Saturday, July 07, 2012

മെയ് ഫ്ലവര്‍ (കൊച്ചുകഥ)



മെയ് ഫ്ലവര്‍           (ഗദ്യകവിത)
ഇത്ര കാലം നീ എവിടെയായിരുന്നു?
മഴപ്പക്ഷികള്‍ കൂകി വിളിച്ചു മറഞ്ഞു പോയിട്ടും, വിഷുപ്പക്ഷികള്‍ വിരുന്നുവന്നിട്ടും, നിന്നെ കണ്ടില്ലെല്ലോ? മാവിലക്കുരുന്നുകള്‍ പൊഴിഞ്ഞു വീണ മണല്‍ത്തുരുത്തുകളിലൊന്നും, വേനലവധിക്കു കുട്ടിക്കുരുന്നുകള്‍ പദംവെച്ചും, കുസൃതികാട്ടിയും നടന്ന വഴിത്താരകളിലെങ്ങും നിന്നെ കണ്ടില്ലെല്ലോ ? മാമ്പഴക്കാലമായിട്ടും നിന്നെ കണ്ടില്ല. വേനല്‍പ്പകലിലെ കൊടുംചൂടിലൊന്നില്‍ ഒരു സൂചിമുനപോലെ നീ നില്‍ക്കുന്നത് കണ്ടു. പകലിലേക്ക് കണ്ണു ചിമ്മിത്തുറന്ന ഒരു പ്രഭാതത്തില്‍, നിന്റെ സൂചിമുനകള്‍ക്കു മുകളില്‍, ഒരു ചെന്നിറം പടരുന്നതു കാണാന്‍ കഴിഞ്ഞു. പിന്നാലെ അടര്‍ന്നുവീണ മഴത്തുള്ളികള്‍ക്കൊപ്പം, നീ നിന്റെ കേസരങ്ങളൊന്നൊന്നായി വിരിച്ചുവല്ലോ. വിടര്‍ന്നുവന്ന കേസരങ്ങളുടെ മുനത്തുമ്പുകളില്‍ നീ മഞ്ഞപ്പൂമ്പൊടി വിതറിയിട്ടു. പിന്നെയും പച്ചനിറത്തില്‍ ഇലപ്പൊട്ടുകള്‍ വളര്‍ന്നുവരാന്‍ ദിവസങ്ങളെടുത്തത് എന്തുകൊണ്ടാവാം. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ നീ, എത്ര സുന്ദരിയായി മാറിയിരുന്നു…!
ഹാ, കഷ്ടം, നിന്റെ ആയുസ്സിന്റെ നീളം ഇത്രമാത്രമായിരുന്നുവോ?
ഞങ്ങള്‍ കണ്ടു കൊതിതീരും മുമ്പെ, നീ തന്നെ, ഈ ലോക സൌന്ദര്യം ആസ്വദിച്ചുതീരും മുമ്പെ, തിരിച്ചുപോയിക്കളഞ്ഞില്ലേ. ഓര്‍മ്മ ചിമിഴുപോലെ, പുനര്‍ജ്ജന്മത്തിനൊരു നിയോഗം പോലെ, മണ്ണിനടിയില്‍ എന്തോ അവശേഷിപ്പിച്ച്, നീ മടങ്ങിപ്പോയില്ലേ? ഇനിയൊരോണക്കാലവും, ഒരു വിഷുക്കാലവും ഞങ്ങള്‍ നിനക്കായി കാത്തിരിക്കും…. നീ വരുമെല്ലോ, നിനക്കു വരാതിനിര്‍ക്കാനാകുകയില്ലെല്ലോ…..
-ഹരി നായര്‍  (22-05-2012)

No comments: