Thursday, March 29, 2012

സന്ധ്യയുടെ ചുവപ്പ്


അപ്പ്വോ, ഒരു ചൂട്ടുകറ്റ കൈയ്യിലെടുത്തോളീന്‍…..പുതുമഴ വീണുകെടക്കണ മണ്ണാ….വല്ലെ എഴജന്ത്വുക്കോളും കാണും..
ഊറിവന്ന വിഷാദമൂകമായ പുഞ്ചിരി ഉള്ളിലൊതുക്കി, അപ്പു ഒരു ചൂട്ടുകറ്റ കൈയ്യിലെടുത്തു. അമ്മ നീട്ടിയ മണ്ണെണ്ണവിളക്കില്‍നിന്നും തീ പറ്റിച്ച് മെല്ലെ വീശി അതിനെ കത്തുവാന്‍ വിട്ടു. തീ പിടിച്ചുവരവെ, ചൂട്ടുകറ്റ നീട്ടിപ്പിടിച്ച് അപ്പു സാവധാനം നടന്നു തുടങ്ങി. മുളം തണ്ടുകൊണ്ടു കെട്ടിയുണ്ടാക്കിയ വേലിപ്പടി ശ്രദ്ധയോടെ കവച്ചുകടന്ന് അപ്പു ഊടുവഴിയിലേക്കിറങ്ങി. വഴിയുടെ വശങ്ങളിലെ മരക്കൂട്ടങ്ങളിലെവിടെനിന്നൊക്കെയോ, കൂമനും മണ്ണട്ടയും ഒച്ചവക്കുന്നുണ്ടായിരുന്നു. നീട്ടിവെച്ച കാലുകള്‍ക്കിടയിലൂടെ ഒരു തവള മൂത്രമൊഴിച്ചുകൊണ്ട് പ്രാണരക്ഷാര്‍ത്ഥം ചാടിപ്പോയി.
വെളുത്തപക്ഷത്തില്‍ ദ്വിതീയയോമറ്റോ ആയിരുന്നതിനാല്‍, തേങ്ങാപ്പൂള്‍ കണക്കെയുള്ള ചന്ദ്രക്കല, പടിഞ്ഞാറെ ചക്രവാള ചെരുവില്‍ അസ്തമിക്കാന്‍ തുടങ്ങുകയായിരുന്നു. രക്തത്തുടിപ്പാര്‍ന്ന ചന്ദ്രക്കല, മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ അവ്യക്തമായി കാണാമായിരുന്നു.
അയാള്‍ ഓര്‍ക്കുകയായിരുന്നു
എല്ലാത്തിന്റെയും അവസാനം ഇങ്ങനെ രക്തം തുപ്പി ആയിരിക്കുമൊ….അസ്തമിക്കാന്‍ പോകുന്ന സൂര്യനും, ചന്ദ്രനും അതുകൊണ്ടായിരിക്കുമൊ ഈ ശോണനിറം... കഴിഞ്ഞദിവസം, വടക്കെ കുന്നിലെ തോമാകുട്ടി മരിച്ചപ്പോഴും, അവന്‍ രക്തം തുപ്പിയിരുന്നുവത്രെഅവനു രാജയക്ഷ്മാവയിരുന്നു (ക്ഷയം) അപ്പോള്‍ മരണിത്തിനാകെ, രക്തനിറം തന്നെയെന്നു തോന്നുന്നു…. താന്‍ കാത്തിരിക്കുന്ന മരണത്തിനും അതേ നിറം തന്നെയാകാനാണ്‍ സാധ്യത….. പക്ഷേ അവിടെയൊരു വിവേചനത്വം കാണുന്നുണ്ട്. തന്റെ രക്തത്തിന്റെ ചുവപ്പുനിറം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണെല്ലോ, അപ്പോത്തിക്കിരി പറഞ്ഞത്എന്തോ വായിലൊതുങ്ങാത്ത ഒരു പേരും പറഞ്ഞു. അതെന്താണാവോ….എന്തുമാകട്ടെ…..അദ്ദേഹം പറഞ്ഞ ഒരു കാര്യം തനിക്കു വ്യക്തമായി….. മരുന്നുകൊണ്ടു മാറ്റാവുന്ന കാലം കഴിഞ്ഞിരിക്കുന്നു….. അവശേഷിക്കുന്ന മരുന്നുകള്‍ ഈശ്വരഭജനം…. ഇനി അത്രമാത്രം….
ഈ വിവരം അമ്മയെ അറിയിച്ചിട്ടില്ല…. ഇഴജന്തുക്കളെ സൂക്ഷിക്കണമെന്നുംവെളിച്ചം വീശി പോകണമെന്നും അമ്മ ഉപദേശിക്കുമ്പോള്‍ പാവം തന്റെ അമ്മ അറിയുന്നില്ല, ഇഴജന്തുക്കളേതുമില്ലാത്ത ലോകം തനിക്കായി തുറന്നിട്ടു കഴിഞ്ഞിരിക്കുകയാണെന്ന്. ആഴ്ചയിലൊന്നോ, വല്ലപ്പോളുമോ ഭാര്യയെയും മക്കളേയും കാണനെന്ന വ്യാജേന താന്‍ പോകുന്നത് അകലെ നഗരത്തിലുള്ള അപ്പോത്തിക്കിരിയെ കാണാനാണെന്ന സത്യവും അമ്മക്കറിയില്ല. തന്റെ രോഗം, ഏതൊ മഹാ പകര്‍ചവ്യാധിയെന്നു വ്യാഖ്യാനിച്ച്, മക്കളെ ഒളിപ്പിച്ചുനിര്‍ത്തി, ഉമ്മറത്തുവന്ന അവള്‍ പറഞ്ഞത് ഈ അപകടസ്ഥിതിയില്‍നിന്നും തങ്ങളെ ഒഴിവാക്കൂ എന്നായിരുന്നു. ഒരു പക്ഷെ, അജ്ഞതായാവാം, മക്കളെ ഒന്നു കാണാനും അവള്‍ അനുവദിച്ചില്ല. അവസാനദിവസം, ഒരുനുള്ള് ഉണക്കലരി തന്റെ വായിലിടുവിച്ചോളാമത്രെ….. വേണമെങ്കില്‍ പിണ്ഡവും വൈപ്പിക്കാം….
പിന്നീട് ആ വഴി നടന്നിട്ടില്ല. താനെത്തിപ്പെടുമെന്നുകരുതി, കുട്ടികളുടെ പള്ളിക്കൂടവും അവള്‍ മാറ്റിക്കളഞ്ഞു. വളരെയായി, അവരെയും കാണാന്‍ കഴിയാറില്ല. താന്‍ അകമഴിഞ്ഞു സ്നേഹം വിളംബിക്കൊടുത്ത തന്റെ ഭാര്യയും മക്കളും, അകാരണമായി തന്നെ വെറുക്കുന്നു. തനിക്കാരോടും വെറുപ്പില്ലഇനി സ്നേഹിക്കാനാരുമില്ലാത്തതുകൊണ്ട്, സ്നേഹവുമില്ല. പക്ഷെ അമ്മ, അവര്‍ എന്നും അമ്മ തന്നെയാണ്‍. ഈ കാ‍ര്യങ്ങളൊന്നും അവരെ അറിയിക്കുവാന്‍ പാടില്ല. കാലക്രമത്തില്‍, ഈ വിവരങ്ങളെല്ലാം അവര്‍ അറിയുമ്പോഴേക്കും, താന്‍ അസ്തമിച്ചിട്ടുണ്ടാകുംഅല്പം മുന്‍പുകണ്ട ചന്ദ്രക്കല പോലെ….
കുറച്ചു നാഴികകള്‍ കൂടി ഇനിയും താണ്ടേണ്ടിയിരിക്കുന്നു…. ഈ ദിവസം അദ്ദേഹം തന്നെ കാത്തിരിക്കും…. ആദ്യം അദ്ദേഹത്തെ കാണുവാന്‍ അനുവാദം തനിക്കാണ്‍…. അതിനുശേഷം മറ്റുള്ളവര്‍…. അപ്പോള്‍ അമ്മയേക്കൂടാതെ തന്നെ സ്നേഹിക്കുന്ന ഒരാള്‍കൂടിയുണ്ട്……. അദ്ദേഹം….. തന്റെ വിധിനിശ്ചയിക്കുന്നതും അദ്ദേഹംതന്നെയാണ്‍…. അപ്പോള്‍ താന്‍ അദ്ദേഹത്തിനു വിധേയനാണ്‍
നിശ്ചയപ്പ്രകാരം, ആദ്യം തന്നെതന്നെയാണ്‍ അദ്ദേഹം പരിശോധിച്ചത്….
സ്ഥിരം പരിശോധനകള്‍ക്കുശേഷം, നിശബ്ദനായി കുറച്ചുസമയം അദ്ദേഹം ഇരുന്നു. എന്നിട്ട് സാവകാശം പറഞ്ഞുതുടങ്ങി.
മടക്കയാത്ര നടന്നുവേണ്ട….. ഒരു വാഹനത്തിലായിക്കൊള്ളൂ….. അടുത്ത തവണ ഞാന്‍ അവിടെവന്നു കണ്ടുകൊള്ളാം……  ഇനി മനസ്സിനെ കൂടുതല്‍ വിഷമിപ്പിക്കാതെ മടങ്ങിക്കൊള്ളൂ….”
അദ്ദേഹം പതിവുള്ള മറ്റു യാത്രാമൊഴികളൊന്നും പറഞ്ഞില്ല. അപ്പൂട്ടന്‍ വാതില്‍ തുറന്നു പുറത്തേക്കിറങ്ങുന്നത് വെറുതെ നോക്കിയിരുന്നു.
സൈക്കിള് റിക്ഷയിലെ മടക്കയാത്രയില്‍ അയാള്‍ ഭാര്യാവീടിനു മുന്നിലൂടെ കടന്നുപോയി. പക്ഷെ ആരെയും വെളിയില്‍ കണ്ടില്ല. താന്‍ വീടണയുമ്പോള്‍, സൂര്യാസ്തമയമാവുകയായിരുന്നു….. ചുവന്ന സൂര്യന്‍ തെളിഞ്ഞു നില്‍കുന്ന ആകാശത്തിനു താഴെ വീടിന്റെ പരിസരത്തിനും, വാടി വീണുകിടന്ന പൂക്കള്‍ക്കും ചുവപ്പുനിറമായിരുന്നു….. ചുവന്ന സന്ധ്യയിലൂടെ നടന്നുചെന്ന് താന്‍ ഉമ്മറവാതില്‍ തുറക്കുമ്പോള്‍, നിലവിളക്ക് എരിഞ്ഞു നിന്നിരുന്നു…… ചുവന്ന ദീപനാളങ്ങള്‍…… അതിനുമുന്‍പില്‍ താന്‍ ധ്യാനനിമഗ്നനായി നില്‍ക്കവെ, ചുവന്നു തീരുന്ന സന്ധ്യയിലൂടെ, തന്റെ ഭാര്യയും മക്കളും, ഒപ്പം താന്‍ രാവിലെ കണ്ടുമടങ്ങിയ തന്റെ അപ്പോത്തിക്കിരിയും ഉമ്മറത്തേക്കു കയറിവരുന്നുണ്ടായിരുന്നു.
-ഹരി നായര്‍                                                          19-03-2012

No comments: