Monday, July 23, 2012

ഒരുക്കം (കഥ)


ഒരുക്കം         (കഥ)
എന്റെ ഓര്‍മ്മകളുടെയും വേദനകളുടെയും നാളുകള്‍ അവസാനിക്കുകയാണ്‍.
ഇനി ഒരു രാത്രി കൂടി.
ആരുമറിയാതെ, ആരെയുമറിയാതെ, ഈ ഇരുണ്ട മുറിക്കുള്ളില്‍ എത്ര രാവുകളും പകലുകളും കടന്നുപോയെന്നറിയില്ല. പത്തടിയോളം മാത്രം വരുന്ന ഈ കുടുസ്സുമുറിയില്‍, ഏകനായിരിക്കുമ്പോള്‍, എത്രയെത്ര ഓര്‍മ്മകളും, സ്വപ്നങ്ങളും ഓടിമറഞ്ഞുവെന്നുമെനിക്കറിയില്ല. ഒന്നുമാത്രമറിയാം. ഏഴോളം വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുവാന്‍ ഇനി വിരലില്‍ എണ്ണിത്തീര്‍ക്കാവുന്ന മണിക്കൂറുകള്‍ മാത്രം. ജയില്‍ ഡോക്ടറുടെ സാന്നിദ്ധ്യത്തില്‍, അളവും തൂക്കവും എടുത്തു കഴിഞ്ഞിരിക്കുന്നു. ഞാന്‍ അരോഗദൃഢഗാത്രനെന്ന് അദ്ദേഹം സര്‍ടിഫിക്കറ്റ് നല്‍കിക്കഴിഞ്ഞിരിക്കുന്നു. വൈകുന്നേരം ആരോ വന്ന് എന്റെ ചില ആഗ്രഹങ്ങള്‍, കുറിച്ചെടുത്തുപോയിരിക്കുന്നു. ഏതൊക്കെയൊ കടലാസ്സുകളില്‍ ഒപ്പിടുവിച്ചിരിക്കുന്നു. എന്റെ യാത്രക്കുവേണ്ടതെല്ലാം തയ്യാറായിരിക്കുന്നു. അതില്‍ എന്തൊക്കെയാണ്‍ എഴുതിയിട്ടുള്ളതെന്ന്. ഇനി എന്നെ സംബന്ധിച്ചിടത്തോളം ഓര്‍മ്മകളില്‍ സൂക്ഷിക്കേണ്ട ആവശ്യമേ ഇല്ല. വളരെക്കുറച്ചു മണിക്കൂറുകള്‍ക്കുശേഷം, അവ ഒരു ഫയല്‍ മാത്രമായി, ഏതെങ്കിലും ഒരു കോണില്‍ തള്ളപ്പെടുവാന്‍ മാത്രമുള്ളതാണ്‍. ഒരു ജീവ ചരിത്രം മുഴുവന്‍, വരും നാളുകളില്‍ പൊടിയും പുഴുക്കളുമരിച്ച്, ഈ ലോകം വെടിയും.
പുറത്തെവിടെയൊ ഒരു മണിയൊച്ച മുഴങ്ങുന്നു. കഴിഞ്ഞ ദിവസംവരെ എന്നോടൊപ്പമുണ്ടായിരുന്ന, ജയില്ജീവിതങ്ങള്‍ക്ക് ഭക്ഷണത്തിനോ, ഉറങ്ങുവാനോ ഉള്ള സമയമായെന്ന മുന്നറിയിപ്പായിരിക്കണമത്. ഇന്ന്, എന്നെ സംബന്ധിച്ചിടത്തോളം, എനിക്കതു ബാധകമല്ല. എനിക്കുള്ള ഭക്ഷണം മറ്റേതൊ കുശിനിയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. എനിക്കുള്ള കിടപ്പിടം പുറത്തൊരുങ്ങിക്കൊണ്ടിരിക്കുന്നു. മറ്റാര്‍ക്കും എത്തിനോക്കാന്‍പോലും അവകാശമില്ലാത്ത എന്റെ ഈ ഇടുങ്ങിയ സാമ്രാജ്യത്തില്‍, ഞാന്‍ തന്നെയാണ്‍ രാജാവും പ്രജയും. ഞാന്‍ തന്നെയാണ്‍ നിയമവും, നിയമപാലകനും. കുറച്ചു മിനിട്ടുകള്‍ക്കുള്ളില്‍ ഞാന്‍ ഇവിടം വിട്ടുപോകുമ്പൊള്‍ എനിക്കു കൂടെക്കൊണ്ടുപോകാനായി ഒന്നുമില്ല. കുറച്ചു ദിവസങ്ങളായി, അക്ഷരങ്ങളോ, ശബ്ദങ്ങള്‍ പോലുമോ, ഈ മുറിക്കുള്ളിലേക്കു കടന്നുവരാന്‍ ധൈര്യം കാണിക്കാറില്ല, അല്ലെങ്കില്‍ അവക്കുപോലും അതിനു അനുവാദമില്ല.
എനിക്കു വേണമെങ്കില്‍ വെറുതെ ഇരിക്കാം. ഓര്‍മ്മകള്‍ അയവിറക്കാം… പക്ഷെ സ്വപ്നങ്ങള്‍ കാണരുത്… അതപകടമാണ്‍. കഴിഞ്ഞ ചില വര്‍ഷങ്ങള്‍കൊണ്ട് ഞാന്‍ സ്വരുക്കൂട്ടിയ എന്റെ ധൈര്യം അപ്പാടെ ചോര്‍ന്നുപോകും…. എന്തിനും തയ്യാറാക്കിയെടുത്ത മനസ്സ്,ചിലപ്പോള്‍ പതറിപ്പോകും….. അതു വേണ്ട. ചിട്ടപ്പെടുത്തിയ മനസ്സുമായി ബലിപ്പുരയിലേക്കു നടന്നു കയറണം, എന്നിട്ടു നിറഞ്ഞ മനസ്സോടെ തന്നെ ബലിയേല്‍ക്കണം. പിന്നീട് എനിക്കാരുമില്ലെന്നറിയാം. നിയമത്തിന്റെ കടലാസ്സു പകര്‍പ്പുകളില്‍, എനിക്ക് എവിടെയെങ്കിലും ഒരു വിശ്രമ സങ്കേതം ഒരുക്കിതരണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ടാവും….. അവിടെ ശാന്തമായ വിശ്രമം.
     എങ്ങിനെയായിരുന്നു, ഞാന്‍ ഈ അറവുശാലയിലേക്കു കയറിവന്നത്.? ഓര്‍മ്മയില്‍ തെളിയുന്നുണ്ട്….. ആ രാത്രിയും…. അന്നത്തെ സംഭവവും. മദ്യമദിരാക്ഷികള്ക്കു കീഴ്പ്പെട്ടുപോയ എന്റെ അച്ഛന്റെ ജഡം ആ രാത്രിയില്‍ ഞാന്‍ മൂര്‍ച്ഛകുറഞ്ഞ കറിക്കത്തിക്കു തോണ്ടി പുറത്തേക്കെറിഞ്ഞു. മദ്യത്തിന്റെ, നീണ്ട നികൃഷ്ടമായ കൈകളില്‍, എന്റെ അമ്മയുടെ ജീവിതം, നേരത്തെ അവസാനിച്ചു കഴിഞ്ഞിരുന്നു. ഒരു രാത്രി, കുറച്ച് ഉറക്ക ഗുളികകളില്‍, അമ്മയുടെ നീണ്ട ഉറക്കം. പിന്നെ കുറെ രാത്രികള്‍ പുലര്‍ന്നു പോയി. ആ നികൃഷ്ടമായ കൈകള്‍തന്നെ, സ്വന്തം മകളെ പുണര്‍ന്നുറങ്ങുവാനാണ്‍ മറ്റൊരു രാത്രിയില്‍ വന്നത്…. യുവരക്തമോടുന്ന എന്റെ സിരകള്‍ക്ക് അതനുവദിക്കനാകുമായിരുന്നില്ല. കറിക്കത്തിക്കു മൂര്‍ച്ഛകൂട്ടുവാന്‍ നേരവുമില്ലായിരുന്നു….. വൈകാതെ, ഞാന്‍ ഇവിടേക്കു പോന്നു…. തികഞ്ഞ സംതൃപ്തിയോടെതന്നെ….. എന്റെ സഹോദരി കൂടുവിട്ടു പോയ കഥ, എന്നെ കാണാന്‍ വന്ന ഒരു സുഹൃത്തില്‍നിന്നാണ്‍ പിന്നീട് ഞാന്‍ അറിഞ്ഞത്…… ആ സംഭവം എനിക്കു യാതൊരു ചാഞ്ചല്യവും ഉണ്ടാക്കിയില്ല….. പാപികളുടെ ലോകത്തുനിന്നും അവള്‍ പറന്നുപോയതില്‍ ആശ്വാസം കൊള്ളുകയായിരുന്നു ഞാന്‍. പിന്നീട് എന്നെ കാണാന്‍ ആരും വന്നില്ല. നിയമത്തിന്റെ നാള്‍വഴികളില്‍, ഞാന്‍ വെറുമൊരു സഞ്ചാരിയായിരുന്നു…… ഒരു കശാപ്പുമൃഗത്തിന്റെ കൂടെപ്പിറപ്പായി നടന്നുകൊണ്ടിരുന്ന ഒരു സഞ്ചാരി മാത്രം.
     “ഇതുപോലെയുള്ളവര്‍, ആരോഗ്യമുള്ള ജനതക്കെന്നുമൊരു ഭീഷണിയായിരിക്കുമെന്നുള്ളതുകൊണ്ട്…..”
ജഡ്ജുമെന്റിലെ തുടര്‍ന്നുള്ള വരികള്‍ കേള്‍ക്കുവാന്‍ താത്പര്യമുണ്ടായില്ല. അതിന്റെ ബാക്കിഭാഗം പൂരിപ്പിക്കുവാന്‍ എനിക്ക് ഇനിയൊരു ദ്വിഭാഷിയുടെ ആവശ്യവുമുണ്ടായിരുന്നില്ല.
എന്റെ പുതിയ സുഹൃത്തുക്കള്‍ എത്തിക്കഴിഞ്ഞു. തിളങ്ങുന്ന പാത്രങ്ങളില്‍, എനിക്കിഷ്ടപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങളുമായി, ആചാരങ്ങളുടെ ഭംഗിക്കൊരു കോട്ടവും വരുത്താതെ, അവര്‍ എത്തി. മനോഹരമായ ഒരു ദീപപ്പൊലിമയില്‍ അവര്‍ ആ പാത്രങ്ങള്‍ നിരത്തിവെച്ചു. രാജാവിന്‍ അമൃതേത്തൊരുക്കിവെച്ച്, നിശബ്ദരായി അവര്‍ തിരിച്ചുപോയി. എനിക്കിനി അവരെ കാണേണ്ടതില്ല…. അവര്‍ നിരത്തിവെച്ച എന്റെ പ്രിയപ്പെട്ട ഭക്ഷണം എനിക്കാവ്ശ്യമില്ല. അതങ്ങിനെതന്നെയിരിക്കട്ടെ.
ഇനിയവശേഷിക്കുന്ന നിമിഷങ്ങള്‍, എന്റെ വീടിനും വിളംബത്തും ഒന്നു കറങ്ങി വരാം…. എന്റെ അമ്മയുടെ കുഴിമാടവും, അച്ഛന്റെ, രക്തം ചീറ്റിയ ദേഹവും…… നേര്‍പെങ്ങളുടെ, എന്റെ ഓര്‍മ്മയിലുള്ള ചിരിക്കുന്ന മുഖവും ഒരിക്കല്‍ കൂടി ഒന്നു കണ്ടുവരാം……..
അതിനായി കണ്ണടച്ചിരിക്കെ, ഒരു മൃദുമയക്കം എനിക്കു കൂട്ടു വന്നു.
കുറച്ചുദൂരം എന്നോടൊപ്പം കൈപിടിച്ചു വരാനുള്ള, എന്റെ സഹയാത്രികന്‍, മന്ദമായി എന്നെ മുട്ടിയുണര്‍ത്തി. സ്നേഹാദ്രമായി അയാള്‍ പറഞ്ഞു…..
“നമുക്കു പോകാം..?”
പെട്ടെന്നോര്‍ത്തു…….
“എങ്ങോട്ട്…?’
മൌഢ്യമോര്‍ത്ത് മുഖം കുനിച്ചു…
“ഇനി പോകാന്‍ ഒരിടമെ ഉള്ളു….ഒരേ ഒരിടം…”
സഹയാത്രികന്‍, ദയാവയ്പോടെ നീട്ടിയ കൈകളില്‍, നിഷ്കളങ്കമായി കടന്നു പിടിച്ചു……. മുന്നില്‍ ഇരുമ്പഴികള്‍ ഒരലര്‍ച്ചയോടെ തുറന്നു……. സഹയാത്രികനൊപ്പം വിശാലതയിലേക്കിറങ്ങി……… നടന്നു നടന്ന് ഒരു ഇടനാഴിയിലെ അരണ്ട വെളിച്ചത്തിലൂടെ…… അയാളുടെ കൈകളില്‍ മുറുകെ പിടിച്ചുകൊണ്ട്…. അല്പമകലെ കാണുന്ന ശാന്തിവടികയോളം……. പിന്നെ ഒരുപാടുപേരുടെ സഹയാത്രികനായി…….. ഒത്തിരി ഒത്തിരി ദൂ‍രേക്ക്…..
-  ഹരി നായര്‍    (21-07-2012)

No comments: