Friday, February 08, 2013

അടഞ്ഞ ജാലകം തുറക്കുമ്പോള്... (ചെറുകഥ)



അടഞ്ഞ ജാലകം തുറക്കുമ്പോള്...                   (ചെറുകഥ)
(ഈ കഥയില് പ്രതിപാദിക്കുന്ന ആചാരങ്ങള് ഒരു വിഭാഗം ഉത്തരേന്ത്യന് ബ്രാഹ്മണര്ക്കിടയില് ഇപ്പോഴും നിലനില്ക്കുന്നതാണ്. അതിനോട് 100% നീതി പുലര്ത്തിയെന്ന് ഞാന് അവകാശപ്പെടുന്നില്ല. കുറെയേറെ കേട്ടറിവുകളാണ്, ഇതിനാധാരമായിട്ടുള്ളത്. – ഹരി നായര്)
ജീവിതത്തിന്റെ ഓളപ്പരപ്പില് ആരംഭത്തിലെവിടെയെ ഒരു തോണി മറിഞ്ഞു. അതോടെ നഷ്ടപ്പെട്ടത് നീലം ബേട്ടിയുടെ ജീവിതവും, തനിക്കു മിന്നുകിട്ടിയ ഭര്ത്താ‍വും. മധുവിധുക്കാലത്തിന്റെ‍ മാധുര്യം നുണഞ്ഞു തീരും മുമ്പേ കയ്പ്പിന്റെ‍ നീര്ക്കുടം തനിക്കേകി, തന്റെ ഭര്ത്താവു മണ്മറഞ്ഞു. നീലം ബേട്ടിയുടെ ശപ്തജീവിതം അവിടെനിന്നാരംഭിക്കുന്നു. ജഗന് പണ്ഡിറ്റ്, സഹോദരന് ജതിന് പണ്ഡിററ്. ഇരട്ട ജന്മങ്ങള്. ഒരുമിച്ചു കളിച്ച്, ഒരെ പാത്രത്തില്നിന്നും ഭക്ഷണം കഴിച്ച്, ഒരമ്മയുടെ ഇരുകരങ്ങളില് കിടന്നു വളര്ന്ന സഹോദരന്മാര്. സമ്പത്തിന്റെയും, സമൃദ്ധിയുടേയും നിറവില്, പൂജയും ഭജനവും പഠിച്ച്, ഉന്നതിയിലെത്തിയ അവര്, ഒരു മാനസസരോവര് തീര്ത്ഥയാത്രയിലെവിടെവച്ചോ, തങ്ങളോടൊപ്പം യാത്രചെയ്ത കുറച്ചു പേര്ക്കൊപ്പം, സാഗര്‍ മാതാ (എവറെസ്റ്റിന്റെ നേപ്പാളിയിലെ വിളിപ്പേര്) മഞ്ഞിന് താഴ്വാരത്തിലേക്കിറങ്ങി മരവിച്ചുപോയി. അപ്പോള് താഴെ, കടുകിന് പാടങ്ങളില് വിളവെടുപ്പു നടക്കുകയായിരുന്നു. നീലം ബേട്ടിയും ഭര്തൃസഹോദരപത്നി, പൂജാ ബേട്ടിയും, തങ്ങളുടെ വൈധവ്യത്തിന്റെ കയ്പുപാത്രം ആ വിളവെടുപ്പു ഭൂമിയില്‍വച്ചേറ്റുവാങ്ങി. തന്റെ മൂന്നു വയസ്സായ ജസ്വന്ത് ബേട്ടായുമായി പൂജാ ബേട്ടി ഹവേലി(അഗ്രഹാരം) യുടെ, ഈറന്മണക്കുന്ന ഒരു മുറിയുടെ വാതായനങ്ങള് തുറന്ന് അകത്തളത്തിലേക്കിറങ്ങിപ്പോയി. നീലം ബേട്ടി, നിശ്ഛേതചിത്തയായി, ചെമ്പിച്ച, കടുകിന് മണികള്ക്കിടയില് തളര്ന്നു വീണു.
അടുത്ത പ്രഭാതം ഹവേലിയുടെ വിലപിക്കുന്ന മേല്ക്കൂരകള്ക്കു മുകളില് മടിപിടിച്ചുനിന്നു.
മധുവിധുരാവുകളിലെ പ്രേമസല്ലാപങ്ങള്‍ ഒരു സ്വപ്നം മാത്രമായി അവശേഷി്ച്ച സത്യം, ഇനിയും നീലംബേട്ടിയില് അനുരണനങ്ങളുയര്ത്തിയില്ല. ആരോ തുറന്നിട്ട ജാലകപ്പഴുതിലൂടെ, നീലംബേട്ടിയുടെ കണ്ണുകള് പറത്തേക്കു നീണ്ടു. ഒരു ഹവേലിക്കു ചുറ്റും പെട്ടെന്നു കാണുവാന്‍ കന്മതിലുകളല്ലാതെ ഒന്നു മുണ്ടാവില്ലല്ലോ. അപ്പോള്, പ്രധാനവാതിലിനു വെളിയില്നിന്ന് സാസുമാ യുടെ സ്നേഹമൂറുന്ന വിളി കേള്ക്കായി-
ബഹു ബേട്ടി, മേരീ നീലം ബേട്ടീ...
വേച്ചൂ തളര്ന്ന ചുവടുകള്വെച്ച്, നീലം ബേട്ടി മുറിയില്നിന്നും പുറത്തേക്കിറങ്ങി. അപ്പോള്‍ ഉടുവസ്ത്രത്തിന്റെ ആഞ്ചലം ശിരസ്സിലേക്കിടാന് അവള് മറന്നില്ല. പുറത്ത് പ്രായമായവര് ആരൊക്കെയോ ഉണ്ടാകാം. അവരുടെ മുന്പില്, സിരോവസ്ത്രമില്ലാതെ കയറിച്ചല്ലുന്നത് കുലീനകള് അവരുടെ ദാര്ഢ്യം കാണിക്കുന്നതിനു തുല്യമാണ്. വകവയ്പില്ലായ്മയാണ്. അവള് പുറത്തു ചെല്ലുന്പോള്, ചൂരലില് മെനഞ്ഞെടുത്ത ഒരു മുഡ്ഢ (പീഠം) യില് ഒരു നായി (ക്ഷുരകന്) ഇരുന്നിരുന്നു. അയാളുടെ കണ്കളില് അന്നത്തെ ഇരയെ കിട്ടിയതിന്റെ സന്തോഷം സ്ഫുരിച്ചിരുന്നുവെങ്കിലും, നീലം ബേട്ടി അതു കണ്ടില്ല. തന്നെ പുറത്തേക്കു വിളിച്ച അതേ സ്നേഹവായ്പ്പോടെതന്നെ, സാസു മാ അവളുടെ ചില്ലുവളകള് തിളങ്ങുന്ന കൈത്തണ്ടയില് പിടിച്ചു. അതേ സ്നേഹത്തടെതന്നെ, കൈകള് ഒന്നമര്ത്തി. ചില്ലുവളപ്പൊട്ടുകള് കിലുകിലാ ചിലച്ചുകൊണ്ട്, തറയില് ചിതറിവീണു തിളങ്ങി. വേദന കടിച്ചമര്ത്തിനിന്ന നീലംബേട്ടിയുടെ കൈത്തണ്ടകളില്നിന്ന് ചോരപ്പൊട്ടുകള് ഒലിച്ചിറങ്ങി, ഉറഞ്ഞു വീണ കണ്ണീര് തടാകത്തില് ലയിച്ചു. സാസുമാ തന്റെ വലം കൈയ്യുയര്ത്തി, സിന്ദൂര് (മംഗല്യവതികള് അണിയുന്ന കുങ്കുമം) തുടച്ചു നീക്കി. അവര്തന്നെ  അവളെ നായിയുടെ മുന്പിലേക്ക് നടത്തി. അയാളുടെ കൈകളില് ഇരുന്നു ചിലന്പിച്ച കൈച്ചി (കത്രിക) അവളുടെ മുടിനാരിഴകള് ഒന്നൊന്നായി അരിഞ്ഞിട്ടു.
നീലം ബേട്ടീ, ഹമേ ദുഖ് ഹൈം.....  (മകളേ എനിക്കു ദുഖമുണ്ട്) അന്ത്യവിധിക്കുമുന്പുള്ള നായിയുടെ ദു:ഖം പങ്കുവെയ്ക്കലായിരുന്നു.
പാപോം കീ ഫൈസലാ. യഹീം ഖദം ഹോ ജായ്....  (ചെയ്ത പാപങ്ങളുടെ ഫലം ഇവിടെ അവസാനിക്കട്ടെ)
അരിഞ്ഞിട്ട മുടി നാരിഴകളില് നോക്കിക്കൊണ്ട്, നീലം ബേട്ടി, ആത്മ സമര്പ്പണം ചെയ്തു. തന്റെ കഴുത്തില് കിടന്ന താലിമാല, അതിനേപ്പോലും നൊമ്പരപ്പെടുത്താതെ ഊരിയെടുത്ത്, സാസുമായുടെ കൈകളില് സമര്പ്പിച്ചു. പിന്നീട്, പൊട്ടിയൊഴുകന്ന നിറമിഴികളോടെ ഒരു കുതിപ്പായിരുന്നു. താന് കുറച്ചുകാലം ജതിന് പണ്ഡിറ്റിനൊപ്പം കഴിഞ്ഞ മണിയറയില്, ഇപ്പോള് താന് മാത്രമവശേഷിക്കുന്ന, ഇരുണ്ട മുറിയി്ല്. അതില്നിന്നും, താന് ഇന്നലെവരെ കിടന്ന ചാര്പ്പായി (കട്ടില്) നീക്കം ചെയ്തിരുന്നു. ആ സ്ഥാനത്ത് ഒരു ഛാദറും കംബളവും (വിരിപ്പും പുതപ്പും) മാത്രം. മൂലക്ക്, ഒരു മട്ക (മണ്കൂജ)യില് കുടിക്കുവാനുള്ള വെള്ളം. മിനുക്കുകളില്ലാത്ത, ശുഭ്രവസ്ത്രങ്ങള് അടുക്കി വെച്ചിരിക്കുന്നു. ഡ്രസ്സിംഗ് ടേബിള് പാടെ മാറ്റിയിരിക്കുന്നു.
വിവര്ണ്ണമായ തന്റെ ജീവിതം നിര്ജ്ജീവമായി നീലം ബേട്ടി നോക്കി കണ്ടു.
ചുറ്റുപാടുകളില്നിന്നും ബന്ധു ജനങ്ങളില്നിന്നും അകന്ന്, ഒരു ഏകാന്ത ജീവിതം അന്നാരംഭിച്ചു. ജതിന് പണ്ഡിറ്റിനേക്കുറിച്ചുള്ള ഓര്മ്മകളും അയവിറക്കി, മറ്റാരുടേയും ദയാവായ്പ്പോ, സ്നേഹമശ്രിണമായ സ്പര്ശങ്ങളോ ഇല്ലാതെ, നീലം ബേട്ടി ജീവിച്ചു തുടങ്ങി. കബിര്ദാസിന്റെയും, സൂര്ദാസിന്റെയും (പൌരാണികരായ രണ്ടു ഹിന്ദിഭജനയുടെ രചയിതാക്കള്) ഭക്തിഗാനങ്ങള് മനസ്സിലുരുവിട്ട്, ഒരു ജീവച്ഛവമായി നീലം ബേട്ടി ആ അടഞ്ഞ മുറിക്കുള്ളില് കഴിഞ്ഞുകൂടി. അടിയന്തിരങ്ങളിലോ, ഉത്സവങ്ങളിലോ എല്ലാം അവള്ക്കു സാന്നിദ്ധ്യം നിഷേധിച്ചിരുന്നു. അടുത്ത മുറിയില് മറ്റൊരു ഏകാന്തവാസിയായിയിരുന്ന പൂജാ ദീദിയുമായിട്ടുപോലും, യാതൊരു ബന്ധങ്ങളുമില്ലാതെ എത്രകാലം....
ഇത്രയും കാലത്തിനിടയില്, കടുകിന് പാടങ്ങളിലും, മക്കാ (ചോളം) വയലുകളിലും പലവട്ടം വിളവെടുപ്പു നടന്നു. ഋതുക്കള് മാറിമാറി വന്നു. സാസുമായും, സസുറും (അമ്മായിയമ്മയും, അമ്മായിയപ്പനും) അവരുടെ ജീവിതവഴികള് പൂര്ത്തിയാക്കി, കാലയവനികയില് മറഞ്ഞു. തന്റെയും പൂജാ ദീദിയുടേയും സൂക്ഷിപ്പുകാരനായിരുന്ന, ജസ്വന്ത് ബേട്ടാ വിവാഹിതനാവുകയും, ജീവിതമാതരംഭിക്കുകയും ചെയ്തു. വളരെ കാലങ്ങള് കാത്തുനില്ക്കാതെ, പൂജാ ദീദിയും മണ്മറഞ്ഞു. പിന്നീട് ഉത്തരവാദിത്വങ്ങള് ഏറ്റെടുക്കുവാന് ജസ്വന്ത് ബേട്ടായും കൂട്ടിനുണ്ടായിരുന്നില്ല. അതോടെ ജീവിതത്തിലെന്നും കറുത്തവാവുകള് മാത്രം അവശേഷിപ്പിച്ച്, നീലം ബേട്ടി തന്റെ ഏകാന്തയാത് തുടര്ന്നു.
ഇനിയും തന്റെ ജീവിതം ബാക്കിയായ നീലം ബേട്ടി, ആരെയും പിണക്കാതെതന്നെ സത്സംഗ(ആത്മീയ പ്രഭാഷണങ്ങള്) ങ്ങളിലും, തീര്ത്ഥയാത്രകളിലും പങ്കെടുത്തു. ഒരു സ്വാമിനിക്കു തുല്യമായ ജീവിതം ജീവിച്ചു തീര്ക്കുകയായിരുന്നു. ഋഷികേശിലും, വാരാണസിയിലും, ഗംഗാ തീര്ത്ഥങ്ങളിലും ഈശ്വരാരാധനയുമായി അവര് കാലത്തിനൊപ്പം നടന്നുകൊണ്ടിരുന്നു. ഒടുവില്, താന് പാര്ത്തുവന്ന ഹവേലിയെ അന്യം നിര്ത്തി, നീലം ബേട്ടി, പുറം ലോകത്തേക്കിറങ്ങി. ഒരു നീണ്ട തീര്ത്ഥയാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു, അവര്.
അടുത്ത ഒരു മാനസസരോവര് യാത്രയുടെ തുടക്കമായിരുന്നു. ആദ്യ സംഘത്തില്തന്നെ യാത്രാനുമതിനേടി, നീലം ബേട്ടി, മറ്റു സഹയാത്രികര്ക്കൊപ്പം ഹിമാലത്തിന്റെ വിയര്പ്പു ചാലുകളിലൂടെ കൈലാസത്തിന്റെ തിരുമുടിയിലേക്ക് കയറി. വിയര്ത്തു തളര്ന്ന്, കൈലാസത്തിന്റെ ജടാമുടിയിലും, മാനസസരോവറിന്റെ തീര്ത്ഥക്കുളത്തിലും അവര് കുഴഞ്ഞു വീണു. പിന്നെ മടക്കയാത്ര. അതീവ ഉന്മേഷവതിയായി, നീലം ബേട്ടി ഒഴുകിയൊഴുകി താഴോട്ടിറങ്ങിക്കൊണ്ടിരുന്നു. യാത്രയുടെ മദ്ധ്യത്തിലെവിടെവച്ചോ, നീലം ബേട്ടിയെ ജതിന് പണ്ഡിറ്റിന്റെ ഓര്മ്മകള് വേട്ടയാടി. ഉറഞ്ഞു കൂടിക്കിടക്കുന്ന മഞ്ഞിന് പാളികളില്, ജതിന് പണ്ഡിറ്റിന്റെ സ്പ്നരൂപം ഇടക്കിടെ പുഞ്ചിരിക്കുകയും, പ്രലോഭിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.
അവരുടെ തീര്ത്ഥയാത്രയുടെ അവസാനത്തോടടുക്കവെ, പൂജാ ബേട്ടിയുടെ മനസ്സിന്റെ തന്ത്രികള് വലിഞ്ഞു മുറുകി. അതു മുറുകി മുറുകി,  നിയന്ത്രണങ്ങള്ക്കുമപ്പുറമാകവെ, ജതിന് പണ്ഡിറ്റ് മഞ്ഞു പാളികളിലൂടെ താഴേക്കു താഴേക്കിറങ്ങിപ്പോകുന്നതു നീലം ബേട്ടി കണ്ടു.
ജതിന്, മേരാ..ജതിന്.....
ഒരു സിംഹിയുടെ ആക്രോശം പോലെ അലറിവിളിച്ചുകൊണ്ട്, നീലം ബേട്ടിയും ജതിന്റെ പിന്നാലെ പാഞ്ഞു. തന്റെ ഭര്ത്താവിനൊപ്പം അനശ്വരമായ ജീവിതത്തിലേക്കു കരം നീട്ടിക്കൊണ്ട്, നീലം ബേട്ടി, ഹിമാലയതാഴ്വാരത്തിലേക്ക് ഇറങ്ങിയിറങ്ങി.... ഇറങ്ങിയിറങ്ങി... പോയി.
നരച്ച മഞ്ഞിന്പാളികള്, അവരെ എതിരേറ്റിരിക്കാം.... ഹിമവാന്റെ പിതൃമനസ്സ് അവരെ സാന്ത്വനിപ്പിച്ചിരിക്കാം......ജതിന്റെ മടിയില് നീലം ബീബി, താന് ജീവിച്ചുതീര്ത്ത് ജന്മത്തിന്റെ കഥപറഞ്ഞ്, കണ്ണുകളിലുറ്രുനോക്കി അനശ്വരമായ ജീവിതത്തില് ലയിച്ചു ചേരുകയായിരിക്കാം......  
-ഹരി നായര് (04-11-2012)    

No comments: