Saturday, July 07, 2012

വെന്റിലേറ്റര്‍ (കൊച്ചുകഥ)


വെന്റിലേറ്റര്‍  (കൊച്ചുകഥ)
എയര്‍ കണ്ടീഷനര്‍ മുരണ്ടുകൊണ്ടിരിക്കുന്ന ക്യാബിനുള്ളില്‍, അമ്മ ശാന്തിയില്‍ ലയിച്ചുകിടന്നു. ചില്ലുഭിത്തിക്ക്പ്പുറം കൂടി നില്‍ക്കുന്ന കൂട്ടിരുപ്പുകാരെയൊ, പലവട്ടം വന്നും പോയുമിരുന്ന വെളുത്ത മാലാഖമാരെയോ അമ്മ അറിയുന്നുണ്ടായിരുന്നില്ല. ശീതളിമ ഓളംവെട്ടുന്ന, വൃത്തിയുള്ള ആ ഒറ്റ മുറിക്കുള്ളില്‍ അമ്മ ആത്മനിര്‍വൃതി യിലായിരുന്നു. ആഗ്രഹങ്ങളില്ലാതെ, യാതൊരുവിധ ചിന്തകളുമലട്ടാതെ, എന്നാല്‍ ആരെയൊക്കെയോ പ്രതീക്ഷിച്ച് ….. ബാഗ് വാല്‍ വ് മാസ്കിന്റെ സുതാര്യതയിലൂ‍ടെ, അമ്മയുടെ അടഞ്ഞ കണ്ണുകള്‍…….അതിന്റെ കോണില്‍ ഒരുതുള്ളി നീര്ക്കണം  ഉരുണ്ടു നില്‍ക്കുന്നു. ഇടക്കിടെ ചുണ്ടുകള്‍ വിടരുകയും, കൂമ്പി അടയുകയും ചെയ്തുകൊണ്ടിരുന്നു. ഓര്‍മ്മകള്‍ക്ക് അവധിയേകി തളര്‍ന്നുകിടക്കുന്ന അമ്മയുടെ നെഞ്ചിന്‍ കൂട്ടില്‍  ചെറുപ്രാവുകള്‍ കുറുകി. ശ്വാസകോശം വികസിക്കുകയും, ചുരുങ്ങുകയും ചെയ്യുന്നത് വളരെ ബദ്ധപ്പെട്ടായിരുന്നു. നെഞ്ച്ചിടിപ്പിന്റെ താളത്തിനൊപ്പം, മെഷീനില്‍ കണക്റ്റ് ചെയ്തിരിക്കുന്ന മോണിട്ടറില്‍, കൂര്‍ത്തും ചിലപ്പോള്‍ നേര്‍ത്തും അടയാങ്ങള്‍ തെളിഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. നിത്യനിദ്രയുടെ വാതായനങ്ങള്‍ തുറക്കുന്ന നാദം പോലെ, യന്ത്രത്തില്‍നിന്നും ചില നേര്‍ത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
അമ്മക്കു കാവല്‍നില്‍ക്കുന്നവരുടെ അക്ഷമ, വാക്കുകളുടെയും ശബ്ദങ്ങളുടെയും രൂപത്തില്‍ പുരത്തുവന്നുകൊണ്ടിരുന്നു.
“അവന്‍ ഇനിയും എത്തിയില്ലെ?”“
“ആരോടും യാത്രപറയാതെ, ഒരു രാത്രിയില്‍ വീടുവിട്ടിറങ്ങിപ്പോയവനാണവന്‍….. അവനരോടു ബാധ്യത..?”
“അവന്‍ വരുമെന്നു പറഞ്ഞതുകൊണ്ടല്ലെ, ഈ പങ്കപ്പാടെല്ലാം…?”
അവരുടെ വാക്കുകളോ, അക്ഷമയോ ശ്രധ്ധിക്കാതെ, മാലാഖക്കു തുല്യരായ നഴ്സുമാര്‍ ഇടക്കിടെ വരുകയും, അമ്മയുടെ, കൈത്തണ്ടയില്‍ പിടിച്ച്, ജീവന്റെ തുടിപ്പുകള്‍ പരിശോധിക്കുകയും, മോണിട്ടറില്‍ മിന്നിക്കൊണ്ടിരിക്കുന്ന വരകളില്‍ സ്നേഹത്തോടെ നോക്കുകയും ചെയ്തുകൊണ്ടിരുന്നു. അവരുടെ മുഖവും ഭാവവും, അപൂര്‍ണ്ണതയുടെ നിഴലില്‍ മങ്ങുന്നതുപോലെ തോന്നിച്ചു.
“സിസ്റ്റര്‍, എന്തുപറയുന്നു…?” എത്രയും വേണ്ടപ്പെട്ടിവരിലാരൊ ഒരാളാകണം, ആ ചോദ്യം ചോദിച്ചത്.
“രണ്ടുമണിക്കൂറുകള്‍ കൂടി നമുക്കുണ്ട്…… നിങ്ങള്‍ കാത്തിരിക്കുന്നവന്‍, അതിനുമുന്‍പെത്താതിരിക്കില്ല…..” സംയമനത്തോടെ മറുപടിപറയുകയും, ഒരു മന്ദസ്മിതം പൊഴിക്കുകയും ചെയ്തിട്ട്, അവര്‍, സ്വന്തം ക്യാബിനുള്ളിലേക്കു നടന്നു പോയി. ചോദ്യംചോദിച്ച മാന്യദേഹമാകട്ടെ, അമ്മയെ നോക്കി ആത്മാര്‍ത്ഥതയോടെ ഒരിറ്റ് കണ്ണീര്‍ പൊഴിക്കുകയും, അവ്യക്തമായി കാണുന്ന മുഖത്തുനോക്കി ഏങ്ങലടിക്കുകയും ചെയ്തു.
പെട്ടെന്ന്, കൂട്ടിരുപ്പുകാരില്‍ ഒരുവന്റെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തു. ആകാംക്ഷയുടെ കണ്ണുകളും കാതുകളും, ആ മൊബൈല്ഫോണിന്റെ നേരെ തിരിഞ്ഞു……
“അവനാണോ……..?”
“അറിയില്ല….എന്തൊക്കെയോ ഇരമ്പം മാത്രമെ കേള്‍ക്കുന്നുള്ളു…..”
“അപ്പോള്‍ അവന്‍ തന്നെയയിരിക്കും…… എയര്‍പോര്‍ട്ടില്‍ എത്തിക്കാണും…..?”
“അതെ…അവന്‍ തന്നെ…..” ഫോണില്‍ സംസാരിക്കുന്നവന്റെ മറുപടി വന്നാപ്പോഴേക്കും, ദീര്‍ഘനിശ്വാസങ്ങളുടെ ഒരു മാറ്റൊലി, ആ ചെറിയ മുറിക്കുവെളിയില്‍ മുഴങ്ങി.
“ഒരു മണിക്കൂറിനകം അവന്‍ എത്തും…അപ്പോഴേക്കും വേണ്ടതെല്ലാം ചെയ്യണം….” അമ്മയുടെ ഉറ്റവന്‍ അവിടെ കൂടിനിന്നവരോടായി പറഞ്ഞു.
“ഓ, അതെല്ലാം തയ്യാറാണ്‍…..” മറുപടി.
വലിയ ഒച്ചപ്പാടുകളില്ലാതെ, കുറച്ചുസമയം ഒഴുകിപ്പോയി.
“അവന്‍ എത്തി…..”  ആരോ പറഞ്ഞു.
വേദന കടിച്ചമര്‍ത്തിയ ചുണ്ടുകളോടെ, അവര്‍ കാത്തുനിന്നവന്‍ വന്നു……… ചില്ലുവാതിലുകള്‍ അവനായി തുറന്നു. ശീതളിമയില്‍, തലചായ്ച്ചുറങ്ങുന്ന അമ്മയുടെ ഏക മകന്‍... അവന്‍ അമ്മയുടെ കാലില്‍തൊട്ടുവന്ദിച്ചു….. കുറച്ചുസമയം നിശബ്ദനായിനിന്നു….. ആ നിമിഷങ്ങളില്‍ ഒരുപക്ഷെ, വിധികാത്തുകഴിയുന്ന അമ്മയെ തൊട്ടുള്ള ഓര്‍മ്മ്കള്‍, ആ മകന്റെ മനസ്സിലൂടെ കടന്നു പോയിരിക്കാം.
“അമ്മേ……” അറിയാതെ, അവന്റെ ഓര്‍മ്മകളുടെ ഉറവിടം പൊട്ടി.
ഏതാനും നിമിഷങ്ങള്‍…… ഡോക്റ്റരും, മാലാഖക്കുട്ടിയും ശ്വാസം നിലച്ചുനില്‍ക്കുന്ന ആ ചെറിയ മുറിക്കുള്ളിലേക്കു കടന്നു വന്നു. ഡോക്റ്റര്‍, തേങ്ങിക്കൊണ്ടിരിക്കുന്ന, മകന്റെ തോളില്‍ പതിയെ തട്ടി. എന്നിട്ട് ഒന്നും പറയാതെ പുറത്തേക്കു പോകുകയും ചെയ്തു.
“ഓക്സിജന്‍ സിലിണ്ടര്‍ ഇനി മാറ്റിവെക്കേണ്ടതില്ല….”
പയ്യെ പയ്യെ സമയം കടന്നുപോകവെ, മോണിട്ടറിലെ അടയാളങ്ങള്‍ കൂടുതല്‍ നേര്‍ത്തുവന്നു…. അത് ഒരു നീണ്ട രേഖ മാത്രമായി……. അമ്മയുടെ നെഞ്ചിലെ കുറുകിക്കൊണ്ടിരുന്ന പ്രാവുകള്‍ പുതിയൊരു ലക്ഷ്യം തേടി പറന്നുപോയി…….പകുതി വിടര്‍ന്ന ചുണ്ടുകള്‍ ഒരു മന്ദസ്മേരം അവശേഷിപ്പിച്ച് നിശ്ചലമായി….
പറന്നുവന്ന മാലാഖക്കുട്ടി, ശാന്തമായുറങ്ങുന്ന അമ്മയുടെ മുഖത്തുനിന്നും, ബാഗ് വാല് വ് മാസ്ക്, വ്യഥയോടെ, പതുക്കെ വിടുവിച്ചു.
-ഹരി നായര്‍ (19-06-2012)


No comments: