Monday, October 14, 2013

ഋജുരേഖകള്‍ (കൊച്ചുകഥ)



ഋജുരേഖകള്‍   (കൊച്ചുകഥ)
അശാന്തിയുടെ വാല്മീകം അയാളെ പൊതിഞ്ഞിരുന്നു.
പതഞ്ഞൊഴിഞ്ഞ വൈന്‍ കുപ്പിക്കും, വിഷം തുപ്പിയ സിറിഞ്ചിനും സമീപം, മയങ്ങിക്കിടക്കുന്ന തന്‍റെ മകള്‍... ഒരു പരിചാരകനെപ്പോലെ, അവിടം മുഴുവന്‍ വൃത്തിയാക്കുകയും, അവളുടെ ചെരുപ്പുകള്‍ അഴിച്ചുമാറ്റുകയും ചെയതിട്ട്... താങ്ങിയെടുത്ത് കിടക്കയില്‍ കിടത്തേണ്ടിവന്ന പിതാവ്...
ചളിഞ്ഞു കിടന്ന വയല്‍വരമ്പിലുടീയെ, ഓണത്തുമ്പിക്കു പിന്നാലെ പാഞ്ഞു പോകുമ്പോള്‍, കാല്‍തെറ്റി ചളിവെള്ളത്തില്‍ വീണ തന്നെ നോക്കി കൈകൊട്ടിച്ചിരിച്ച പെണ്‍കുട്ടി. ചളിയില്‍ നിന്നും എഴുനേറ്റുവന്ന തന്നക്കണ്ട്, പൂതം എന്നുപറഞ്ഞ് ഭയന്നോടിയ പെണ്‍കുട്ടി. തനിക്കൊപ്പം ഉണ്ടും ഉറങ്ങിയും, സ്നേഹസ്പര്‍ശത്തിന്റെ ആര്‍ദ്രതയോടെ തന്നെ അച്ഛാ എന്നു വിളിച്ചിരുന്ന പെണ്‍കുട്ടി. അമ്മയുടെ അ‍സ്‍തികളുറങ്ങുന്ന കല്‍ത്തറവരെ, തന്നോടൊപ്പം വന്നു വിളക്കുവെച്ച്, ഞാനമ്മയോട് പിണക്കമാ എന്നു പുലമ്പിയിരുന്ന പെണ്‍കുട്ടി.
അവള്‍ക്കിതെന്താണു പറ്റിയത്...
പൂര്‍ണ്ണമാകാത്ത നിദ്രയില്‍ ഒരു സ്വപ്നപഥത്തിലൂടെ, ഒരാള്‍ ഇന്നലെ തന്നെ തേടിയെത്തിയിരുന്നു. തന്‍റെ ഭാര്യ. വെറും രണ്ടു വര്‍ഷത്തെ ദാമ്പത്യത്തില്‍, തനിക്കൊരു പെണ്‍കുഞ്ഞിനെ നല്‍കി, ഒരു മഞ്ഞിന്‍ കണം പോലെ മറഞ്ഞുപോയ തന്‍റെ ഭാര്യ... അവള്‍ തന്നെ നോക്കി പുഞ്ചിരിച്ചു... തന്‍റെ ശരീരം കെട്ടിപ്പുണര്‍ന്നു‍... അധരങ്ങളമര്‍ത്തി ചുംബിച്ചു.. എന്നിട്ട് അതേ മഞ്ഞിന്‍  തുള്ളിപോലെ, അവ്യക്തതയില്‍ ലയിച്ചു ചേര്‍ന്നു. ആ നിമിഷങ്ങളിലൊന്നും അവള്‍ ജന്മം നല്കിയ തങ്ങളുടെ മകളെക്കുറിച്ച് ഒന്നും ചോദിച്ചില്ല. എങ്ങിനെ ചോദിക്കും... ശരീരത്തിനുള്ളില്‍ വളരുന്ന ഒരു തുടിപ്പിനെപ്പറ്റി അറിഞ്ഞുവരുമ്പോഴേക്കും, അവിചാരിതമായി മസ്തിഷ്കത്തിനേറ്റ ഒരാഘാതത്തില്‍, അവളുടെ ഓര്‍മ്മകള്‍ മറഞ്ഞു പോയില്ലേ... അറിഞ്ഞുകൊണ്ടല്ലെങ്കിലും, അതിനും കാരണക്കാരന്‍ താന്‍ തന്നെയായിരുന്നു. പ്രകൃതി തോന്നിച്ച സംശയനിവാരണത്തിനായി, തങ്ങള്‍ കണ്ട  വിദഗ്ധ ഡോക്ടര്‍ ഒരു പുഞ്ചിരിയിലും, കണ്‍ഗ്രാറ്റ്സ് എന്ന ഒരു പദത്തിലും, സത്യം പ്രഖ്യാപിച്ചപ്പോള്‍, ആനന്ദാതിരേകത്താല്‍ വീര്‍പ്പു മുട്ടിയാതായിരുന്നുവോ, തങ്ങള്‍ ചെയ്ത തെറ്റ്... സന്തോഷത്തിന്‍റെ തിരത്തള്ളലില്‍ , ഇടറിത്തെറിച്ചുപോയ മോട്ടോര്‍ ബൈക്ക്, ചാരിതാര്‍ത്ഥ്യത്തേയും കൂടെ കൊണ്ടുപോയില്ലേ... ഓര്‍മ്മയുടെ താളം തെറ്റിയ തന്‍റെ ഭാര്യ, ഒരു പെണ്‍കുഞ്ഞിനെ തന്‍റെ കൈകളിലേല്പിക്കും വരെ ഒന്നുമറിയാതെ ജീവിച്ചു...
ആ പെണ്‍കുട്ടിയുടെ കരച്ചിലിനും പിടിവാശിക്കും തണല്‍വിരിച്ച്‍ താനും. പൊടിമണലില്‍ ഉരുണ്ടു കളിക്കുവാനും, പുഴയൊഴുക്കില്‍ നീന്തിത്തുടിക്കുവാനും, താനവള്‍ക്കു കൂട്ടു നിന്നു. അവള്‍ ആഗ്രഹിക്കുന്നത്ര അവളെ പഠിപ്പിക്കുവാന്‍, താന്‍ ചില കട ബാദ്ധ്യതകള് സന്തോഷത്തോടെ ഏറ്റെടുത്തു. വേദനയോടെയെങ്കിലും പുറം ലോകത്തേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി അവളെ പറഞ്ഞുവിട്ടു.
കുറച്ചു നാളുകള്‍ക്കു ശേഷം , അവധിയില്‍ നാട്ടിലെത്തിയ തന്റെ മകള്‍, ശാലീനതയുടെ അക്ഷരങ്ങള്‍ മറന്നുപോയിരുന്നു. ഏതോ രൂക്ഷഗന്ധം വഴിയുന്ന പെര്‍ഫ്യൂംസില്‍ കുളിച്ചതുപോലെ അവള്‍. തിളങ്ങുന്ന കണ്ണുകളില്‍, ഒരു 'മന്ദത'യുടെ എണ്ണച്ചായം. വിലയേറിയ ഹൈഹീല്‍ഡ് ചെരുപ്പില്‍, അവള്‍ വേച്ചുവേച്ചു നടന്നു. എണ്ണതേയ്ക്കാത്ത മുടിയിഴകള്‍ പാറിക്കിടന്നു. ചുണ്ടുകളില്‍ പുകയിലക്കറപുരണ്ടതുപോലെ ഒരുതരം കറുപ്പുനിറം പടര്‍ന്നിരുന്നു. ആധുനിക മൊബൈല്‍ഫോണില്, അവള് തുടരെത്തുടരെ ആരെയൊക്കെയോ വളിക്കുകയും, ആംഗലേയത്തില്‍ അകാരണമായി ചീത്ത പറയുകയും ചെയ്തുകൊണ്ടിരുന്നു. കൈയ്യില്‍ കുരുതിയിരുന്ന ചെറിയ പെട്ടിയില്‍നിന്നും, എന്തോ തോണ്ടിയെടുത്ത്, വായിലിട്ട് നുണഞ്ഞു കൊണ്ടിരുന്നു.
മനുഷ്യത്വത്തിന്‍റെ എല്ലാ ഭാവങ്ങളും അവളില്‍നിന്നും ചോര്‍ന്നു പോയിരുന്നു. അരോചകത്വത്തിന്‍റെ വാള്‍മുനകള്‍ പോലെ, അവള്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു.
അതിന്‍റെ ഇടവേളയിലായിരുന്നു, മകള്‍, അച്ഛനേത്തേടി വന്നത്.
ഹായ് ഡാഡ്...
വാത്സല്യത്തോടെയുള്ള അച്ഛാ എന്ന വിളിക്ക് കാതോര്‍ത്തിരുന്ന അയാളുടെ നെഞ്ചകം ഒന്നു പിടഞ്ഞുപോയി. തിരച്ചെന്തെങ്കിലും പറയാന്‍ തുടങ്ങും മുമ്പേ അവള്‍ പറഞ്ഞുകൊണ്ടിരുന്നു.
ഡാഡ്.... വിദേശരാജ്യങ്ങള്‍ എത്ര സുന്ദരമാണെന്നോ... സോ ബ്യൂട്ടിഫുള്‍.. ബന്ധങ്ങളില്ലാതെ, ബന്ധനങ്ങളില്ലാതെ ജീവിതം... ആദരവും ആത്മീയതയുമില്ലാതെ ലോകം... ഗൈസ്.... അണ്‍മാരീഡ് കപ്പിള്‍സ്.... സുന്ദരന്മാരായ പൂവാലന്മാര്‍...
അല്‍പനേരം നിര്‍ത്തിയിട്ട്, അവള്‍ വീണ്ടും തുടര്‍ന്നു...
ങ്ഹാ... ഡാഡ്... ആ ജീവിതം നമുക്കും ഇവിടെ വാര്‍ത്തെടുക്കാം... എ റിയല്‍ ലൈഫ്... എന്താ എന്നോടൊപ്പം കൂടുന്നോ...
വെറുപ്പാര്‍ന്ന മിഴികളോടെ താന്‍ അവളെ നോക്കവേ, ഏതോ അന്യയേപ്പോലെ, അവള്‍ പറയുന്നു....
റിയല്‍ ലൈഫ്... നമുക്കാസ്വദിക്കാം ഡാഡ്.... വിത്ത് എ പഫ് ഓര്‍ എ ഡ്റോപ്പ്.... ഓഫ് നാ‍ര്‍ക്കോട്ടിക്...
 എന്നെയൊന്നൊക്കത്തെടുക്കൂ.. എന്നു പറഞ്ഞിരുന്ന ലാഘവത്തോടെ അവള്‍...
ഞെട്ടിത്തരിച്ച അയാളുടെ ഹൃദന്തത്തിലെവിടെയോ ഒരു ഉരുള്‍ പൊട്ടവേ... ഡോസ് കൂടിയ നാര്‍ക്കോട്ടിക്കിന്‍റെ അധീശത്വത്തില്‍ അവള്‍ വെറുതെ ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
-ഹരി നായര്‍ (14-10-2013)



No comments: