റം കിങ്കരന്മാരെ കൊന്നൊടുക്കി. ഇപ്പോള്‍ അനിവാര്യമായ ആയുധങ്ങള്‍ക്കു കുറവു വന്നിരിക്കുന്നു. തത്കാലം ഞാന്‍ ദേവലോകത്തേക്കു പോകുകയാണ്... ഇനിയും അവശ്യ ശസ്ത്രങ്ങളുമായി ഞാന്‍ വൈകാതെ മടങ്ങിയെത്താം... അതുവരെ, മുനീന്ദ്രനായ അങ്ങ്, ഈ ആയുധങ്ങള്‍ കുറച്ചുകാലം സൂക്ഷിക്കണം.
നിര്‍ന്നിമേഷനായി നിന്ന് അപേക്ഷ ശ്രവിച്ച മുനീന്ദ്രന്‍ , അങ്ങിനെയാവട്ടെയന്ന് സമ്മതിച്ചു. ദേവേന്ദ്രന്‍ തത്കാലം ദേവലോകത്തേക്കു മടങ്ങിപ്പോയി.
കാലങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും ദേവേന്ദ്രന്‍ മടങ്ങിയെത്തിയില്ല. സഞ്ചാരിയായ ദധീചന്, മറ്റൊരു യാത്രക്ക് സമയമാവുകയും ചെയ്തു. ഇനി ദേവേന്ദ്രനെ കാത്തിരുന്നിട്ടു കാര്യമില്ല.... എന്നാല്‍ , ആയുധങ്ങള്‍ ഉപേക്ഷിച്ച് പോകാനും കഴിയുകയില്ല. ഇങ്ങനെ കരുതി, ദധീചമുനി താന്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ മുഴുവന്‍ അരച്ചുകലക്കി പാനീയമാക്കി, അതിനെ സേവിച്ചു, തുടര്‍ന്ന് യാത്ര പുറപ്പെട്ടു.
അലഞ്ഞു തിരിഞ്ഞ്, മറ്റൊരു ശാന്തപ്രദേശത്തെത്തിയ ദധീചനെ പിന്തുടര്‍ന്ന ദേവേന്ദ്രന്‍ പരിക്ഷീണനായി ഭാവിച്ച് മുനിയുടെ അടുത്തെത്തി, താന്‍ ഏല്‍പ്പിച്ചുപോയ ആയുധങ്ങള്‍ തിരികെ തന്നാലുമെന്ന് അര്‍ത്ഥിച്ചു.
ദധീചന്‍ പറഞ്ഞു...
അങ്ങയെ കാത്തിരുന്ന് കാലംകഴിച്ച എനിക്ക്, മറ്റൊരു യാത്രക്ക് സമയമായിരുന്നു. അങ്ങ് എത്തിയുമില്ല. നിര്‍ഭാഗ്യമെന്നുപറയട്ടെ, ഉപേക്ഷിച്ചു പോകാനാകാത്ത ആയുധങ്ങള്‍ അരച്ചുകലക്കി ഞാന്‍ സേവിക്കുകയും ചെയ്തു. ഇപ്പോള്‍ അത്, എന്‍റെ മജ്ജയിലും മാംസത്തിലും അസ്ഥിപഞ്ജരത്തിലും ലയിച്ചുചേര്‍ന്ന്, അവയെ ബലപ്പെടുത്തിയിരിക്കും. അങ്ങാകട്ടെ, നോക്കുവാനേല്‍പ്പിച്ച മുതല്‍ അവശ്യപ്പെടുകയും ചെയ്യുന്നു. അതു മടക്കിത്തരുവാന്‍ ഞാന്‍ ബാദ്ധ്യസ്ഥനുമാണ്. ഇനി ഒന്നേ വഴിയുള്ളു... അങ്ങ് എന്‍റെ ജീവനെ മോചിപ്പിച്ച്, മൃതത്തില്‍നിന്നും അവ ഊരിയെടുത്തുകൊള്ളുക...
ദേവേന്ദ്രന്‍റെ ഉള്ളില്‍ ഒരു പുഞ്ചിരി ജനിച്ചു.
അല്ലയോ മുനിവര്യാ.... അങ്ങയുടെ ജീവനെ മോചിപ്പിക്കുവാന്‍ ഞാനാളല്ല.... എന്നാല്‍ , ഇപ്പോഴത്തെ ഈ വൈതരണിയില്‍ , എനിക്ക് ആ ആയുധങ്ങള്‍ ആവശ്യം വന്നിരിക്കുകയുമാണ്.....
ഇതുകേട്ട് ദധീചന്‍ വിഷണ്ണനായി.... താന്‍ ചെയ്തതു തെറ്റായിപ്പോയി... അതിനു പ്രായശ്ചിത്തം ചെയ്തേ പറ്റൂ.. സ്വയം അഗ്നിയില്‍ ദഹിക്കുക മാത്രമാണ് പ്രതിവിധി... ഇപ്പോള്‍ വജ്രതുല്യമായിത്തീര്‍ന്നിരിക്കാവുന്ന തന്‍റെ അവയവങ്ങള്‍ ആ അഗ്നിയില്‍ ദഹിക്കുകയുമില്ല....
അനന്തരം, ദധീചന്‍ , അഗ്നികൂട്ടി പ്രാണത്യാഗം ചെയ്തു...
     ദേവേന്ദ്രനും ദേവന്മാരും ചേര്‍ന്ന് ആ ഭൌതികശരീരത്തില്‍ നിന്നും ദധീചന്‍റെ വജ്രതുല്യമായ നട്ടെല്ല് വേര്‍പെടുത്തിയെടുക്കുകയും, അതുകൊണ്ട് മഹത്തായ ഒരായുധം സൃഷ്ടിക്കുകയും ചെയ്തു. വജ്രായുധമെന്ന ഈ ആയുധമുപയോഗിച്ച്, വൃത്രാസുര നിഗ്രഹം സാദ്ധ്യമാകുകയും, ഭൂമിയില്‍ സമാധാനം സ്ഥാപിക്കുകയും ചെയ്തിട്ട് ദേവേന്ദ്രന്‍ സുരലോകത്തേക്കു മടങ്ങിപ്പോയി. മറ്റാര്‍ക്കും തടുക്കുവാനാകാത്ത വജ്രായുധം, ദേവേന്ദ്രന്‍ തന്‍റെ ആയുധമാക്കി, മറ്റനേകം യുദ്ധങ്ങളില്‍ ഉപയോഗിക്കുകയും വിജയിക്കുകയും ചെയ്തു. 
- ഹരി നായര്‍  (04-09-2013)    


No comments: